ന്യൂഡൽഹി: ശബരിമല വിഷയത്തിൽ വിവാദ പ്രസ്താവനയുമായി കേന്ദ്രമന്ത്രി. കേരളസർക്കാർ പകൽവെട്ടത്തിൽ ഹിന്ദുക്കളെ ബലാത്സംഗം ചെയ്യുകയാണെന്ന് കേന്ദ്രമന്ത്രി അനന്ദ് കുമാർ ഹെഡ്‌ഗെ തുറന്നടിച്ചു. ശബരിമല വിഷയത്തിലാണ് കേന്ദ്രസഹമന്ത്രിയുടെ വിവാദ പ്രതികരണം. സുപ്രീം കോടതിയുടെ നിർദേശത്തോട് പൂർണ യോജിപ്പാണ്. എന്നാൽ മുഖ്യമന്ത്രിയുടെ മുൻവിധിയാണ് കേരളത്തിലെ കുഴപ്പങ്ങൾക്കു കാരണമെന്നും അദ്ദേഹം പറഞ്ഞു.

സുപ്രീം കോടതി വിധിയിൽ പൂർണ സംതൃപ്തനാണ് താൻ. എന്നാൽ ക്രമസമാധാനപാലനം സംസ്ഥാന വിഷയമായതിനാൽ ഭൂരിപക്ഷത്തിന്റെ വിശ്വാസത്തെ മുറിവേൽപ്പിക്കാതെ ഇത് എങ്ങനെ കൈകാര്യം ചെയ്യുമെന്ന് കണ്ടറിയണം.ഇടതുപക്ഷത്തിന്റെ മുൻവിധികളേക്കാൾ മുഖ്യമന്ത്രിയുടെ മുൻവിധിയാണ് സംസ്ഥാനത്തെ കുഴപ്പങ്ങൾക്കു കാരണം. . കേരള സർക്കാർ സമ്പൂർണ പരാജയമാണ്. ഇത് ഹിന്ദുക്കളെ സർക്കാർ പകൽവെട്ടത്തിൽ ബലാത്സംഗം ചെയ്യുന്നുതുപോലെയാണെന്നു പറയാൻ ആഗ്രഹിക്കുകയാണ്- മന്ത്രി പറഞ്ഞു.

നേരത്തെയും അനന്ദ് കുമാർ വിവാദ പ്രസ്താവനകൾ നടത്തിയിട്ടുണ്ട്. കർണാടകയിലെ ബല്ലാരിയിൽ മന്ത്രിക്കുനേരെ നടന്ന ദളിത് പ്രക്ഷോഭത്തെ അധിക്ഷേപിച്ച സംഭവം വിവാദമായിരുന്നു. പട്ടികൾ റോഡിൽ കുരയ്ക്കുന്നെന്നായിരുന്നു മന്ത്രിയുടെ പ്രസ്താവന.കേന്ദ്രസർക്കാരിനെതിരായ പ്രതിപക്ഷ ഐക്യത്തെയും മന്ത്രി ആക്ഷേപിച്ചിരുന്നു. കാക്കളും കുരങ്ങുകളും കുറക്കന്മാരും ഒന്നിക്കുന്നെന്നായിരുന്നു പ്രതിപക്ഷ ഐക്യത്തെ മന്ത്രി വിശേഷിപ്പിച്ചത്.