പഞ്ചാബ്: പശ്ചി ലഡാക്കിൽ ഇന്ത്യ ചൈന അതിർത്തി സംഘർഷം രൂക്ഷമായിരിക്കെ ബ്രഹ്മോസ് മിസൈൽ ഒരുവട്ടം കൂടി പരീക്ഷിച്ച് വിജയിപ്പിച്ച് ഇന്ത്യ. ഇത്തവണ വായുവിൽ നിന്നും ജലത്തിലേക്ക് മിസൈൽ പരീക്ഷണം നടത്തിയാണ് ഇന്ത്യ ബ്രഹ്മോസിന്റെ ശേഷി ഒരു വട്ടം കൂടി അളന്നത്. ബംഗാൾ ഉൾക്കടയിൽ മുങ്ങിക്കൊണ്ടിരുന്ന മിസൈലിനെ സുഖോയ് വനിമാനത്തിൽ നിന്നും കൃത്യതയോടെ തകർത്താണ് ബ്രഹ്മോസ് മിസൈൽ പരീക്ഷണത്തിൽ വീണ്ടും വിജയം കണ്ടത്.

പഞ്ചാബിൽ നിന്നും പറന്നുയർന്ന വിമാനം മിസൈൽ വിക്ഷേപിക്കുന്നതിന് മുമ്പ് ആകാശത്ത് വെച്ച് ഒരു വട്ടം കൂടി ഇന്ധനം നിറയ്ക്കുകയും ചെയ്തു. സുഖോയ് വിമാനം ആകാശത്ത് മൂന്ന് മണിക്കൂറിലേറെ പറന്ന ശേഷമാണ് ഇന്ധനം നിറച്ച ശേഷം മിസൈൽ വിക്ഷേപണം നടത്തിയത്. സുഖോയിൽ നിന്ന് കടലിലെ ലക്ഷ്യത്തിലേക്കുള്ള ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂസ് മിസൈലിന്റെ പതിപ്പ് വിജയകരമായി പരീക്ഷിച്ചുവെന്ന് വ്യോമസേന ഔദ്യോഗിക വൃത്തങ്ങൾ അറിയിക്കുക ആയിരുന്നു. വെള്ളിയാഴ്ചയാണ് പരീക്ഷണം നടത്തിയത്.

ബ്രഹ്മോസ് മിസൈൽ ഘടിപ്പിച്ച സു -30 എംകെഐ യുദ്ധവിമാനം ബംഗാൾ ഉൾക്കടലിലെ കപ്പലിനെ ലക്ഷ്യമിട്ട് മിസൈൽ വിക്ഷേപിക്കുകയായിരുന്നു. കഴിഞ്ഞ വർഷം മെയ് മാസത്തിൽ വ്യോമസേന ആദ്യമായി സു -30 എംകെഐ യുദ്ധവിമാനത്തിൽ നിന്ന് ബ്രഹ്മോസിന്റെ ആകാശ പതിപ്പ് വിജയകരമായി പരീക്ഷിച്ചിരുന്നു. കടൽ, കര, വായു ഏതെങ്കിലും ലക്ഷ്യസ്ഥാനത്തേക്ക് പകൽ, രാത്രി, എല്ലാ കാലാവസ്ഥയിലും കൃത്യതയോടെ ആക്രമിക്കാൻ ശേഷിയുള്ളതാണ് ബ്രഹ്മോസ് ക്രൂസ് മിസൈൽ.

300 കിലോമീറ്റർ പരിധിയുള്ള മിസൈലിന്റെ പരീക്ഷണ യാത്രയിൽ സു -30 എംകെഐ യുദ്ധവിമാനം മറ്റൊരു വിമാനത്തിന്റെ സഹായത്തോടെ മുകളിൽ വെച്ച് തന്നെയാണ് ഇന്ധനം നിറച്ചത്. 40-ലധികം സുഖോയ് യുദ്ധവിമാനങ്ങളിൽ ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂസ് മിസൈൽ പ്രയോഗിക്കാനുള്ള സംവിധാനം സജ്ജമാക്കിയിട്ടുണ്ട്.

കഴിഞ്ഞ രണ്ട് മാസത്തിനിടെ നടന്ന മൂന്നാമത്തെ ബ്രഹ്മോസ് മിസൈൽ പരീക്ഷണമാണിത്. ഈ മാസം ആദ്യം, ഇന്ത്യൻ നാവികസേനയുടെ തദ്ദേശീയ സ്റ്റെൽത്ത് ഡിസ്‌ട്രോയർ ഐഎൻഎസ് ചെന്നൈയിൽ നിന്ന് ബ്രഹ്മോസിന്റെ നാവിക പതിപ്പ് പരീക്ഷിച്ചിരുന്നു. സെപ്റ്റംബറിൽ പ്രതിരോധ ഗവേഷണ വികസന സംഘടന ബ്രഹ്മോസിന്റെ പരിഷ്‌കരിച്ച പതിപ്പും പരീക്ഷിച്ചിരുന്നു.