മുഴപ്പിലങ്ങാട്: മിംസ് ആശുപത്രിയുടെ തലതിരിഞ്ഞ പരസ്യത്തിനെതിരെ പ്രതിഷേധവുമായി കാസർകോട്ടെ നാട്ടുകാർ. എസ്.എം.എ ജനിതക രോഗം ബാധിച്ച ഇനാറ മറിയം എന്ന കുട്ടിയുടെ അടിയന്തിര ചികിത്സക്ക് തടസ്സം സൃഷ്ടിക്കുന്ന വിധത്തിലാണ് സ്വകാര്യ ആശുപത്രിയുടെ പരസ്യമെന്നാണ് ആരോപണം. സംഭവത്തിൽ പ്രതിഷേധവുമായി ചാല ആസ്റ്റർ മിംസ് ആശുപത്രിയിലേക്ക് കുട്ടിയുടെ ചികിത്സാ സമിതി മാർച്ച് നടത്തി.

കോവിഡ് നിയന്ത്രണങ്ങളും ശാരീരിക അകലവും പാലിച്ച് ഇരുപത് പേരുടെ സംഘങ്ങളായി നടന്ന മാർച്ചിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തു. അപൂർവ രോഗം ബാധിച്ച ഇനാറയുടെ അടിയന്തിരചികിത്സക്ക് 18 കോടി രൂപ കണ്ടെത്തുന്നതിന് സർവ്വകക്ഷി കമ്മിറ്റി ശ്രമം നടത്തുന്നതിനിടെ കേരളത്തിലെ 36 എസ്.എം.എ രോഗികൾക്ക് തീർത്തും സൗജന്യമായി കോടികൾ വിലവരുന്ന മരുന്ന് നൽകുന്നു എന്ന വാസ്തവവിരുദ്ധമായ വാർത്ത പത്രങ്ങളിൽ നൽകിയതിനാൽ ഇനാറക്ക് വേണ്ടിയുള്ള ധനസമാഹരണ ശ്രമങ്ങൾക്ക് വൻ തിരിച്ചടിയുണ്ടായതായി ചികിൽസാ സമിതി ആരോപിച്ചു.

യഥാർത്ഥത്തിൽ മരുന്നുകമ്പനി ലോകത്തുടനീളമുള്ള മരുന്ന് അപേക്ഷകരുടെ പേരുകൾ നറുക്കിട്ടെടുത്ത് ഓരോ രാജ്യത്തും അപൂർവം ചിലർക്ക് സൗജന്യമായി നൽകുന്ന പദ്ധതിയിലേക്ക് രോഗികളുടെ പേര് രജിസ്റ്റർ ചെയ്യുക മാത്രമാണ് ആശുപത്രി ചെയ്തിട്ടുള്ളത്. ഇക്കാര്യങ്ങൾ വ്യക്തമാക്കി തെറ്റായ വാർത്ത തിരുത്തണമെന്ന ആവശ്യം അംഗീകരിക്കാത്തതിൽ പ്രതിഷേധിച്ചാണ് സമരം.

ആശുപത്രിക്ക് സുശക്തമായ പൊലീസ് കാവൽ ഏർപ്പെടുത്തിയിരുന്നു. ജനറൽ കൺവീനർ പി. ഹമീദ് മാസ്റ്റർ, ട്രഷറർ ഹാഷിം ബപ്പൻ, വൈസ് ചെയർമാന്മാരായ എ.കെ. ഇബ്‌റാഹീം, തറമ്മൽ നിയാസ്, കൺവീനർമാരായ ഹുസീബ് ഉമ്മലിൽ, കെ. ടി. റസാഖ്, എം.കെ. അബൂബക്കർ., എ.പി. ശാഫി തുടങ്ങിയവർ നേതൃത്വം നൽകി.