കൊളംബോ: ശ്രീലങ്കയ്ക്കെതിരായ നിർണായക മൂന്നാം ട്വന്റി-20 മത്സരത്തിൽ ടോസ് നേടി ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തു. ഇന്നിങ്‌സിന്റെ തുടക്കത്തിലെ ഇന്ത്യയ്ക്ക് 25 റൺസ് എടുക്കുന്നതിനിടെ നാല് വിക്കറ്റ് നഷ്ടമായി. നായകൻ ശിഖർ ധവാൻ, മലയാളി താരം സഞ്ജു വി സാംസൺ എന്നിവർ പൂജ്യത്തിന് പുറത്തായി. ധവാനെ ചമീരയാണ് പുറത്താക്കിയത്.

14 റൺസ് എടുത്ത ഋതുരാജ് ഗെയ്ഗ്വാദിനെയും സഞ്ജു സാസണെയും ഹസരങ്കയാണ് പുറത്താക്കിയത്. ഒൻപത് റൺസ് എടുത്ത ദേവദത്ത് പടിക്കലാണ് പുറത്തായ മറ്റൊരു ബാറ്റ്‌സ്മാൻ. പടിക്കലിനെ മെൻഡിസ് വിക്കറ്റിന് മുന്നിൽ കുരുക്കുകയായിരുന്നു.

ഈ പരമ്പരയിൽ സഞ്ജും സാംസണും ദേവ്ദത്ത് പടിക്കലിനും പിന്നാലെ ഒരു മലയാളി താരം കൂടി അന്താരാഷ്ട്ര ട്വന്റി-20 ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചു. നെറ്റ് ബൗളറായി ടീമിനൊപ്പമുണ്ടായിരുന്ന സന്ദീപ് വാര്യരാണ് മലയാളി താരം.

രണ്ടാം ട്വന്റി-20യിൽ ഫീൽഡിങ്ങിനിടെ തോളിന് പരിക്കേറ്റ നവദീപ് സയ്നിക്ക് പകരമായാണ് സന്ദീപ് ടീമിൽ ഇടം നേടിയത്. രണ്ടാം ട്വന്റി-20 ടീമിൽ നിന്ന് ആകെ ഒരു മാറ്റവുമായാണ് ഇന്ത്യ കളിക്കുന്നത്, ശ്രീലങ്കൻ നിരയിൽ ഇസൂര ഉഡാനയ്ക്കു പകരം പാത്തും നിസ്സങ്ക ടീമിലെത്തി.

ക്രുണാൽ പാണ്ഡ്യക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഇന്ത്യൻ ടീമിൽ വൻ അഴിച്ചുപണി നടത്തിയിരുന്നു. എട്ടു താരങ്ങൾ ഐസൊലഷേനിൽ പോയതിനെ തുടർന്നാണ് ഇത്. രണ്ടാം ട്വന്റി-20യിൽ അഞ്ച് ബാറ്റ്സ്മാന്മാരും ആറു ബൗളർമാരുമായാണ് ഇന്ത്യ കളിച്ചത്. മത്സരത്തിൽ ഇന്ത്യ തോൽക്കുകയും ചെയ്തു. പരമ്പരയിൽ ഇരുടീമുകളും 1-1ന് ഒപ്പത്തിനൊപ്പമാണ്.

ഇന്ത്യൻ ടീം: ശിഖർ ധവാൻ (ക്യാപ്റ്റൻ), ഋതുരാജ് ഗെയ്ക്വാദ്, ദേവ്ദത്ത് പടിക്കൽ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), നിതീഷ് റാണ, ഭുവനേശ്വർ കുമാർ, കുൽദീപ് യാദവ്, രാഹുൽ ചാഹർ, സന്ദീപ് വാരിയർ, ചേതൻ സാകരിയ, വരുൺ ചക്രവർത്തി

ശ്രീലങ്കൻ ടീം: ആവിഷ്‌ക ഫെർണാണ്ടോ, മിനോദ് ഭാനുക (വിക്കറ്റ് കീപ്പർ), സദീര സമരവിക്രമ, പാത്തും നിസ്സങ്ക, ദസൂൺ ഷാനക (ക്യാപ്റ്റൻ), ധനഞ്ജയ ഡീസിൽവ, വാനിന്ദു ഹസരം, രമേഷ് മെൻഡിസ്, ചാമിക കരുണരത്‌നെ, അഖില ധനഞ്ജയ, ദുഷ്മന്ത ചമീര