നോട്ടിങ്ങ് ഹാം: കെ എൽ രാഹുലിന്റെയും രവീന്ദ്രജഡേജയുടെയും അർധസെഞ്ച്വറിയുടെ ബലത്തിൽ ഇംഗ്ലണ്ടിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് 95 റൺസിന്റെ ഒന്നാം ഇന്നിങ്ങ്‌സ് ലീഡ്.ഒന്നാം ഇന്നിങ്‌സിൽ ഇന്ത്യ 278 റൺസിന് പുറത്തായി. കെ.എൽ.രാഹുൽ 214 പന്തിൽ 84 ഉം രവീന്ദ്ര ജഡേജ 86 പന്തിൽ 56 ഉം റൺസെടുത്തു പുറത്തായി.മൂന്നാം ദിനം 153 റൺസാണ് കൂടി കൂട്ടിച്ചേർത്താണ് സന്ദർശകർ നിർണ്ണായക ലീഡ് നേടിയത്.ഇംഗ്ലണ്ടിനായി ഒലി റോബിൻസൺ അഞ്ചും ജയിംസ് ആൻഡേഴ്‌സൻ നാലും വിക്കറ്റ് വീഴ്‌ത്തി.

നാല് വിക്കറ്റ് നഷ്ടത്തിൽ 125 റൺസ് എന്നനിലയിലാണ് ഇന്ത്യ വെള്ളിയാഴ്ച കളി പുനരാരംഭിച്ചത്. ആദ്യ സെഷന്റെ തുടക്കത്തിൽ തന്നെ ഋഷഭ് പന്തിനെ (20 പന്തിൽ 25) ഇന്ത്യയ്ക്ക് നഷ്ടമായി. പിന്നീട് ക്രീസിലെത്തിയ രവീന്ദ്ര ജഡേജയും കെ.എൽ.രാഹുലും ചേർന്ന് ഇന്നിങ്‌സ് മുൻപോട്ടു കൊണ്ടുപോയി. ആറാം വിക്കറ്റിൽ ഇരുവരും ചേർന്ന് 50 റൺസ് കൂട്ടിച്ചേർത്തു.

ലഞ്ചിനു പിരിയുമ്പോൾ 66 ഓവറിൽ 191/5 എന്ന നിലയിലായിരുന്നു ഇന്ത്യ. രണ്ടാം സെഷന്റെ മൂന്നാം ഓവറിൽതന്നെ രാഹുലിനെ വീഴ്‌ത്തി ജയിംസ് ആൻഡേഴ്‌സൻ ഇംഗ്ലണ്ടിനു ബ്രേക്ക് ത്രൂ നൽകി. 214 പന്തിൽ 84 റൺസെടുത്ത രാഹുലിനെ ആൻഡേഴ്‌സൻ ബട്ലറുടെ കൈകളിൽ എത്തിക്കുകയായിരുന്നു. തന്റെ തൊട്ടടുത്ത ഓവറിൽ തന്നെ ഷാർദൂൽ ഠാക്കൂറിനേയും ആൻഡേഴ്‌സൻ സംപൂജ്യനായി മടക്കി.

അർധസെഞ്ചുറി തികച്ച രവീന്ദ്ര ജഡേജയെ (86 പന്തിൽ 56) റോബിൻസൺ ആണ് പുറത്താക്കിയത്. മുഹമ്മദ് ഷമി (20 പന്തിൽ 13), ജസ്പ്രീത് ബുമ്ര (34 പന്തിൽ 28) എന്നിവരെയും റോബിൻസൺ മടക്കി.ഒടുവിൽ വിവരം കിട്ടുമ്പോൾ ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്ങ്‌സിൽ വിക്കറ്റ് നഷ്ടപ്പെടാതെ 10 റൺസെന്ന നിലയിലാണ്