ന്യൂഡൽഹി: ചാർട്ടർഡ് വിമാനങ്ങൾ വഴി രാജ്യത്ത് എത്തുന്ന വിദേശ പൗരന്മാർക്ക് ആഭ്യന്തരമന്ത്രാലയം ഒക്ടോബർ 15 മുതൽ പുതിയ ടൂറിസ്റ്റ് വിസകൾ നൽകിത്തുടങ്ങും. ചാർട്ടേഡ് വിമാനങ്ങളിൽ ഇന്ത്യയിലെത്തുന്ന വിനോദസഞ്ചാരികൾക്കാണ് ആദ്യം വിസ അനുവദിക്കുക. നവംബർ 15 മുതൽ സാധാരണ വിമാനങ്ങളിൽ എത്തുന്നവർക്കും വിസ അനുവദിക്കും. ഇന്ത്യയിലെത്തുന്ന വിനോദസഞ്ചാരികൾ രാജ്യത്തെ കോവിഡ് നിയന്ത്രണങ്ങൾ കർശനമായി പാലിക്കണമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

കോവിഡ്-19 മഹാമാരിയെ തുടർന്ന് വിദേശ പൗരന്മാർക്ക് നൽകിയിരുന്ന എല്ലാത്തരം വിസകളും കഴിഞ്ഞവർഷം താൽക്കാലികമായി റദ്ദാക്കിയിരുന്നു. കൂടാതെ കോവിഡ് വ്യാപനം തടയുന്നതിനായി അന്താരാഷ്ട്ര യാത്രകൾക്കുമേൽ മറ്റ് നിയന്ത്രണങ്ങളും കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയിരുന്നു. എന്നാൽ കോവിഡ് സ്ഥിതിഗതികൾ വിലയിരുത്തിയതിനെത്തുടർന്ന്, ഇന്ത്യയിൽ പ്രവേശിക്കുന്നതിനും താമസിക്കുന്നതിനുമായി ടൂറിസ്റ്റ് വിസ ഒഴിച്ചുള്ള മറ്റ് എല്ലാത്തരം വിസകളും ഉപയോഗിക്കാൻ വിദേശ പൗരന്മാർക്ക് അനുമതി നൽകിയിരുന്നു.

രാജ്യത്ത് എത്തുന്ന വിദേശ സഞ്ചാരികൾ, അവരുമായി എത്തുന്ന വിമാനങ്ങൾ, ലാൻഡിങ്കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർ തുടങ്ങിയവർ കോവിഡ്-19മായി ബന്ധപ്പെട്ട് ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം കാലാകാലങ്ങളിൽ പുറപ്പെടുവിക്കുന്ന എല്ലാത്തരം നിയന്ത്രണങ്ങളും ചട്ടങ്ങളും കൃത്യമായി പാലിക്കണം.