ന്യൂഡൽഹി : ഖത്തർ സന്ദർശനത്തിനിടെ കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കർ താലിബാൻ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയെന്ന റിപ്പോർട്ടുകൾ നിഷേധിച്ച് കേന്ദ്രസർക്കാർ. ഇത്തരം പ്രചാരണം തെറ്റാണെന്നും ദുരുദ്ദേശത്തോട് കൂടിയുള്ളതുമാണെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

വിദേശകാര്യ മന്ത്രി താലിബാൻ നേതാക്കളെ കണ്ടുവെന്ന് ചില മാധ്യമപ്രവർത്തകരുടെ ട്വീറ്റുകൾ അടിസ്ഥാനമാക്കിയുള്ള റിപ്പോർട്ടുകളാണ് പുറത്തുവന്നത്.. ഇക്കാര്യം വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ച്ചി നിഷേധിച്ചു.

ദോഹയിൽ ഖത്തർ അധികൃതരുമായി അദ്ദേഹം ചർച്ചകൾ നടത്തിയിരുന്നു. ഇതിനിടെ അദ്ദേഹം താലിബാൻ നേതാക്കളെ കണ്ടുവെന്നാണ് ചില റിപ്പോർട്ടുകൾ പുറത്ത് വന്നത്. ഇന്ത്യയുമായുള്ള ഭാവിയിലെ ബന്ധം പാക്കിസ്ഥാന്റെ ആഗ്രഹത്തെ അടിസ്ഥാനമാക്കിയുള്ളതായിരിക്കില്ലെന്ന് താലിബാൻ വിദേശകാര്യ മന്ത്രിക്ക് ഉറപ്പ് നൽകിയെന്നായിരുന്നു പ്രചരിച്ചിരുന്നത്.