മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീം തിരഞ്ഞെടുപ്പിന് മുമ്പ് തങ്ങളുടെ കളിക്കാരെ ഒന്നുകൂടി വിലയിരുത്തണമെന്ന് മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കർ. ഇപ്പോൾ ടീമിലുള്ള താരങ്ങൾ ആക്രമണോത്സുകതയുടെ പര്യായമായ ട്വന്റി 20 ഫോർമാറ്റിന് യോജിച്ചവരാണോ എന്ന് കൃത്യമായി പരിശോധിക്കണമെന്നാണ് മഞ്ജരേക്കർ പറഞ്ഞത്. യുഎഇയിൽ നടക്കുന്ന ട്വന്റി20 ലോകകപ്പ് ടീമിന്റെ ഭാഗമായ മുഹമ്മദ് ഷമിയെ ഉദാഹരണമായി എടുത്തുകാട്ടിയാണ് മഞ്ജരേക്കർ ഇക്കാര്യം പറഞ്ഞത്.

ഇന്ത്യൻ ക്രിക്കറ്റിൽ ഓരോ ഫോർമാറ്റിനും ചേരുന്ന താരങ്ങളെ തരംതിരിക്കേണ്ടതുണ്ട്. ട്വന്റി20 ഫോർമാറ്റിനു ചേരുന്ന താരങ്ങളെ കണ്ടെത്തി ടീമിനൊപ്പം ചേർക്കണമെന്ന് പറഞ്ഞ മഞ്ജരേക്കർ, നിലവിൽ ട്വന്റി20 ടീമിലുള്ള താരങ്ങളിൽ മറ്റു ഫോർമാറ്റുകൾക്കു മാത്രം യോജിച്ചവരെ മാറ്റിനിർത്തണമെന്നും അഭിപ്രായപ്പെട്ടു.

മുഹമ്മദ് ഷമിയെ പേരെടുത്തു പറഞ്ഞായിരുന്നു മഞ്ജരേക്കർ തന്റെ അഭിപ്രായം വ്യക്തമാക്കിയത്. ഇന്ത്യ-സ്‌കോട്ലാന്റ് മത്സരത്തിന് മുന്നോടിയായി ദാഫാ ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്. മുഹമ്മദ് ഷമി ആദ്യ രണ്ട് മത്സരങ്ങളിൽ വിക്കറ്റുകളെടുക്കാൻ ബുദ്ധിമുട്ടിയെന്നും താരത്തിന്റെ എക്കോണമി 9.47 ആണെന്നും അദ്ദേഹം പറഞ്ഞു.

ഷമി ട്വന്റി20ക്കു ചേരുന്ന ബോളറല്ലെന്നാണ് മഞ്ജരേക്കറിന്റെ പരാമർശം. ട്വന്റി20 ലോകകപ്പിൽ ഇതുവരെ നടന്ന ഇന്ത്യയുടെ മൂന്നു മത്സരങ്ങളിലും ഷമി കളിച്ചിരുന്നു. പാക്കിസ്ഥാനും ന്യൂസീലൻഡിനുമെതിരായ മത്സരങ്ങളിൽ നിരാശപ്പെടുത്തിയെങ്കിലും അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിൽ മൂന്നു വിക്കറ്റ് പിഴുത് തിളങ്ങി.

'ട്വന്റി20 ടീമിന്റെ കാര്യത്തിൽ ഇന്ത്യ ചില പുനരാലോചനകൾ നടത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇപ്പോൾ ടീമിലുള്ള ചില താരങ്ങളുടെ കാര്യത്തിൽ തീരുമാനമെടുക്കണം. അവർ ഈ ഫോർമാറ്റിനേക്കാളും മറ്റു ചില ഫോർമാറ്റുകൾക്ക് ചേരുന്നവരാണെങ്കിൽ മാറ്റിനിർത്തണം.' മഞ്ജരേക്കർ ചൂണ്ടിക്കാട്ടി.

'ഈ ഫോർമാറ്റിൽ അത്ര മികച്ച പ്രകടനം കാഴ്ചവയ്ക്കാനായില്ലെങ്കിൽക്കൂടി മറ്റു ഫോർമാറ്റുകളിൽ ടീമിനു കരുത്തു പകരാൻ കഴിയുന്ന ചില താരങ്ങളുണ്ട്. ഉദാഹരണത്തിന് മുഹമ്മദ് ഷമി. ഇന്ത്യൻ ടെസ്റ്റ് ടീമിന് ഷമി എത്രത്തോളം പ്രധാനപ്പെട്ട താരമാണെന്ന് നമുക്കറിയാം. പക്ഷേ, ട്വന്റി20യിൽ കഴിഞ്ഞ ദിവസം ഞാൻ നോക്കുമ്പോൾ ഷമിയുെട ശരാശരി ഒൻപതു റൺസിന് അടുത്താണ്. അദ്ദേഹം അഫ്ഗാനിസ്ഥാനെതിരെ മികച്ച രീതിയിൽ പന്തെറിഞ്ഞു എന്നത് ശരിതന്നെ. പക്ഷേ, ട്വന്റി20യിൽ ഷമിയേക്കാൾ മികച്ച ബോളർമാർ ഇന്ത്യയ്ക്കുണ്ട്' മഞ്ജരേക്കർ പറഞ്ഞു.

ട്വന്റി20 ടീമിനെ തിരഞ്ഞെടുക്കുമ്പോൾ താരങ്ങളുടെ ടെസ്റ്റിലെയും ഏകദിനത്തിലെയും പ്രകടനം പരിഗണിക്കരുതെന്നും മഞ്ജരേക്കർ സിലക്ടർമാരോട് ആവശ്യപ്പെട്ടു.
കളിക്കാരുടെ പേരും പ്രശസ്തിയും നോക്കാതെ വേണം ടീം തെരഞ്ഞെടുക്കാൻ. ടെസ്റ്റിൽ മികച്ച താരമായ രവിചന്ദ്രൻ അശ്വിന്റെ കാര്യത്തിലും ഇന്ത്യ സമാനമായ പിഴവാണ് ആവർത്തിക്കുന്നതെന്ന് മഞ്ജരേക്കർ ചൂണ്ടിക്കാട്ടി.

'സിലക്ടർമാർ പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്. ട്വന്റി20 ടീമിനെ തിരഞ്ഞെടുക്കുമ്പോൾ താരങ്ങളുടെ ടെസ്റ്റിലേയും ഏകദിനത്തിലേയും പ്രകടനം നോക്കരുത്. രവിചന്ദ്രൻ അശ്വിൻ, മുഹമ്മദ് ഷമി എന്നിവരുടെ കാര്യത്തിൽ നമുക്കു പാളിച്ച വരാൻ കാരണം അതാണ്' മഞ്ജരേക്കർ പറഞ്ഞു.