കാൻബറ: ഓസ്‌ട്രേലിയക്കെതിരായ പിങ്ക് ബോൾ ടെസ്റ്റിൽ ഇന്ത്യൻ വനിതകൾക്ക് മികച്ച തുടക്കം. മഴയും ഇടിമിന്നലും കാരണം ഒന്നാം ദിനത്തിലെ മത്സരം അവസാനിക്കുമ്പോൾ ഇന്ത്യ ഒരു വിക്കറ്റിന് 132 റൺസെന്ന നിലയിലാണ്. 80 റൺസുമായി സ്മൃതി മന്ദാനയും 16 റൺസോടെ പൂനം റാവത്തും ആണ് ക്രീസിൽ. 31 റൺസെടുത്ത ഷഫാലി വർമ്മയുടെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.

പകലും രാത്രിയുമായി നടക്കുന്ന പിങ്ക് ബോൾ ടെസ്റ്റ് മത്സരത്തിൽ ഇന്ത്യയ്ക്ക് വേണ്ടി ഓപ്പണർ സ്മൃതി മന്ഥാന മികച്ച പ്രകടനം പുറത്തെടുത്തു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് വേണ്ടി സ്മൃതിയും ഷഫാലി വർമയുമാണ് ഇന്നിങ്സ് ഓപ്പൺ ചെയ്തത്.

ഓപ്പണിങ് വിക്കറ്റിൽ ഇരുവരും 93 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. ഷെഫാലിയുടെ വിക്കറ്റ് മാത്രമാണ് ഒന്നാം ദിനം ഇന്ത്യയ്ക്ക് നഷ്ടമായത്. 31 റൺസെടുത്ത താരത്തെ സോഫി മോളിനെക്സ് ടഹില മഗ്രാത്തിന്റെ കൈയിലെത്തിച്ചു.

80 റൺസുമായി പുറത്താകാതെ നിൽക്കുന്ന സ്മൃതി മന്ഥാനയിലാണ് ഇന്ത്യയുടെ പ്രതീക്ഷ. ടെസ്റ്റ് ക്രിക്കറ്റിൽ സ്മൃതിയുടെ ഉയർന്ന സ്‌കോറാണിത്. ഒപ്പം 16 റൺസെടുത്ത് പൂനം റാവത്തും ക്രീസിലുണ്ട്. ഇന്ത്യയ്ക്ക് വേണ്ടി മേഘ്ന സിങ്ങും യസ്തിക ഭാട്ടിയയും ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചു. മഴയും ഇടിമിന്നലും മൂലം ആദ്യദിനം 44.1 ഓവർ മാത്രമാണ് മത്സരം നടന്നത്.

 

ഏകദിന ശൈലിയിൽ ബാറ്റുവീശിയ സ്മൃതി മന്ദാന 51 പന്തിലാണ് അർധസെഞ്ചുറി തികച്ചത്. എന്നാൽ ഷഫാലിയുടെ വിക്കറ്റ് നഷ്ടമായശേഷം കരുതലോടെ ബാറ്റുവീശിയ മന്ദാന 144 പന്തിൽ 15 ഫോറും ഒരു സിക്‌സും പറത്തിയാണ് 80 റൺസെടുത്തത്. ഷഫാലിയെ മൂന്ന് തവണ കൈവിട്ട ഓസീസ് ഫീൽഡർമാരും ഇന്ത്യയെ കൈയയച്ച് സഹായിച്ചു.

ഇന്നിങ്‌സിനിടെ മന്ദാന, അന്താരാഷ്ട്ര ക്രിക്കറ്റിൽ 4500 റൺസ് തികച്ചു. നേരത്തെ ടോസ് നേടിയ ഓസ്‌ട്രേലിയ ഫീൽഡിങ് തെരഞ്ഞെടുക്കയായിരുന്നു. ചരിത്രത്തിലാദ്യമായാണ് ഇന്ത്യൻ വനിതകൾ, പകൽ-രാത്രി ടെസ്റ്റിൽ കളിക്കുന്നത്. 15 വർഷത്തെ ഇടവേളക്കുശേഷമാണ് ഇന്ത്യൻ വനിതകൾ ഓസ്‌ട്രേലിയയുമായി ടെസ്റ്റ് കളിക്കുന്നത്.

ഈ വർഷം ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിൽ കളിച്ച ഇന്ത്യൻ വനിതകൾ വീരോചിത സമനില സ്വന്തമാക്കിയിരുന്നു. പരിക്കുമൂലം ഹർമൻപ്രീത് കളിക്കുന്നില്ല