തിരുവനന്തപുരം: ഊണും ഉറക്കവും ഇല്ലാതെ ഒരുപുസ്തകം വായിക്കുക എന്നാൽ സാധ്യമാണോ? ദസ്തയേവ്സ്‌കിയെ വായിക്കുമ്പോൾ അങ്ങനെയാണെന്ന് പുസ്തകപ്രണയികൾ പറയും. കുറ്റവും ശിക്ഷയും, കാരമസോവ് സഹോദരന്മാർ, എന്നിങ്ങനെ ആ മഹാനായ എഴുത്തുകാരന്റെ എഴുത്തുലോകത്തിലേക്ക് യാത്ര ചെയ്യുമ്പോൾ ആരുടെയും മനസ് ഒരുസങ്കീർത്തനം പോലെയാവും. പെരുമ്പടവം ശ്രീധരൻ ഇങ്ങനെയാണ് കുറിച്ചത്: ഹൃദയത്തിനു മേൽ ദൈവത്തിന്റെ കൈയൊപ്പുള്ള ആൾ. റഷ്യ കാണാതെ പെരുമ്പടവം ശ്രീധരൻ എഴുതിയതാണ് ഒരുസങ്കീർത്തനം പോലെ എന്ന നോവൽ. നൂറാം പതിപ്പും കഴിഞ്ഞ് ജൈത്രയാത്ര തുടരുന്ന കൃതി. മലയാളിയെ വിസ്മയിപ്പിച്ച പെരുമ്പടവത്തിന്റെ ഈ മാസ്റ്റർപീസ് ഇന്നും വായനക്കാർ തേടിപ്പിടിച്ച് വായിക്കുന്നു. റഷ്യ കാണാതെ പെരുമ്പടവം എഴുതിയ കൃതി സഹൃദയരെ കീഴടക്കിയ ശേഷം എഴുത്തുകാരൻ താൻ ഭാവനയിൽ എഴുതിയ ആ ഭൂമിക തേടി ഒരുയാത്ര പോയി. ആ യാത്ര ഒരുകാഴ്ചയായി മാറി. ദൃശ്യങ്ങളുടെ പെരുക്കത്തിൽ 'ഇൻ റിട്ടേൺ ജസ്റ്റ് എ ബുക്ക് എന്ന ഡോക്യു ഫിക്ഷൻ. ഷൈനി ജേക്കബ് ബെഞ്ചമിൻ സംവിധാനം ചെയ്ത 'ഇൻ റിട്ടേൺ ജസ്റ്റ് എ ബുക്ക്' (പകരം ഒരു പുസ്തകം മാത്രം) എന്ന ഡോക്യു ഫിക്ഷൻ.

പെരുമ്പടവം റഷ്യയിൽ ദസ്തയേവ്സ്‌കി ജീവിച്ച സ്ഥലത്ത് പോകുന്നതും അദ്ദേഹം ഉപയോഗിച്ച വസ്തുക്കളും പോയ സ്ഥലങ്ങളും മറ്റും കാണുന്നതുമാണ് പ്രമേയം. റഷ്യയിൽ ചിത്രീകരിച്ച ഡോക്യു ഫിക്ഷനിൽ റഷ്യനും മലയാളവും ഭാഷകളാകുന്നു. പെരുമ്പടവത്തിനു പുറമേ റഷ്യൻ അഭിനേതാക്കളും ചിത്രത്തിലുണ്ട്. മലയാളികളുടെ പ്രിയപ്പെട്ട എഴുത്തുകാരൻ സക്കറിയയുടേതാണ് തിരക്കഥ. ബേബി മാത്യു സോമതീരമാണ് നിർമ്മാതാവ്. ദേശീയ പുരസ്‌കാരം നേടിയ 'ഇൻ റിട്ടേൺ ജസ്റ്റ് എ ബുക്ക്' പ്രേക്ഷകരിലേക്ക് എത്തി. മെഗാ സ്റ്റാർ മമ്മൂട്ടി ഇന്ന് ചിത്രം റിലീസ് ചെയ്തു. യൂടൂബിൽ ചിത്രം ലഭ്യമാണ്.

