കൊളംബോ: ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി ട്വന്റി പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യക്ക് ചെറിയ സ്‌കോർ.ലങ്കയ്ക്ക് മുന്നിൽ 133 റൺസിന്റെ വിജയലക്ഷ്യം ഉയർത്താനെ ഇന്ത്യക്ക് സാധിച്ചുള്ളു. കോവിഡ് ഐസോലേഷനിലായതിനെത്തുടർന്ന് ടീമിലെ മുൻനിര ബാറ്റ്‌സ്മാന്മാരൊക്കെ പുറത്തിരുന്നപ്പോൾ നാല്പുതുമുഖങ്ങളുമായാണ് ഇന്ത്യ കളത്തിലിറങ്ങിയത്.ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 132 റൺസെടുത്തത്.

റുതുരാജ് ഗെയ്ക്ക്വാദ്, ശിഖർ ധവാൻ, ദേവ്ദത്ത് പടിക്കൽ, സഞ്ജു സാംസൺ, നിധീഷ് റാണ എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. റുതുരാജും ധവാനും ഓപ്പണിങ് വിക്കറ്റിൽ ഏഴ് ഓവറിൽ 49 റൺസ് കൂട്ടുകെട്ടുണ്ടാക്കി. റുതുരാജ് 18 പന്തിൽ 21 റൺസും ധവാൻ 42 പന്തിൽ 40 റൺസുമടിച്ചു.

23 പന്തിൽ ഒന്നു വീതം ഫോറും സിക്സും സഹിതം 29 റൺസെടുത്ത് ദേവ്ദത്ത് അരങ്ങേറ്റം ഗംഭീരമാക്കി. ഇന്നിങ്ങ്‌സിലെ ഏക സിക്‌സും പടിക്കലിന്റെ ബാറ്റിൽ നിന്നായിരുന്നു. അതേസമയം സഞ്ജുസാംസൺ വീണ്ടും നിരാശപ്പെടുത്തി. 13 പന്തിൽ ഏഴ് റൺസ് കണ്ടെത്താനേ സഞ്ജുവിന് കഴിഞ്ഞുള്ളൂ.ഇത്തവണയും സ്പിൻ കെണിയിലാണ് സഞ്ജു കുഴങ്ങിയത്. 12 പന്തിൽ ഒമ്പത് റൺസെടുത്ത നിധീഷ് റാണ അവസാന ഓവറിൽ പുറത്തായി.

ക്രുണാൽ പാണ്ഡ്യക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ടീമിൽ മാറ്റങ്ങളുമായാണ് ഇന്ത്യ കളിക്കാനിറങ്ങിയത്. നാല് താരങ്ങൾ അരങ്ങേറ്റം കുറിച്ചു. പ്ലെയിങ് ഇലവനിലുണ്ടായത് അഞ്ച് ബാറ്റ്സ്മാന്മാരും ആറു ബൗളർമാരും. ഒപ്പം മലയാളി താരങ്ങളായ ദേവ്ദത്ത് പടിക്കലും സഞ്ജു സാംസണും ഇന്ത്യക്കായി ഒരുമിച്ച് കളിച്ചു എന്ന പ്രത്യേകതയും ഉണ്ട്.

റുതുരാജ് ഗെയ്ക്ക്വാദ്, ദേവ്ദത്ത് പടിക്കൽ, ചേതൻ സക്കറിയ, നിധീഷ് റാണ എന്നിവരാണ് ഇന്ത്യക്കായി അരങ്ങേറിയത്. ക്രുണാലുമായി സമ്പർക്കമുണ്ടായ എട്ടു താരങ്ങൾ ഐസൊലേഷനിലാണ്. ഇതോടെ നെറ്റ്‌സിൽ പന്തെറിയുന്ന താരങ്ങളെ കൂടി ഉൾപ്പെടുത്തി ടീം പുതുക്കുകയായിരുന്നു.

ആദ്യ ട്വന്റി-20യിൽ വിജയിച്ച ഇന്ത്യ പരമ്പരയിൽ 1-0ത്തിന് മുന്നിലാണ്. ക്രുണാലിന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ചൊവ്വാഴ്‌ച്ച നടക്കേണ്ട മത്സരമാണ് ഇന്നത്തേക്ക് മാറ്റിവെച്ചത്.