ലണ്ടൻ: ട്രാഫിക് സിഗ്‌നൽ മാതൃകയിൽ രാജ്യങ്ങളെ തരംതിരിക്കുന്നത് സംബന്ധിച്ച് ഇന്നലെ നടന്ന പുനരവലോകനത്തിൽ ഇന്ത്യയടക്കം റെഡ് ലിസ്റ്റിൽ ഉണ്ടായിരുന്ന ചില രാജ്യങ്ങൾ ആംബർ ലിസ്റ്റിലേക്ക് കടന്നുകൂടി. അതേസമയം ആംബർ ലിസ്റ്റിൽ ഉണ്ടായിരുന്ന ചില രാജ്യങ്ങൾ റെഡ് ലിസ്റ്റിലേക്ക് മാറ്റിയത് ആ രാജ്യങ്ങൾ സന്ദർശിക്കുന്ന വിനോദ സഞ്ചാരികളെ പരിഭ്രാന്തരാക്കിയിട്ടുണ്ട്. പുതിയ ലിസ്റ്റ് പ്രാബല്യത്തിൽ വരുന്ന ഞായറാഴ്‌ച്ചയ്ക്ക് മുൻപായി യാത്ര അവസാനിപ്പിച്ച് തിരികെ മടങ്ങാൻ തയ്യാറെടുക്കുകയാണ് ഈ രാജ്യങ്ങളിലെത്തിയ ബ്രിട്ടീഷ് സഞ്ചാരികൾ.

ആസ്ട്രിയ, ജർമ്മനി, ലാറ്റ്‌വിയ, നോർവേ, റൊമാനിയ, സോൾവേനിയ, സോൾവാക്കിയ തുടങ്ങിയ രാജ്യങ്ങൾ ക്വാറന്റിൻ ആവശ്യമില്ലാത്ത ഗ്രീൻ ലിസ്റ്റിലേക്ക് മാറും. വരുന്ന ഞായറാഴ്‌ച്ച മുതൽ ഇത് പ്രാബല്യത്തിൽ വരുന്നതോടെ വേനൽക്കാല വിനോദയാത്രകൾക്ക് ഇത് ഒരു പുതിയ ഉത്തേജനം പകരുമെന്നാണ് കണക്കാക്കുന്നത്. അതേസമയം, റെഡ് ലിസ്റ്റിൽ ഉണ്ടായിരുന്ന ഇന്ത്യ, ബഹ്റിൻ, ഖത്തർ, യു എ ഇ തുടങ്ങിയ രാജ്യങ്ങൾ ആംബർ ലിസ്റ്റിലേക്ക് മാറിയിട്ടുണ്ട്. വരുന്ന ഞായറാഴ്‌ച്ച മുതൽ ഈ രാജ്യങ്ങളിൽ നിന്നും ബ്രിട്ടനിലെത്തുന്ന ബ്രിട്ടീഷ് പൗരന്മാർക്കും റെസിഡന്റ് സ്റ്റാറ്റസ് ഉള്ളവർക്കും ഇനി മുതൽ 10 ദിവസത്തെ നിർബന്ധിത ഹോട്ടൽ ക്വാറന്റൈന് വിധേയരാകേണ്ടതായി വരില്ല.

മെക്സിക്കോ, ജോർജിയ, ലാ റീയൂണിയൻ, മേയോട്ട് തുടങ്ങിയവയാണ് പുതിയതായി റെഡ് ലിസ്റ്റിൽ കയറിപ്പറ്റിയ രാജ്യങ്ങൾ. സ്പെയിൻ റെഡ്ലിസ്റ്റിൽ ഉളോപ്പെട്ടിട്ടില്ലെങ്കിലും അവിടെ നിന്നും മടങ്ങുന്നവർ ലാറ്ററൽ ഫ്ളോ ടെസ്റ്റിനും പകരം പി സി ആർ ടെസ്റ്റ് തന്നെ നടത്തണമെന്ന് നിർഷ്‌കർഷിച്ചത്, സ്പെയിൻ സന്ദർശിച്ചു മടങ്ങുന്നവർക്ക് അധിക ചെലവ് വരുത്തും. വൈറസ് വ്യാപനം ശക്തമായതിന്റെ പശ്ചാത്തലത്തിൽ, രാജ്യത്തെ റെഡ് ലിസ്റ്റിൽ ഉൾപ്പെടുത്താതിരിക്കുന്നതിനുള്ള ബദൽ നിർദ്ദേശമായിട്ടാണ് പി സി ആർ ടെസ്റ്റ് നിർദ്ദേശിക്കുന്നത്.

