യുഎൻ: ഐക്യരാഷ്ട്ര സഭ ജനറൽ അസംബ്ലിയിൽ അപ്രസക്തവും ഉത്തരവാദിത്വരഹിതവുമായ കാര്യങ്ങളാണ് പാക്കിസ്ഥാൻ ഉന്നയിക്കുന്നതെന്ന് ഇന്ത്യ.ഐക്യരാഷ്ട്ര പൊതു സഭ ഗൗരവമുള്ള ചർച്ചയ്ക്കുള്ള വേദിയാണെന്നും നിരുത്തരവാദപരമായ ആരോപണങ്ങൾ ഉന്നയിക്കരുതെന്നും ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ടിഎസ് തിരുമൂർത്തി പറഞ്ഞു.

യുഎൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്കു സ്ഥിരാംഗത്വം നൽകുന്നതിനെ എതിർത്ത് പാക്കിസ്ഥാൻ പ്രതിനിധി സംസാരിച്ചിരുന്നു. ഇതിനു മറുപടിയായാണ് തിരുമൂർത്തിയുടെ പരാമർശം. ''പാക് പ്രതിനിധി നടത്തിയ ്അപ്രസക്തവും ഉത്തരവാദിത്വ രഹിതവുമായ കാര്യങ്ങൾക്കു മറുപടി പറഞ്ഞ് ഈ സഭയുടെ സമയം മെനക്കെടുത്തുന്നില്ല. ഇന്ത്യയെക്കുറിച്ചു പരാമർശിക്കുമ്പോഴെല്ലാം അവർ പാവ്ലോവിയൻ സ്വഭാവം പുറത്തെടുക്കുകയാണ്'' -തിരുമൂർത്തി പറഞ്ഞു.

യുഎൻ രക്ഷാസമിതി വികസനത്തെക്കുറിച്ചുള്ള ചർച്ചയ്ക്കിടയിലായിരുന്നു ഇന്ത്യ-പാക് വാക് പോര്. നിലവിൽ യുഎസ്, റഷ്യ, ചൈന, ഫ്രാൻസ്, ബ്രിട്ടൻ എന്നീ സ്ഥിരാംഗങ്ങളാണ് യുഎൻ രക്ഷാസമിതിയിൽ ഉള്ളത്. ഇവയ്ക്കു പ്രമേയങ്ങൾ വീറ്റോ ചെയ്യാനുള്ള അധികാരമുണ്ട്.

പുതിയ ലോകക്രമത്തിന് അനുസരിച്ച് രക്ഷാസമിതി വികസിപ്പിക്കണമെന്ന ആവശ്യം ശക്തമാണ്. ഇന്ത്യയ്ക്കു പുറമേ ബ്രസീൽ, ദക്ഷിണ ആഫ്രിക്ക, ജർമനി, ജപ്പാൻ എന്നീ രാജ്യങ്ങളും സ്ഥിരാംഗത്വത്തിനായുള്ള ശ്രമങ്ങളിൽ മുൻപന്തിയിലുണ്ട്.