പനജി: പുതുവർഷത്തിൽ ഓഫീസിൽ തിരിച്ചെത്തി ഗോവ മുഖ്യമന്ത്രി മനോഹർ പരീഖർ. നാലു മാസം നീണ്ട ഇടവേളയ്ക്ക് വിരാമിട്ടാണ് പരീഖർ സെക്രട്ടറിയേറ്റിലെ തന്റെ ഓഫീസിലെത്തിയത്. ദീർഘനാളായി പാൻക്രിയാസ് ക്യാൻസറിന് ചികിത്സയിലായിരുന്നു. 63-കാരനായ പരീക്കർ ചൊവ്വാഴ്ച സഹായികൾക്കൊപ്പമാണ് ഓഫീസിലെത്തിയത്. മുംബൈയിലും യുഎസിലുമായാണ് അദ്ദേഹത്തിന്റെ ചികിത്സകൾ നടന്നിരുന്നത്. ഇതിന് ശേഷം അദ്ദേഹത്തിന്റെ ചികിത്സ വീട്ടിൽ തന്നെയായിരുന്നു. ഇക്കഴിഞ്ഞ ഓഗസ്്റ്റിന് ശേഷം അദ്ദേഹം ഓഫീസിൽ എത്തിയിരുന്നില്ല.

മൂക്കിലൂടെ കുഴലിട്ട നിലയിൽ മെഡിക്കൽ സംഘത്തിന്റെ അകമ്പടിയോടെ രാവിലെ 10.45 ഓടെയാണ് പരീക്കർ സെക്രട്ടറിയേറ്റിലെത്തിയത്. അവിടെയുണ്ടായിരുന്ന ആളുകളെ നോക്കി ചിരിച്ചു. ശേഷം സഹായികൾക്കൊപ്പം മുന്നോട്ട് നീങ്ങി. നൂറോളം ബിജെപി പ്രവർത്തകർ അദ്ദേഹം വരുന്നതറിഞ്ഞ് ഇങ്ങോട്ടേക്കെത്തിയിരുന്നു.

ഗോവ നിയമസഭാ സ്പീക്കറും മന്ത്രിമാരും ബിജെപി എംഎൽഎമാരും ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു. നിലവിലുള്ള ഒഴിവുകൾ സംബന്ധിച്ച് അവലോകനം നടത്താനും അടിയന്തരമായി നടത്തേണ്ട ഉത്തരവുകൾക്കും മറ്റുമായി ഉദ്യോഗസ്ഥരുടെ യോഗം അദ്ദേഹം വിളിച്ച് ചേർത്തിട്ടുണ്ട്.
പനജിക്ക് സമീപമുള്ള മണ്ഡോവി, സുവാരി നദികൾക്ക് മീതെ നിർമ്മിക്കുന്ന പാലങ്ങളുടെ പ്രവൃത്തികൾ വിലയിരുത്തുന്നതിനായി കഴിഞ്ഞ മാസം അദ്ദേഹം ഇങ്ങോട്ടേക്കെത്തിയിരുന്നു.