കൊളംബൊ: ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ടോസ് നേടിയ ശ്രീലങ്കൻ ക്യാപ്റ്റൻ ദസൂൺ ഷാനക ബാറ്റിങ് തിരഞ്ഞെടുത്തു. ഒടുവിൽ വിവരം ലഭിക്കുമ്പോൾ ശ്രീലങ്ക പതിനാറ് ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 86 റൺസെടുത്തിട്ടുണ്ട്.

ഇന്ത്യൻ നിരയിൽ ഇന്ന് ജന്മദിനം ആഘോഷിക്കുന്ന യുവതാരം ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ് എന്നിവർ അരങ്ങേറ്റം കുറിച്ചു ജന്മദിനത്തിൽ ഏകദിന അരങ്ങേറ്റം കുറിക്കുന്ന രണ്ടാമത്തെ മാത്രം ഇന്ത്യൻ താരമാണ് കിഷൻ. 1990ൽ ഓസ്‌ട്രേലിയയ്ക്കെതിരെ ഹാമിൽട്ടനിൽ അരങ്ങേറിയ ഗുർശരൺ സിങ്ങാണ് ആദ്യ താരം. ശ്രീലങ്കയ്ക്കായി ഭാനുക രാജപക്‌സയും അരങ്ങേറും.

അതേസമയം മലയാളി ആരാധകർക്ക് നിരാശയായി സഞ്ജു സാംസണിന്റെ അരങ്ങേറ്റം ഇനിയും നീളും.ലിഗ്മെന്റിന് സംഭവിച്ച പരുക്കാണ് താരത്തെ പുറത്തിരുത്താൻ കാരണം. പരിശീലനത്തിനിടെയാണ് സഞ്ജുവിന് പരുക്കേറ്റതെന്നാണ് വിവരം. സഞ്ജുവിന്റെ പരുക്ക് മെഡിക്കൽ സംഘം നിരീക്ഷിക്കുന്നുണ്ടെന്ന് ബിസിസിഐ വൃത്തങ്ങൾ അറിയിച്ചു.'സഞ്ജു സാംസണിന് പരിശീലനത്തിനിടെ കാലിന്റെ ലിഗ്മെന്റിന് പരുക്കേറ്റിട്ടുണ്ട്. അതുകൊണ്ടാണ് താരത്തെ ഈ മത്സരത്തിലേക്ക് പരിഗണിക്കാതിരുന്നത്. അദ്ദേഹത്തിന്റെ പരുക്കിന്റെ ഗൗരവം മെഡിക്കൽ ടീം വിശദമായി പരിശോധിക്കുന്നുണ്ട്' ബിസിസിഐയുടെ മാധ്യമ വിഭാഗം അറിയിച്ചു.

വിരാട് കോലിയുടെ നേതൃത്വത്തിലുള്ള ടീം ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കായി ഒരുങ്ങുന്നതിനിടെയാണ് പരിമിത ഓവർ പരമ്പരയ്ക്കായി മറ്റൊരു ടീമിനെ ശ്രീലങ്കയിലേക്ക് അയച്ചത്.അന്താരാഷ്ട്ര ക്രിക്കറ്റിൽ ഒരേസമയം രണ്ട് ടീമുകളെ കളിപ്പിക്കുന്നതിലൂടെ ഇന്ത്യയ്ക്ക് അതിവിശാലമായ ടാലന്റ്പൂൾ ഉണ്ടെന്ന് പ്രഖ്യാപിക്കുകയാണ് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ്.

നീണ്ട നാലു വർഷത്തെ കാത്തിരിപ്പിനുശേഷമാണ് ഏകദിനത്തിൽ ഇന്ത്യയും ശ്രീലങ്കയും ഒരു ദ്വിരാഷ്ട്ര പരമ്പരയിൽ നേർക്കുനേരെത്തുന്നത്. മാത്രമല്ല, വിരാട് കോലിയുടെ നേതൃത്വത്തിൽ ഇന്ത്യയുടെ ടെസ്റ്റ് ടീം ഇംഗ്ലണ്ട് പര്യടനത്തിലായതിനാൽ ഏകദിന, ട്വന്റി20 സ്‌പെഷലിസ്റ്റുകളെ ഉൾപ്പെടുത്തിയാണ് ശ്രീലങ്കൻ പര്യടനത്തിനുള്ള ടീമിനെ പ്രഖ്യാപിച്ചത്. ഇതിനെതിരെ ശ്രീലങ്കയുടെ മുൻ നായകൻ അർജുന രണതുംഗ രംഗത്തെത്തിയത് പരമ്പരയ്ക്ക് വിവാദത്തിന്റെ നിറം നൽകി.

ഈ മാസം 13ന് ആരംഭിക്കേണ്ടിയിരുന്ന ടൂർണമെന്റ് ശ്രീലങ്കൻ ടീമിൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് നീട്ടിവയ്ക്കുകയായിരുന്നു.