സെഞ്ചൂറിയൻ: ദക്ഷിണാഫ്രിക്കൻ മണ്ണിൽ ആദ്യ ടെസ്റ്റ് പരമ്പര സ്വന്തമാക്കുകയെന്ന ലക്ഷ്യത്തോടെ് ഇന്ത്യ ഞായറാഴ്ച സെഞ്ചൂറിയനിൽ ആദ്യ പോരാട്ടത്തിന് ഇറങ്ങും. ഓസ്ട്രേലിയയിലും ഇംഗ്ലണ്ടിലും പരമ്പര നേടിയെങ്കിലും ദക്ഷിണാഫ്രിക്ക ഇപ്പോഴും ഇന്ത്യക്ക് കടുപ്പമേറിയതാണ്. എന്നാൽ ഇത്തവണ ഇന്ത്യക്ക് കാര്യങ്ങൾ എളുപ്പമാവുമെന്നാണ് പൊതുവെയുള്ള കണക്കുകൂട്ടൽ. കാരണം ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റിന് പഴയവീര്യമില്ല എന്നത് തന്നെ.

ബോക്‌സിങ് ഡേ ദിനത്തിൽ തുടക്കമാകുന്ന ടെസ്റ്റിൽ ഇന്ത്യ പതിവിൽ കവിഞ്ഞ ആത്മവിശ്വാസത്തിലാണ് ഇത്തവണ ഇറങ്ങുന്നത്. ദക്ഷിണാഫ്രിക്കയുടെ പ്രമുഖ താരങ്ങൾ പാഡഴിച്ചതോടെ താരതമ്യേന
'പുതുമുഖങ്ങളുമായി' ഇറങ്ങുന്ന ദക്ഷിണാഫ്രിക്കയെ മറികടക്കമെന്നാണ് കോലിയുടേയും സംഘത്തിന്റെയും കണക്കുകൂട്ടൽ. ഓസ്‌ട്രേലിയയിലും ഇംഗ്ലണ്ടിലും നേടിയ വിജയങ്ങളും ഇന്ത്യയുടെ ആത്മവിശ്വാസം കൂട്ടുന്നു.

എന്നാൽ പരിശീലകൻ രാഹുൽ ദ്രാവിഡ് പറയുന്നത് ഒന്നും എളുപ്പമല്ലെന്നാണ്. ബിസിസിഐ ടിവിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാര്യങ്ങൾ എളുപ്പമാണെന്ന് വിലയിരുത്തരുതെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ''ദക്ഷിണാഫ്രിക്കൻ മണ്ണിൽ അവർ കരുത്തരാണ്. നമ്മുടെ താരങ്ങൾ നന്നായി കളിക്കുകയാണ് വേണ്ടത്. ഈ ബോധ്യം നമ്മുടെ താരങ്ങൾക്കുണ്ട്. ഇതൊരു അവസരമായി കാണണം. എന്നാൽ ഒന്നും എളുപ്പമല്ല.

ഇന്ത്യ ഏത് സാഹചര്യത്തിൽ കളിച്ചാലും ജയിക്കുമെന്ന ചിന്ത പലരിലുമുണ്ട്. ഏത് ഫോർമാറ്റായാലും ഏത് ഫോർമാറ്റായാലും വിദേശ പിച്ചുകളിൽ മികച്ച പ്രകടനം പുറത്തെടുക്കാനുള്ള കരുത്തും ആത്മവിശ്വാസവും നമ്മുടെ താരങ്ങൾക്കുണ്ട്. എന്നാൽ കളിക്കാൻ ഏറ്റവും പ്രയാസമുള്ള ഇടങ്ങളിലൊന്നാണ് ദക്ഷിണാഫ്രിക്ക. അക്കാര്യം ഓർമയുണ്ടായിരിക്കണം.

മെച്ചപ്പെട്ട തയ്യാറെടുപ്പുകൾ നടത്തുകയും പിന്നീട് മികച്ച പ്രകടനം പുറത്തെടുക്കുകയും വേണം. ഒരു പരിശീലകനെന്ന നിലയിൽ ഞാൻ താരങ്ങളിൽ നിന്ന് പ്രതീക്ഷിക്കുന്നതും അതാണ്. പരമ്പര ജയം, തോൽവി എന്നതിൽ താരങ്ങൾ ചിന്തിക്കേണ്ടതില്ല. അത് ടീമിനെ തേടി വരും.'' ദ്രാവിഡ് വ്യക്തമാക്കി. ദ്രാവിഡ് സ്ഥിരം പരിശീലകസ്ഥാനം ഏറ്റെടുത്ത ശേഷമുള്ള ആദ്യ വിദേശ പരമ്പരയാണിത്. മൂന്ന് ടെസ്റ്റുകളാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയിൽ കളിക്കുക. ശേഷം മൂന്ന് ഏകദിനങ്ങളുമുണ്ട്.

