ലണ്ടൻ: ലോർഡ്‌സ് ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്കെതിരെ ഇംഗ്ലണ്ട് 391 റൺസിന് പുറത്ത്. ഇതോടെ ആതിഥേയർക്ക് 27 റൺസിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് നേടാനായി. ഇന്ത്യയുടെ 364 റൺസ് പിന്തുടർന്ന ഇംഗ്ലണ്ടിനെ തുടർച്ചയായ രണ്ടാം സെഞ്ചുറിയുമായി നായകൻ ജോ റൂട്ടാണ് ലീഡിലേക്ക് നയിച്ചത്. റൂട്ട് 180 റൺസുമായി പുറത്താകാതെ നിന്നു. 128 ഓവറിലാണ് 391 റൺസെടുത്തത്. ഇന്ത്യക്കായി മുഹമ്മദ് സിറാജ് നാലും ഇശാന്ത് ശർമ്മ മൂന്നും മുഹമ്മദ് ഷമി രണ്ടും വിക്കറ്റ് വീഴ്‌ത്തി.

രണ്ട് ദിവസമാണ് ഇനി ടെസ്റ്റിൽ അവശേഷിക്കുന്നത്. രണ്ടാം ഇന്നിങ്‌സ് ബാറ്റിംഗിന് ഇറങ്ങുന്ന ഇന്ത്യയ്ക്ക് നാലാം ദിനത്തിലെ ആദ്യ രണ്ട് സെഷനുകൾ നിർണായകമാകും.

ഇംഗ്ലണ്ട് മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 119 റൺസെന്ന നിലയിലാണ് മൂന്നാം ദിനം കളി തുടങ്ങിയത്. 48 റൺസുമായി ക്യാപ്റ്റൻ ജോ റൂട്ടും ആറ് റൺസോടെ ജോണി ബെയർ‌സ്റ്റോയുമായിരുന്നു ക്രീസിൽ. ഓപ്പണർമാരായ റോറി ബേൺസിന്റെയും ഡൊമനിക് സിബ്ലിയുടെയും മൂന്നാമൻ ഹസീബ് ഹമീദിന്റെയും വിക്കറ്റുകൾ ഇംഗ്ലണ്ടിന് രണ്ടാം ദിനം നഷ്ടമായിരുന്നു.

ഇംഗ്ലീഷ് ഓപ്പണർമാർ സിറാജിന് മുന്നിൽ അടിയറവുപറയുകയായിരുന്നു. സ്‌കോർ 23 റൺസെത്തിയപ്പോഴേക്കും ഇംഗ്ലണ്ടിന് ആദ്യ വിക്കറ്റ് നഷ്ടമായി. സിബ്ലിയെ(11) രാഹുലിന്റെ കൈകളിലെത്തിച്ച് സിറാജ് ആദ്യ ബ്രേക്ക് ത്രൂ ഇന്ത്യക്ക് സമ്മാനിച്ചു. അടുത്ത പന്തിൽ ഹസീബ് ഹമീദിനെ(0) ക്ലീൻ ബൗൾഡാക്കി സിറാജിന്റെ ഇരട്ട പ്രഹരം. ഉറച്ച പ്രതിരോധത്തിന് ശ്രമിച്ച റോറി ബേൺസിനെ(136 പന്തിൽ 49) വിക്കറ്റിന് മുന്നിൽ കുടുക്കി ഷമി ഇന്ത്യക്ക് പ്രതീക്ഷ നൽകി.

എന്നാൽ ഇന്ത്യൻ സ്വപ്നങ്ങൾ തല്ലിക്കെടുത്തി ബെയർ‌സ്റ്റോയെ കൂട്ടുപിടിച്ച് ഇംഗ്ലണ്ടിന് വഴി തെളിയിക്കുകയായിരുന്നു മൂന്നാം ദിനം നായകൻ ജോ റൂട്ട്. ആദ്യ സെഷനിൽ ഇരുവരും 97 റൺസ് ചേർത്തു. അർധ സെഞ്ചുറിയുമായി റൂട്ടിന് ഉറച്ച് പിന്തുണ നൽകിയ ബെയർ‌സ്റ്റോയെ(57) രണ്ടാം സെഷൻ തുടങ്ങിയ ഉടനെ സിറാജ് കോലിയുടെ കൈകളിലെത്തിച്ചതോടെയാണ് ഇന്ത്യക്ക് ശ്വാസം വീണത്.

പിന്നാലെയെത്തിയ ജോസ് ബട്‌ലർ 23 റൺസുമായി ഇശാന്തിന് മുന്നിൽ ബൗൾഡായെങ്കിലും ഒരറ്റത്ത് നങ്കൂരമിട്ട റൂട്ട് 200 പന്തിൽ കരിയറിലെ 22-ാം ടെസ്റ്റ് സെഞ്ചുറി പൂർത്തിയാക്കി. പിന്നാലെ 266 പന്തിൽ 150 ഉം തികച്ചു. നാലാം തവണയാണ് റൂട്ട് ലോർഡ്‌സിൽ 150+ സ്‌കോർ കണ്ടെത്തുന്നത്.

