ന്യൂഡൽഹി: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന കേരളത്തോട് അതിർത്തി പങ്കിടുന്ന ജില്ലകളിൽ വാക്സിനേഷൻ കൂട്ടാൻ നിർദ്ദേശം നൽകി കേന്ദ്ര ആരോഗ്യമന്ത്രാലയം. കർണാടകത്തിനും തമിഴ്‌നാട്ടിനുമാണ് നിർദ്ദേശം നൽകിയത്. ഇരു സംസ്ഥാനങ്ങളിലെ ആരോഗ്യമന്ത്രിമാരുമായി കേന്ദ്ര ആരോഗ്യമന്ത്രി നടത്തിയ ചർച്ചയിലാണു നിർദ്ദേശം നൽകിയത്

കേരളത്തിൽ കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രതിദിനം 30000ലേറെ രോഗികളാണ് റിപ്പോർട്ട് ചെയ്യുന്നത്. ഈ പശ്ചാത്തലത്തിൽ കേരളത്തിൽ നിന്ന് അയൽസംസ്ഥാനങ്ങളിലേക്ക് രോഗം പടരാതിരിക്കാൻ സ്വീകരിക്കേണ്ട മാർഗങ്ങളെ കുറിച്ച് യോഗം വിലയിരുത്തി. കേരളവുമായി അതിർത്തി പങ്കിടുന്ന ജില്ലകളിൽ വാക്സിനേഷൻ കൂട്ടാൻ കേന്ദ്രം തമിഴ്‌നാട്ടിനും കർണാടകയ്ക്കും നിർദ്ദേശം നൽകി.

കേരളത്തിൽ കോവിഡ് വ്യാപനം കുറയാൻ കൂടുതൽ മെച്ചപ്പെട്ട ലോക്ക്ഡൗൺ തന്ത്രങ്ങൾ ആവിഷ്‌കരിക്കണമെന്നും കേന്ദ്രസർക്കാർ നിർദേശിച്ചു. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് രാജ്യത്ത് പ്രതിദിനം ഏറ്റവുമധികം കോവിഡ് കേസുകൾ രജിസ്റ്റർ ചെയ്യുന്ന കേരളം കേന്ദ്രത്തിന്റെ നിർദേശങ്ങൾ പാലിക്കുന്നില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയ ഉദ്യോഗസ്ഥർ കുറ്റപ്പെടുത്തി. ഇതിന്റെ ആഘാതം തങ്ങളെയും ബാധിക്കുമോ എന്ന ആശങ്കയിലാണ് അയൽസംസ്ഥാനങ്ങളെന്നും കേന്ദ്രസർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടിൽ പറയുന്നു.

മൈക്രോ കണ്ടെയ്ന്മെന്റ് സോണുകളുടെ പ്രാധാന്യം വ്യക്തമാക്കിയ ഉദ്യോഗസ്ഥർ, നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കണമെന്നു നിർദേശിച്ചു. ജില്ലാ തലത്തിൽ നടപടികൾ സ്വീകരിച്ചതുകൊണ്ട് കാര്യമില്ല. രോഗബാധയുള്ള പ്രദേശങ്ങൾ കണ്ടെത്തി അവിടെ നിരീക്ഷണം കൂടുതൽ ശക്തമാക്കാൻ ശ്രമിക്കണമെന്നും കേന്ദ്രസർക്കാർ വൃത്തങ്ങൾ സൂചിപ്പിച്ചു.

വീടുകളിൽ കോവിഡ് മുക്തമാകുന്നവർ സുരക്ഷാനിർദേശങ്ങൾ കൃതമായി പാലിക്കുന്നില്ല. അതുകൊണ്ടാണ് വൈറസ് വ്യാപനത്തെ തടയാൻ സാധിക്കാത്തതെന്നും റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു. കണ്ടെയ്ന്മെന്റ് സോണുകളിൽ നിയന്ത്രണങ്ങൾ കൂടുതൽ കടുപ്പിക്കണം. ആളുകളുടെ സഞ്ചാരം നിയന്ത്രിക്കണമെന്നും അവർ നിർദേശിച്ചു.