ഏതായാലും ഇന്ത്യ ആംബർ ലിസ്റ്റിൽ കയറിക്കൂടിയത് മലയാളികൾ ഉൾപ്പടെയുള്ള നിരവധി ഇന്ത്യാക്കാർക്ക് അനുഗ്രഹമായി മാറിയിരിക്കുകയാണ്. പ്രത്യേകിച്ച് ഓഗസ്റ്റ് 12 മുതൽ ഹോട്ടൽ ക്വാറന്റൈൻ ചെലവ് 1750 പൗണ്ടിൽ നിന്നും 2285 പൗണ്ടായി ഉയർത്താനിരിക്കെ, ഈ മാറ്റം ഇന്ത്യാക്കാർക്ക് കനത്ത ചെലവ് ഒഴിവാക്കുക തന്നെയാണ്. ഹോട്ടൽ ക്വാറന്റൈൻ ഒഴിവായി കിട്ടി എന്നതുമാത്രമല്ല, ബ്രിട്ടനിൽ നിന്നും കോവിഡ് വാക്സിന്റെ രണ്ടു ഡോസുകൾ സ്വീകരിച്ചവരാണെങ്കിൽ ഹോം ക്വാറന്റൈനും ആവശ്യമായി വരില്ല.

ഓഗസ്റ്റ് 12 മുതൽ ഹോട്ടൽ ക്വാറന്റൈൻ നിരക്കുകൾ ഉയർത്തുകയാണ് ഒരു വ്യക്തിക്ക് 2285 പൗണ്ടായിരിക്കും നിരക്ക്. അധികമുള്ള ഓരോ വ്യക്തികൾക്കും നേരത്തെ 650 പൗണ്ടായിരുന്നു എങ്കിൽ ഓഗസ്റ്റ് 12 മുതൽ അത് 1,430 പൗണ്ടാക്കി ഉയർത്തിയിട്ടുണ്ട്. 12 വയസ്സിനു മുകളിൽ ഉള്ളവർക്കെല്ലാം ഈ നിരക്ക് ബാധകമാണ്. അഞ്ചു വയസ്സു മുതൽ 12 വയസ്സുവരെയുള്ളവർക്ക് 325 പൗണ്ടാണ് ഈടാക്കുന്നത്. അഞ്ചു വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സൗജന്യമാണ് ഹോട്ടൽ ക്വാറന്റൈൻ. അതായത്, ഇന്ത്യയിൽ നിന്നെത്തുന്ന രണ്ടു മക്കളുള്ള ഒരു കുടുംബത്തിന് ആയിരക്കണക്കിന് പൗണ്ടാണ് ഈ പുതിയ നയമാറ്റം വഴി ലാഭം ലഭിച്ചിരിക്കുന്നത്.

ട്രാവൽ മേഖലയ്ക്ക് തീർച്ചയായും ഇതൊരു അനുഗ്രഹമായി മാറിയിരിക്കുകയാണ്. ക്വാറന്റൈൻ ഭയന്ന് വിദേശയാത്രകൾ ഒഴിവാക്കിയ പലരും ഇനി ധൈര്യ സമേതം മുന്നോട്ട് വരുമെന്നാണ് ഈ മേഖലയിലുള്ളവരുടെ പ്രതീക്ഷ. അതുപോലെ നാട്ടിൽ എത്തി, ഇന്ത്യ റെഡ് ലിസ്റ്റിൽ ഉൾപ്പെട്ടതോടെ തിരിച്ചു പോകാൻ കഴിയാത്ത ഒരുപാട് ഇന്ത്യാക്കാർക്കും ഇത് ഒരു അനുഗ്രഹമാണ്. തിരികെയെത്തുമ്പോൾ 10 ദിവസത്തെ ഹോട്ടൽ ക്വാറന്റൈൻ എന്നത് തീർച്ചയായും ഒരു പേടിസ്വപ്നം തന്നെയായിരുന്നു, പ്രത്യേകിച്ച് ഇന്ത്യൻ വിദ്യാർത്ഥികൾക്ക്.

ഹോട്ടൽ ക്വാറന്റൈന് പണം മുടക്കുക എന്നത് മിക്ക വിദ്യാർത്ഥികളെ സംബന്ധിച്ചും അത്ര പ്രായോഗികമായ കാര്യമല്ലായിരുന്നു. ഏകദേശം രണ്ടു ലക്ഷത്തോളം രൂപയായിരുന്നു ഈ ഇനത്തിൽ അവർ കൂടുതലായി ചെലവഴിക്കേണ്ടതായി വന്നിരുന്നത്. അതുകൊണ്ടുതന്നെ പലരുടെയും യാത്രകൾ മുടങ്ങിപ്പോയതായി നേരത്തേ ഞങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇനി അവർക്കൊക്കെ തിരികെ വരാം. പണം മാത്രമല്ല, വാക്സിന്റെ രണ്ടു ഡോസുകളും എടുത്തവരാണെങ്കിൽ പത്തു ദിവസത്തെ ക്വാറന്റൈനും ഒഴിവാക്കാം. ഓഗസ്റ്റ് 12 മുതൽക്കായിരിക്കും വാക്സിൻ എടുത്തവർക്ക് ക്വാറന്റൈൻ ഒഴിവാക്കുന്ന കാര്യം പ്രാബല്യത്തിൽ വരിക.