റൂട്ടിന്റെ ടെസ്റ്റ് കരിയറിലെ 22-ാം സെഞ്ചുറി കൂടിയാണിത്. ലോർഡ്‌സിലെ റൂട്ടിന്റെ ശതകത്തിന് ഒരുപാട് പ്രത്യേകതകളുണ്ട്. ഒരു കലണ്ടർ വർഷം കൂടുതൽ ടെസ്റ്റ് ശതകങ്ങൾ നേടുന്ന ഇംഗ്ലണ്ട് നായകനെന്ന നേട്ടത്തിലെത്തി ഇതോടെ റൂട്ട്. 2021ലെ റൂട്ടിന്റെ അഞ്ചാം മൂന്നക്കമാണ് ഇന്ന് പിറന്നത്. 1990ൽ ഗ്രഹാം ഗൂച്ചും 1994ൽ മൈക്കൽ അതേർട്ടനും 2009ൽ ആൻഡ്രൂ സ്‌ട്രോസും നാല് വീതം സെഞ്ചുറികൾ നേടിയതായിരുന്നു മുൻ റെക്കോർഡ്.

ടെസ്റ്റ് ക്രിക്കറ്റിൽ ആദ്യമായാണ് റൂട്ട് തുടർച്ചയായ രണ്ട് ഇന്നിങ്‌സുകളിൽ മൂന്നക്കം കാണുന്നത്. ട്രെൻഡ് ബ്രിഡ്ജിൽ നടന്ന ആദ്യ ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സിൽ റൂട്ട് 109 റൺസ് നേടിയിരുന്നു. ടെസ്റ്റിൽ 2013 ആഷസിലെ ഇയാൻ ബെല്ലിന് ശേഷം ഒരു ഇംഗ്ലീഷ് താരം തുടർച്ചയായ ഇന്നിങ്‌സുകളിൽ സെഞ്ചുറി തികയ്ക്കുന്നതും ഇതാദ്യം.

ഇംഗ്ലണ്ടിനായി ഏറ്റവും കൂടുതൽ ടെസ്റ്റ് സെഞ്ചുറികൾ നേടിയ താരങ്ങളിൽ മൂന്നാം സ്ഥാനത്തെത്താനും ലോർഡ്‌സ് ഇന്നിങ്‌സിലൂടെ ജോ റൂട്ടിനായി. 33 ശതകങ്ങളുമായി അലിസ്റ്റർ കുക്കും 23 എണ്ണവുമായി കെവിൻ പീറ്റേഴ്‌സണുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളിൽ. 22 സെഞ്ചുറികളുമായി വാലി ഹാമോണ്ടിനും കോളിൻ കൗഡ്രിക്കും ജെഫ് ബോയ്‌ക്കോട്ടിനും ഇയാൻ ബെല്ലിനും ഒപ്പം മൂന്നാം സ്ഥാനം പങ്കിടുകയാണ് റൂട്ട്.



മൊയീൻ അലിയെ(27) കോലിയുടെ കൈകളിൽ ഇശാന്ത് എത്തിച്ചതിന് പിന്നാലെ തൊട്ടടുത്ത പന്തിൽ സാം കറനെ(0) രോഹിത്തിനും ഇശാന്ത് സമ്മാനിച്ചതോടെ ഇന്ത്യ ഊർജം വീണ്ടെടുത്തു.

ഒൻപതാമതായി ക്രീസിലെത്തിയ ഓലീ റോബിൻസണെ(6) നിലയുറപ്പിക്കാൻ സിറാജ് സമ്മതിച്ചില്ല. വിക്കറ്റിന് മുന്നിൽ കുടുക്കുകയായിരുന്നു. എങ്കിലും പതറാതെ റൂട്ട് ഇംഗ്ലണ്ടിനെ ലീഡിലെത്തിച്ചു. അഞ്ച് റൺസെടുത്ത മാർക് വുഡിനെ(5) ജഡേജ റണ്ണൗട്ടാക്കിയപ്പോൾ അവസാനക്കാരൻ ജയിംസ് ആൻഡേഴ്‌സണെ(0) ഷമി ബൗൾഡാക്കി. എങ്കിലും 321 പന്തിൽ 180 റൺസുമായി ജോ റൂട്ട് പുറത്താകാതെ നിന്നു.

നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യയെ പ്രായം തളർത്താത്ത അഞ്ച് വിക്കറ്റ് പ്രകടവുമായി പേസർ ജയിംസ് ആൻഡേഴ്‌സൺ വിറപ്പിച്ചിരുന്നു. എന്നാൽ ഓപ്പണർമാരായ കെ എൽ രാഹുലിന്റെയും(129), രോഹിത് ശർമ്മയുടേയും(83) കരുത്തിൽ ഇന്ത്യ 126.1 ഓവറിൽ 10 വിക്കറ്റിന് 364 റൺസ് നേടി. നായകൻ വിരാട് കോലിയും(42), ഓൾറൗണ്ടർ രവീന്ദ്ര ജഡേജയും(40), വിക്കറ്റ് കീപ്പർ റിഷഭ് പന്തും(37) ആണ് മറ്റുയർന്ന സ്‌കോറുകാർ. ബാറ്റിങ് മതിലുകളായ പൂജാര(9), രഹാനെ(1) എന്നിവർ നിറംമങ്ങി.