കാബൂൾ: ഇന്ത്യക്കാർ എത്രയും വേഗം അഫ്ഗാനിസ്ഥാൻ വിടണമെന്ന് ഇന്ത്യൻ കോൺസുലേറ്റിന്റെ നിർദ്ദേശം. ഇന്ത്യൻ കമ്പനികൾ ജീവനക്കാരെ എത്രയും വേഗം അഫ്ഗാനിസ്ഥാനിൽ നിന്ന് പിൻവലിക്കണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്. താലിബാനും അഫ്ഗാൻ സൈന്യവും തമ്മിൽ സംഘർഷം രൂക്ഷമാകുന്ന പശ്ചാത്തലത്തിലാണ് അഫ്ഗാനിസ്ഥാനിലെ ഇന്ത്യൻ കോൺസുലേറ്റിന്റെ മുന്നറിയിപ്പ്.

കടുത്ത പോരാട്ടം നടക്കുന്ന മസർ ഇ ഷെരീഫിൽനിന്ന് ഇന്ത്യൻ പൗരന്മാർ പ്രത്യേക വിമാനത്തിൽ ചൊവ്വാഴ്ച തന്നെ നാട്ടിലേക്കു തിരികെ വരണമെന്ന് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടു. പ്രദേശത്ത് ഏതെങ്കിലും ഇന്ത്യക്കാർ താമസിക്കുന്നുണ്ടെങ്കിൽ ചൊവ്വാഴ്ച വൈകിട്ട് പുറപ്പെടുന്ന പ്രത്യേക വിമാനത്തിൽ ഡൽഹിയിലേക്കു മടങ്ങണമെന്നാണു മസർ ഇ ഷെരീഫിലെ ഇന്ത്യൻ കോൺസുലേറ്റ് ആവശ്യപ്പെട്ടിരിക്കുന്നത്.

മടങ്ങാൻ ആഗ്രഹിക്കുന്നവർ പേര്, പാസ്പോർട്ട് നമ്പർ തുടങ്ങിയ വിവരങ്ങൾ ഉടൻ കോൺസുലേറ്റിൽ അറിയിക്കണം. സർക്കാർ കണക്കനുസരിച്ച് 1,500 ഇന്ത്യക്കാരാണ് അഫ്ഗസ്സ്ഥാനിലുള്ളത്. കഴിഞ്ഞ മാസം കാണ്ഡഹാറിൽനിന്ന് 50 നയതന്ത്ര പ്രതിനിധികളെയും സുരക്ഷാ ഉദ്യോഗസ്ഥരെയും ഇന്ത്യ പിൻവലിച്ചിരുന്നു.

മസർ ഇ ഷെരീഫ് ലക്ഷ്യമിട്ടുള്ള പോരാട്ടമാണു നടക്കുന്നതെന്നു താലിബാൻ തിങ്കളാഴ്ച വ്യക്തമാക്കിയിരുന്നു. നാലു ഭാഗത്തുനിന്നും നഗരം ആക്രമിക്കുകയാണെന്നും താലിബാൻ വക്താവ് സമൂഹമാധ്യമത്തിൽ അറിയിച്ചു. പടിഞ്ഞാറു ഭാഗത്തുള്ള ഷെബർഗാനും കിഴക്കുള്ള കുണ്ടൂസും തലോഖാനും താലിബാൻ പിടിച്ചിരുന്നു. വടക്കൻ മേഖലയിൽ സർക്കാർ നിയന്ത്രണത്തിലുള്ള പ്രധാന നഗരമാണ് മസർ ഇ ഷെരീഫ്.

അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യസേന പിന്മാറിയതിനെ തുടർന്ന് ഭരണം പിടിച്ചെടുക്കാനായി താലിബാൻ കനത്ത പോരാട്ടമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. നിരവധി നഗരങ്ങൾ താലിബാന്റെ നിയന്ത്രണത്തിലായിക്കഴിഞ്ഞു. മാസങ്ങൾക്കുള്ളിൽ സർക്കാർ വീഴുമെന്നും താലിബാൻ അധികാരത്തിലെത്തുമെന്നുമാണ് യുഎസ് രഹസ്യാന്വേഷണ ഏജൻസികളുടെ വിലയിരുത്തൽ.