ഡൽഹി: ഭർത്താവ് ആദായ നികുതി റിട്ടേണിൽ കാണിച്ചിട്ടുള്ള തുക എത്രയെന്നു മാത്രം ഭാര്യയോടു വെളിപ്പെടുത്താൻ ആദായ നികുതി വകുപ്പിന് കേന്ദ്ര വിവരാവകാശ കമ്മിഷന്റെ നിർദ്ദേശം. എന്നാൽ, നികുതി റിട്ടേണിന്റെ പകർപ്പ് നൽകരുതെന്നു കമ്മിഷൻ വ്യക്തമാക്കി.

രാജസ്ഥാനിൽനിന്നുള്ള റഹ്‌മത് ബാനുവിന്റെ അപ്പീലിലാണ് ഇൻഫർമേഷൻ കമ്മിഷണർ നീരജ് കുമാർ ഗുപ്തയുടെ ഉത്തരവ്. കഴിഞ്ഞ ജൂലൈയിലെ ഉത്തരവിൽ, ജീവനാംശ കേസ് നടത്തിപ്പിന് ഭർത്താവിന്റെ 6 വർഷത്തെ വരുമാനം മാത്രം വെളിപ്പെടുത്താവുന്നതാണെന്ന് ഗുപ്ത വ്യക്തമാക്കിയിരുന്നു. ഇപ്പോഴത്തെ ഉത്തരവിൽ, റിട്ടേണിൽ കാണിച്ചിട്ടുള്ള തുക 15 ദിവസത്തിനകം വെളിപ്പെടുത്തണമെന്നാണ് നിർദ്ദേശം.

നികുതി റിട്ടേൺ വ്യക്തിയുടെ രഹസ്യവിവരമാണെന്നും അതു മറ്റൊരാളോടു വെളിപ്പെടുത്താനാവില്ലെന്നുമാണ് ആദായ നികുതി വകുപ്പിന്റെ നിലപാട്. ഇതിനോടു യോജിച്ചാണ് റിട്ടേണിന്റെ പകർപ്പു നൽകരുതെന്നു നിർദേശിച്ചത്.