ലണ്ടൻ: കൊറോണയുടെ ഇന്ത്യൻ വകഭേദം ബ്രിട്ടനിൽ പടരാൻ തുടങ്ങിയപ്പോൾ ഒരുപക്ഷെ ഇതിന് വാക്സിന്റെ ശക്തിയെ അതിജീവിക്കുവാൻ കെല്പുണ്ടെന്ന ആശങ്ക ഉയർന്നിരുന്നു. എന്നാൽ, ഇത് തികച്ചും അസ്ഥാനത്താണെന്നാണ് പുതിയ പഠനങ്ങൾ തെളിയിക്കുന്നത്. നിലവിലുള്ള അസ്ട്രസെനെക വാക്സിന് കൊറോണയുടെ ഇന്ത്യൻ വകഭേദത്തെ തടയാൻ കഴിയും എന്ന പുതിയ റിപ്പോർട്ടുകൾ പുറത്തുവരുന്നു. ഡൽഹിയിലെ കെയർ ഹോമിലെ 33 ജീവനക്കാർക്ക് ഈ വാക്സിൻ നൽകിയതിനു ശേഷവും കോവിഡ് ബാധ ഉണ്ടായെങ്കിലും ആർക്കും രോഗം ഗുരുതരമായില്ല.

ബ്രിട്ടനിലെ രണ്ടാം വരവിൽ രോഗബാധിതരായ 13 പേരിൽ ഒരാൾ വീതം രോഗം ഗുരുതരമായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു എന്നതോർക്കണം. വാക്സിൻ എടുത്താലും രോഗം ബാധിച്ചേക്കാമെങ്കിലും അത് ഒരിക്കലും ഗുരുതരമായ അവസ്ഥയിലേക്ക് എത്തുകയില്ല എന്നാണ് ഈ പുതിയ പഠനം തെളിയിക്കുന്നത്. ബ്രിട്ടനിൽ ഇന്ത്യൻ വകഭേദം അതിവേഗം പടരുന്നത് ആശങ്കയ്ക്ക് വഴിയൊരുക്കുന്നു എന്ന് ഇന്നലെ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞിരുന്നു. രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ രോഗബാധിതരിൽ ഭൂരിഭാഗം പേരിലും ഈ ഇനത്തിന്റെ സാന്നിദ്ധ്യം കണ്ടെത്തുകയും ചെയ്തിരുന്നു.

ഫൈസറും പറയുന്നത് അവരുടെ വാക്സിനും ഇന്ത്യൻ വകഭേദത്തിനെതിരെ ഫലപ്രദമാണെന്നാണ്. ജനിതകമാറ്റം സംഭവിച്ച എല്ലാ വകഭേദങ്ങൾക്ക് എതിരെയും ഫൈസർ വാക്സിൻ ഫലപ്രദമാണെന്ന് സർക്കാരിന്റെ ശാസ്ത്രീയ ഉപദേശക സമിതി വെളീപ്പെടുത്തുമ്പോഴും യഥാർത്ഥ സാഹചര്യങ്ങളിൽ പഠനം നടത്തിയതിന്റെ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ഏതായാലും ഡൽഹിയിൽ നിന്നുള്ള ഈ പുതിയ പഠന റിപ്പോർട്ട് ബ്രിട്ടന് ഏറെ ആശാസം പകരുന്ന ഒന്നാണ് എന്നതിന് തർക്കമില്ല.

വാക്സിനുകൾ ചെറിയൊരു വിഭാഗം ആളുകളിൽ പ്രവർത്തനക്ഷമമല്ലെന്ന് നേരത്തേ തെളിഞ്ഞിരുന്നു. ഇന്ത്യയിൽ വ്യാപനതോത് വളരെ അധികമായതിനാലാണ് വാക്സിൻ സ്വീകരിച്ചതിനു ശേഷവും രോഗം ബാധിക്കുന്നവരുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടാകുന്നതെന്നാണ് ശാസ്ത്രജ്ഞർ വിലയിരുത്തുന്നത്. ഉദാഹരണത്തിന് വാക്സിൻ പ്രവർത്തനക്ഷമമല്ലാത്തത് 1 ശതമാനം ആളുകളിലാകാം. 1000 പേർ രോഗികളുമായി സമ്പർക്കത്തിൽ വരുമ്പോൾ അതിൽ 100 പേർക്ക് രോഗം പകരാം. അതേസമയം 1 മില്യൺ ആളുകൾ രോഗികളുമായി സമ്പർക്കത്തിൽ വരുമ്പോൾ 10,000 പേർക്കായിരിക്കും രോഗബാധ ഉണ്ടാവുക.

എന്നാൽ, നിലവിലെ സാഹചര്യത്തിൽ വാക്സിനുകളുടെ ഫലക്ഷമത 60 മുതൽ 85 ശതമാനം വരെ മാത്രമാണ്. അതേസമയം 10-ൽ ഒമ്പത് മരണങ്ങൾ വരെ തടയുവാനും ഇതിനു കഴിഞ്ഞിട്ടുണ്ടെന്ന് യഥാർത്ഥ സാഹചര്യങ്ങളെ അടിസ്ഥാനമാക്കിയുള്ള പഠനങ്ങൾ പറയുന്നു. ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം ഇന്നലെ ഇന്ത്യയിൽ 3,48,421 പേർക്കാണ് പുതിയതായി കോവിഡ് സ്ഥിരീകരിച്ചത്. 4,025 മരണങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്.

പ്രാണവായു കിട്ടാതെ ആയിരങ്ങൾ തെരുവരികിലും മറ്റുമായി മരിച്ചുവീണ കഴിഞ്ഞ മൂന്നാഴ്‌ച്ചകളോടെ രണ്ടാംവരവിന്റെ മൂർദ്ധന്യഘട്ടം ഇന്ത്യ മറികടന്നു എന്നാണ് കരുതപ്പെടുന്നത്. എന്നിട്ടുപോലും വാക്സിൻ പരാജയപ്പെട്ട കേസുകൾ വളരെ കുറവാണെന്നാണ് പ്രശസ്ത വൈറോളജിസ്റ്റായ ഷാഹിദ് ജമീൽ പറയുന്നത്. പൊതുവിൽ രോഗവ്യാപനതോത് വളരെ കൂടുതലായതിനാലാണ് വാക്സിൻ എടുത്തതിനു ശേഷവും രോഗം ബാധിക്കുന്നവരുടെ എണ്ണം വർദ്ധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, ഇത്തരക്കാരിൽ അധികവും ലക്ഷണങ്ങൾ പ്രകടമാകാത്ത കോവിഡാണ് ദൃശ്യമാകുന്നത്. ഒരുവേള ലക്ഷണങ്ങൾ പ്രകടമായാൽ തന്നെ രോഗം ഗുരുതരമാകുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.