ന്യൂഡൽഹി: കോവിഡിന്റെ മൂന്നാം തരംഗം ഇന്ത്യയിൽ ഒക്ടോബറിൽ വ്യാപിച്ചേക്കുമെന്ന് വിദഗ്ധരുടെ വിലയിരുത്തൽ. രാജ്യത്ത് കോവിഡ് മഹാമാരി ഒരു വർഷംകൂടി പൊതുജനാരോഗ്യ പ്രശ്നമായി തുടരുമെന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 40 ആരോഗ്യ പരിചരണ വിദഗ്ദ്ധർ, ഡോക്ടർമാർ, ശാസ്ത്രജ്ഞർ, വൈറോളജിസ്റ്റുകൾ, പ്രൊഫസർമാർ എന്നിവരെ ഉദ്ധരിച്ച് റോയിട്ടേഴ്സ് വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്തു. ജൂൺ മൂന്നിനും 17 നുമിടെയാണ് സർവെ നടത്തിയത്.

രണ്ടാം തരംഗത്തെക്കാൾ മികച്ച രീതിയിൽ മൂന്നാം തരംഗത്തെ നേരിടാൻ രാജ്യത്തിന് കഴിയുമെന്നും വിദഗ്ദ്ധർ വാർത്താ ഏജൻസിയോട് പറഞ്ഞു. കൂടുതൽ പേർക്ക് വാക്സിൻ ലഭിക്കുന്നതോടെ മൂന്നാം തരംഗത്തെ കാര്യക്ഷമമായി നിയന്ത്രിക്കാൻ കഴിയുമെന്ന് ഡൽഹി എയിംസ് ഡയറക്ടർ രൺദീപ് ഗുലേറിയ അഭിപ്രായപ്പെട്ടു. രോഗബാധിതരുടെ എണ്ണവും കുറഞ്ഞേക്കും. രോഗപ്രതിരോധ ശേഷിയും മൂന്നാം തരംഗത്തിനിടെ വർധിച്ചേക്കാമെന്നും ഗുലേറിയ അഭിപ്രായപ്പെട്ടു.

മൂന്നാം തരംഗം ഒക്ടോബറിൽ ആയിരിക്കുമെന്ന് 85 ശതമാനം വിദഗ്ധരും പ്രവചിച്ചു. മൂന്നാം തരംഗം ഓഗസ്റ്റിൽ എത്തുമെന്നാണ് മൂന്ന് വിദഗ്ദ്ധർ പ്രവചിച്ചത്. സെപ്റ്റംബറിൽ എത്തുമെന്ന് 12 പേർ അഭിപ്രായപ്പെട്ടു. നവംബറിനും അടുത്തവർഷം ഫെബ്രുവരിക്കും ഇടയിലാവും മൂന്നാം തരംഗം എത്തുകയെന്നും ഒരു വിഭാഗം വിദഗ്ദ്ധർ വിലയിരുത്തി. രണ്ടാം തരംഗത്തെക്കാൾ മികച്ച രീതിയിൽ മൂന്നാം തരംഗത്തെ നിയന്ത്രിക്കാൻ കഴിയുമെന്നാണ് 70 ശതമാനം വിദഗ്ധരും പ്രതീക്ഷ പ്രകടിപ്പിച്ചത്.

ഏപ്രിൽ - മെയ് മാസങ്ങളിലാണ് രണ്ടാം തരംഗം രാജ്യത്ത് ഉച്ചസ്ഥായിയിൽ എത്തിയത്. ഈ സമയത്താണ് രാജ്യത്ത് ഏറ്റവും ഉയർന്ന രോഗബാധയും മരണങ്ങളും റിപ്പോർട്ടു ചെയ്യപ്പെട്ടത്. വാക്സിൻ, ഓക്സിജൻ, മരുന്നുകൾ, ആശുപത്രി കിടക്കകൾ എന്നിവയുടെ ക്ഷാമവും രണ്ടാം തരംഗത്തിനിടെ റിപ്പോർട്ടു ചെയ്യപ്പെട്ടു. അതിനുശേഷമാണ് രാജ്യത്തെ കോവിഡ് വ്യാപനം കുറഞ്ഞു തുടങ്ങിയത്. സംസ്ഥാന സർക്കാരുകൾ ഏർപ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങൾ അടക്കമുള്ളവയാണ് രോഗവ്യാപനം കുറയാൻ ഇടയാക്കിയത്.

അതിനിടെ, മൂന്നാം തരംഗം കുട്ടികളെയും 18 വയസിൽ താഴെയുള്ളവരെയും എത്തരത്തിൽ ബാധിക്കും എന്ന കാര്യത്തിൽ ഭിന്നാഭിപ്രായമാണ് വിദഗ്ദ്ധർ പങ്കുവച്ചതെന്ന് വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്തു. സർവെയിൽ പങ്കെടുത്ത 40 ൽ 26 വിദഗ്ധരും കുട്ടികളിൽ രോഗബാധയ്ക്ക് സാധ്യതയുണ്ടെന്നാണ് അഭിപ്രായപ്പെട്ടത്. 14 പേർ മാത്രമാണ് വ്യത്യസ്ത നിലപാട് സ്വീകരിച്ചത്. കോവിഡ് ഒരു വർഷംകൂടി പൊതുജനാരോഗ്യ പ്രശ്നമായി രാജ്യത്ത് നിലനിൽക്കുമെന്ന് 30 വിദഗ്ധരും പ്രവചിച്ചു.

