കൊളംബൊ: ഇന്ത്യക്കെതിരെയാ പരമ്പര തുടങ്ങാൻ ഒരുദിവസം ബാക്കിനിൽക്കെ ശ്രീലങ്കയ്ക്ക് പരിക്ക് തലവേദനയാകുന്നു. നിശ്ചിത ഓവർ ക്രിക്കറ്റ് പരമ്പരയ്ക്കൊരുങ്ങുന്ന ശ്രീലങ്കയ്ക്ക് കനത്ത തിരിച്ചടി. വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ കുശാൽ പെരേര പുറത്തായി. തോളിനേറ്റ പരിക്കാണ് താരത്തിന് വിനയായത്. ഇതോടെ ഇന്ത്യക്കെതിരെ സ്ഥിരം കീപ്പറില്ലാതെ ശ്രീലങ്ക ഇറങ്ങേണ്ട അവസ്ഥ വരും. ഏകദിന- ടി20 പരമ്പരകൾക്ക് താരമുണ്ടാവില്ലെന്ന് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് അറിയിച്ചു. മറ്റൊരു വിക്കറ്റ് കീപ്പറായ നിരോഷൻ ഡിക്ക്വെല്ല വിലക്ക് നേരിടുകയാണ്. ഇംഗ്ലണ്ട് പര്യടനത്തിനിടെ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിനെ തുടർന്നാണ് താരത്തിന് വിലക്ക് നേരിടേണ്ടി വന്നത്.

ഇതോടെ സ്ഥിരം വിക്കറ്റ് കീപ്പറില്ലാതെ അവസ്ഥയാണ് ശ്രീലങ്കയ്ക്ക്. ഞായറാഴ്‌ച്ചയാണ് ഏകദിന പരമ്പര ആരംഭിക്കുന്നത്. എന്നാലിതുവരെ ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് ടീമിനെ പ്രഖ്യാപിച്ചിട്ടില്ല. നേരത്തെ വെറ്ററൻ താരം എയ്ഞ്ചലോ മാത്യൂസും പരമ്പരയിൽ നിന്ന് പിന്മാറിയിരുന്നു. വ്യക്തിപരമായ കാരണങ്ങളെ തുടർന്നാണ് പിന്മാറ്റമെന്ന് മാത്യൂസ് അറിയിച്ചിരുന്നു.

എന്നാൽ കരാർ വ്യവസ്ഥകളിൽ ക്രിക്കറ്റ് ബോർഡുമായുണ്ടായ പൊരുത്തമില്ലായ്മയാണ് പിന്മാറ്റത്തിന് കാരണമെന്ന് വാർത്തകൾ വന്നു. കരാറിൽ ഒപ്പുവച്ചില്ലെങ്കിൽ പരമ്പരയിൽ കളിപ്പിക്കില്ലെന്നാണ് ബോർഡ് പറയുന്നത്. ഇന്ത്യക്കെതിരെ മൂന്ന് വീതം ഏകദിനങ്ങളും ടി20 മത്സരങ്ങളുമാണ് ശ്രീലങ്ക കളിക്കുക. ഞായറാഴ്‌ച്ചയാണ് ആദ്യ മത്സരം.