കഥാപാത്രങ്ങൾക്കൊപ്പം ഒരുയാത്ര

ദസ്തയേവ്സ്‌കിയുടെയും അന്നയുടെയും ജീവിത പരിസരങ്ങൾ അന്വേഷിച്ചുള്ള പെരുമ്പടവം ശ്രീധരന്റെ യാത്രയാണ് ഈ ഹ്രസ്വചിത്രത്തിന്റെ ഇതിവൃത്തം. ഒരു സങ്കീർത്തനം പോലെ മനോഹരമായ ഒരു ദൃശ്യാനുഭവം. താൻ പകർത്തിയെഴുതിയ കഥാപാത്രങ്ങൾക്കൊപ്പം ആ കഥയുടെ ഭൂമികയിലൂടെ എഴുത്തുകാരൻ നടത്തുന്ന യാത്രയാണിത്. എറണാകുളത്തെ പെരുമ്പടവത്ത് നിന്നുള്ള യാത്ര. പ്രിയ കഥാപാത്രവും എഴുത്തുകാരനുമായ ദസ്തയേവ്സ്‌കിയും അന്നയും ഒന്നു ചേരുന്ന യാത്ര.

സങ്കൽപ്പ വായുവിമാനത്തേരിലേറി ഒരു യാത്ര

സക്കറിയ കുറിച്ചത് പോലെ ഈ ഡോക്യുഫിക്ഷൻ റഷ്യ കാണാതെ പെരുമ്പടവം 'ഒരു സങ്കീർത്തനം പോലെ' രചിച്ചതിന് സമാനമായി സങ്കൽപ വായുവിമാനത്തേരിലേറിയ യാത്രയാണ്. കാൽ നൂറ്റാണ്ട് മുൻപ് മനസിൽ ഒരു സെന്റ്പീറ്റേഴ്‌സ്ബർഗ് സങ്കൽപിച്ചാണ് പെരുമ്പടവം ദസ്തയേവ്‌സ്‌കിയുടെയും അന്നയുടെയും കഥയെഴുതിയത്. ആ വലിയ നഗരത്തിന്റെ ഓരോ മുക്കിലും മൂലയിലും ദസ്തയേവ്‌സ്‌കിയുടെ ഓർമകളുമായി കഥാകാരൻ നടന്നു. മനസിൽ കണ്ടെഴുതിയ സെന്റ് പീറ്റേഴ്‌സ്ബർഗ് നേരിൽ കണ്ടതിനെ കുറിച്ച് പെരുമ്പടവം പറയുന്നു.

ഹൃദയത്തിൽ ദൈവത്തിന്റെ കൈയൊപ്പുള്ള ഫയദോറിന്റെ ജീവിതത്തിലെ നിർണായക നിമിഷങ്ങൾക്ക് പെരുമ്പടവം ഈ നഗരത്തിൽ സാക്ഷിയാകുന്ന തരത്തിലാണ് ഡോക്യുഫിക്ഷൻ ഒരുക്കിയിരിക്കുന്നത്. പെരുമ്പടവവും ദസ്തയേവ്സ്‌കിയുമാണ് പ്രധാനകഥാപാത്രങ്ങൾ. ദസ്തയേവ്സ്‌കി അന്നയോട് തന്റെ പ്രണയം തുറന്നു പറയുന്ന രംഗങ്ങൾ വൈകാരികത ഒട്ടും ചോരാതെ തന്നെ ഈ ഹ്രസ്വചിത്രത്തിലും ഇടംനേടി. റഷ്യൻ അഭിനേതാക്കളായ വ്‌ളാഡ്മിർ പോസ്‌നിക്കോവും ഒക്‌സാന കർമിഷിനയുമാണ് ദസ്തയേവ്‌സ്‌കിയുടെയും അന്നയുടെയും വേഷങ്ങളിലെത്തിയത്. ഒടുവിൽ ദസ്തയേവ്സ്‌കിയുടെ സ്മാരകത്തിൽ ഒരുകുടന്ന പൂക്കൾ സമർപ്പിച്ച് എഴുത്തുകാരൻ വിടപറയുകയാണ്. നേവാ നദിക്കരയിൽ ദസ്തയേവ്‌സ്‌കിക്കും അന്നയ്ക്കും ഒപ്പം ഈ മഹാനഗരത്തിനും അവർ സമ്മാനിച്ച അനുഭവങ്ങൾക്ക് പകരം അവരുടെ കഥയെഴുതിയ പുസ്തകം സമ്മാനിച്ചുകൊണ്ട്.

ഒരു സങ്കീർത്തനം പോലെയും, ഇൻ റിട്ടേൺ ജസ്റ്റ് എ ബുക്കും

ദസ്തയേവ്സ്‌കിയുടെ 'ചൂതാട്ടക്കാരൻ' എന്ന നോവൽ പകർത്തിയെഴുതാൻ അന്ന ഉപജീവനത്തിനായി സ്റ്റെനോയുടെ ജോലി ഏറ്റെടുക്കാനെത്തതും തുടർന്നുള്ള ആത്മസംഘർഷങ്ങളുമാണ് പ്രമേയം. പ്രതിസന്ധിഘട്ടത്തിൽ സമയബന്ധിതമായി നോവൽ പൂർത്തിയാക്കാൻ തുണയാകുന്നു അന്ന. ഹൃദയത്തിനു തീ പിടിച്ചതു പോലെയുള്ള ഒരാളിന്റെ കൂടെ ജോലി ചെയ്യുക പ്രയാസമെന്ന ആദ്യ തോന്നൽ പതിയെ വഴി മാറുന്നു.