അതുകൊണ്ടുതന്നെ ദക്ഷിണാഫ്രിക്കയിൽ ഇത്തവണ പരമ്പര നേടാൻ ഇന്ത്യക്ക് സുവർണാവസരമാണെന്ന് വിലിയിരുത്തുന്നവരുണ്ട്. എന്നാൽ ആദ്യ ടെസ്റ്റ് നടക്കുന്ന സെഞ്ചൂറിയനിലെ സൂപ്പർ സ്‌പോർട്ട് പാർക്ക് ഓസ്‌ട്രേലിയൻ ക്രിക്കറ്റിന് ഗാബ പോലെ ദക്ഷിണാഫ്രിക്കൻ ടീമിന്റെ ഉരുക്കുകോട്ടയാണെന്നതിനാൽ ഇന്ത്യക്ക് കാര്യങ്ങൾ എളുപ്പമാകില്ല.

ഇതുവരെ സെഞ്ചൂറിയനിലെ സൂപ്പർ സ്‌പോർട്ട് പാർക്കിൽ നടന്ന 26 ടെസ്റ്റിൽ 21 എണ്ണവും ദക്ഷിണാഫ്രിക്ക വിജയിച്ചുവെന്നത് ഇന്ത്യക്ക് ആശങ്ക സമ്മാനിക്കുന്ന കണക്കാണ്. മൂന്ന് മത്സരങ്ങൾ സമനിലയായപ്പോൾ വെറും രണ്ട് ടെസ്റ്റിൽ മാത്രമാണ് ദക്ഷിണാഫ്രിക്ക ഈ വേദിയിൽ തോറ്റത്. 2020ൽ ശ്രീലങ്കക്കെതിരെ ദക്ഷിണാഫ്രിക്ക നേടിയ 621 റൺസാണ് സെഞ്ചൂറിയനിലെ ഉയർന്ന ടീം സ്‌കോർ.

കുറഞ്ഞ സ്‌കോറാകട്ടെ 2016ൽ ദക്ഷിണാഫ്രിക്കയ്ക്ക് മുന്നിൽ 101 റൺസിന് പുറത്തായ ഇംഗ്ലണ്ടിന്റെ പേരിലും. ഹാഷിം അംല നേടിയ 208 റൺസാണ് സെഞ്ചൂറിയനിലെ ഉയർന്ന വ്യക്തിഗത സ്‌കോർ. 2014ൽ വെസ്റ്റ് ഇൻഡീസിനെതിരെ ആയിരുന്നു അംലയുടെ നേട്ടം. 2013ൽ പാക്കിസ്ഥാനെതിരെ കെയ്ൽ ആബട്ട് 29 റൺസ് വഴങ്ങി ഏഴ് വിക്കറ്റെടുത്തതാണ് ഒരു ഇന്നിങ്‌സിലെ മികച്ച ബൗളിങ് പ്രകടനം. 2016ൽ ഇംഗ്ലണ്ടിനെതിരെ കാഗിസോ റബാദ 144 റൺസ് വഴങ്ങി 13 വിക്കറ്റെടുത്തതാണ് ഒരു മത്സരത്തിലെ മികച്ച ബൗളിങ് പ്രകടനം. 251 റൺസാണ് നാലാം ഇന്നിങ്‌സിലെ വിജയകരമായ ചേസ്.

ഇനി ഇന്ത്യയെ ശരിക്കും ആശങ്കയിലാഴ്‌ത്തുന്ന മറ്റൊരു കണക്കുകൂടിയുണ്ട്. സെഞ്ചൂറിയനിൽ ദക്ഷിണാഫ്രിക്കക്കെതിരെ കളിച്ച രണ്ട് ടെസ്റ്റിൽ രണ്ടിലും ഇന്ത്യ തോറ്റു. കണക്കുകൾ ഇങ്ങനെയൊക്കൊണെങ്കിലും 32 വർഷമായി ഓസീസ് കോട്ടയായിരുന്ന ഗാബ കീഴടക്കാമെങ്കിൽ സെഞ്ചൂറിയനിലും അതാവർത്തിക്കാമെന്ന ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