അതേ സമയം രാജ്യത്ത് കോവിഡ് മൂന്നാം തരംഗമുണ്ടായാൽ നേരിടാൻ എട്ട് നിർദേശങ്ങൾ ആരോഗ്യവിദഗ്ദ്ധർ മുന്നോട്ടുവച്ചു. ആരോഗ്യ സർവീസിലെ വികേന്ദ്രീകരണം ഉറപ്പാക്കണമെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു. ഓരോ ജില്ലകളിലും കോവിഡ് കേസുകളുടെ എണ്ണത്തിൽ വ്യത്യാസമുള്ള സാഹചര്യത്തിൽ ഇത് അനിവാര്യമാണെന്നാണ് ലാൻസെറ്റ് ജേണലിൽ ആരോഗ്യ വിദഗ്ദ്ധർ വ്യക്തമാക്കുന്നത്.

കോവിഡ് മൂലം വരുമാനമാർഗം നഷ്ടപ്പെട്ടവർക്ക് സർക്കാരുകൾ നേരിട്ട് പണം കൈമാറി സഹായമൊരുക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. പ്രതിസന്ധിയിൽ പെട്ടു നട്ടം തിരിയുന്ന സ്ഥാപനങ്ങൾക്ക് ജീവനക്കാരെ നിലനിർത്താൻ കഴിയുന്ന തരത്തിൽ സർക്കാരിന്റെ ഭാഗത്തുനിന്ന് സഹായം ലഭ്യമാക്കണമെന്നും ഇവർ വ്യക്തമാക്കി.

ആംബുലൻസുകൾ, ഓക്സിജൻ, അവശ്യമരുന്ന്, ആശുപത്രി പരിചരണം എന്നിവയുടെ വില നിയന്ത്രിക്കുന്നതിനായി സുതാര്യമായ ദേശീയ വിലനിർണയ നയം സർക്കാർ രൂപീകരിക്കണം. ആശുപത്രി ചെലവുകൾ നിലവിലുള്ള ഇൻഷുറൻസ് പരിരക്ഷയ്ക്കുള്ളിൽ ഒതുങ്ങുന്ന നിലയുണ്ടാകണം.

കോവിഡിനെക്കുറിച്ചുള്ള ശാസ്ത്രീയമായ വിവരങ്ങൾ, കോവിഡ് പരിചരണരീതി സംബന്ധിച്ച രാജ്യന്തര മാർഗനിർദേശങ്ങൾ എന്നിവ ഉൾപ്പെടുത്തി പ്രാദേശിക ഭാഷകളിൽ കൂടുതൽ പ്രചരിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കണം. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സ്വകാര്യമേഖലയിൽനിന്നുൾപ്പെടെ പരമാവധി ആരോഗ്യപ്രവർത്തകരെ രംഗത്തിറക്കണം. ഇവർക്കുള്ള സുരക്ഷാ ഉപകരണങ്ങളും സംവിധാനങ്ങളും മാർഗനിർദേശങ്ങളും കൃത്യമായി നൽകുകയും ചെയ്യണമെന്ന് ആരോഗ്യവിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.

ലഭ്യമായ വാക്സീന്റെ ഫലപ്രദമായ ഉപയോഗം ഉറപ്പാക്കുന്ന തരത്തിൽ സംസ്ഥാന സർക്കാരുകൾ മുൻഗണനാക്രമം നിശ്ചയിക്കണം. ഒരു സാഹചര്യത്തിലും വാക്സീൻ സംബന്ധിച്ച വിപണി മത്സരത്തിനുള്ള അവസരമൊരുക്കരുത്.

സമൂഹത്തിന്റെ താഴേത്തട്ടിൽനിന്നുള്ള സഹകരണമാണ് കോവിഡ് പ്രതിരോധത്തിന്റെ ആണിക്കല്ല്. മുംബൈ ഉൾപ്പെടെയുള്ള നഗരങ്ങളിലെ കോവിഡ് നിയന്ത്രണത്തിന് ഇത് അനിവാര്യമാണ്. ജില്ലാ തലത്തിൽ തയ്യാറെടുപ്പുകൾ നടത്തുന്നതിന് കൃത്യമായ വിവരശേഖരണവും പങ്കുവയ്ക്കലും സർക്കാരുകൾ ഉറപ്പാക്കണമെന്നും ആരോഗ്യവിദഗ്ദ്ധർ ചൂണ്ടിക്കാട്ടി.