അന്ന ജീവിതത്തിൽ ആദ്യമായി ദസ്തയേവ്സ്‌കിയെ കണ്ടുമുട്ടുന്ന നിമിഷം മുതൽ ഒടുവിൽ അവർ അന്യോന്യം ജീവിതം പങ്കുവയ്ക്കാൻ തീരുമാനിക്കുന്ന നാടകീയ മുഹൂർത്തം വരെയുള്ള കാലമാണ് ഒരു സങ്കീർത്തനം പോലെയിൽ അവതരിപ്പിക്കുന്നത്. ദസ്തേവ്സ്‌കിയും അന്നയും തമ്മിലുള്ള പ്രണയത്തിന്റെ നിമിഷങ്ങളിലൂടെ നോവലെഴുത്തിന്റെ 24 വർഷത്തിന് ശേഷം പെരുമ്പടം നടന്നുപോവുകയാണ് ഇൻ റിട്ടേൺ ജസ്റ്റ് എ ബുക്ക്'ൽ. ഇപ്പോൾ മ്യൂസിയമായി പ്രവർത്തിക്കുന്ന ദസ്തയേവ്സ്‌കിയുടെ വീട്, സെന്റ് പീറ്റേഴ്സ് ബർഗ് എന്നിവ കേന്ദ്രീകരിച്ചായിരുന്നു റഷ്യയിലെ ചിത്രീകരണം. ഗോവൻ ചലച്ചിത്ര മേളയടക്കം നിരവധി മേളകളിൽ ചിത്രം കൈയടി നേടി.

ഇൻ റിട്ടേൺ ജസ്റ്റ് എ ബുക്കിനെക്കുറിച്ച് ഷൈനി ജേക്കബ് ബെഞ്ചമിൻ

വർഷം 1866. ഫിയോദറിനും, കേട്ടെഴുത്തുകാരി അന്നക്കും മുൻപിൽ ജീവിതം ഒരു ചോദ്യചിഹ്നമായി മാറിയിരിക്കുന്നു.. അന്നക്ക് 'ദി ഗ്യാംബ്ലർ 'എന്ന നോവൽ പറഞ്ഞു കൊടുക്കുക ആണ് ദസ്തയേവ്സ്‌കി. എത്രയും വേഗം ഒരു നോവൽ എഴുതികൊടുത്തില്ലെങ്കിൽ അന്നുവരെ എഴുതിയ എല്ലാ പുസ്തകങ്ങളുടെയും അവകാശം അയാൾക്ക് നഷ്ടമാകും. എല്ലാം ബോധ്യമുണ്ടെങ്കിലും ചൂതാട്ടമേശയും പണയം വെക്കലും, മദ്യപാനവും മോഹത്തോടെ അയാളെ പുറത്തേക്ക് പിടിച്ചു വലിച്ചുകൊണ്ടേ ഇരുന്നു. അന്നയാകട്ടെ പ്രണയത്താലും കരുണയാലും ദേഷ്യത്താലും വിവശ ആയിരുന്നു..

വർഷം 2015. ഡയലോഗുകൾ തീർന്നപ്പോ അവർ അഭിനയം നിർത്തി. കട്ട് പറയാനാകാതെ ഞാൻ ഒരു നൂറ്റാണ്ടിനപ്പുറം അന്ന ആയി കോണിപ്പടികൾ അമർത്തി ചവുട്ടി ഇറങ്ങുക ആയിരുന്നു അപ്പോൾ. എനിക്കുറപ്പുണ്ട്, ഫിയോദർ എനിക്ക് പുറകെ വരും. എന്റെ കണ്ണുനീർ കാണാൻ അദ്ദേഹത്തിന് ആവില്ല!.

അലൗകികമായ ഒരു നിമിഷം ആയിരുന്നു അത്. ജനാലക്കപ്പുറം കുതിരകളുടെ കുളമ്പടികൾ, ചൂതാട്ടത്തിന്റെ ഒച്ചകൾ, ചുരുട്ടിന്റെ മണം ..സെന്റ് പീറ്റേഴ്സ് ബർഗിലെ അനേകം ഉന്മാദികൾ പുറത്തെവിടെയോ അവദൂതരെ പോലെ അലഞ്ഞു നടന്നു.