ന്യൂഡൽഹി : ആധാർ നിർബന്ധമാക്കരുതെന്ന സുപ്രീം കോടതി വിധി വന്നതിന് പിന്നാലെയുള്ള നിയമഭേദഗതിയ്‌ക്കെതിരെ ആരോപണം ശക്തമാകുന്നു. ഭേദഗതി കോടതി വിധിയുടെ അന്തഃസത്തയ്ക്ക് വിരുദ്ധമാണെന്ന് ആരോപണമാണ് ഇപ്പോൾ ശക്തിപ്രാപിക്കുന്നത്. നിയമ ഭേദഗതി വന്നാൽ വ്യക്തികളുടെ സ്വകാര്യതയ്ക്കുള്ള അവകാശം തീർത്തും ഇല്ലാതാകുമെന്നാണ് ആരോപണം. വ്യക്തി വിവരങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെങ്കിൽ ഡേറ്റ പ്രൊട്ടക്ഷൻ നിയമം പാസാക്കേണം. ഡേറ്റ സുരക്ഷിതമാക്കാനുള്ള സമഗ്രനിയമത്തിനു രൂപം കൊടുക്കുന്നതിനു മുൻപ് ആധാർ ഭേദഗതി വരുന്നത് ആപത് സൂചനയാണെന്നുള്ള ആരോപണവും ശക്തമാകുന്നുണ്ട്.

നിമയ ഭേദഗതിയിലെ വ്യവസ്ഥ പ്രകാരം വ്യക്തിയെ ബയോമെട്രിക് വിവരങ്ങൾ വഴി തിരിച്ചറിയാനുള്ള മാനദണ്ഡം (വെർച്വൽ ഐഡന്റിറ്റി) സർക്കാരിനു നിശ്ചയിക്കാമെന്നാണ് . വിരലടയാളവും കൃഷ്ണമണിയും ഉൾപ്പെടെ ബയോമെട്രിക് വിവരങ്ങളിലേതും ബദൽ തിരിച്ചറിയൽ മാനദണ്ഡമാക്കാൻ ഇതു വഴി സർക്കാരിന് അധികാരം ലഭിക്കും. മാനദണ്ഡം കാലാകാലങ്ങളിൽ മാറ്റാനുള്ള അധികാരവും സർക്കാരിനുണ്ടാവും. ഇക്കാര്യം നിയമത്തിന്റെ ഭാഗമാക്കാത്തതാണു സംശയമുണർത്തുന്നത്. നിയമത്തിന്റെ ഭാഗമാക്കിയാൽ 'വെർച്വൽ ഐഡന്റിറ്റി' മാറ്റി നിശ്ചയിക്കാൻ പാർലമെന്റിന്റെ അനുമതി വേണം.

ഇക്കാര്യത്തിൽ ഒളിച്ചുകളിയെന്തിനെന്ന ചോദ്യമാണു ലോക്‌സഭയിൽ എൻ.കെ. പ്രേമചന്ദ്രൻ, സൗഗത റോയ് തുടങ്ങിയ പ്രതിപക്ഷ എംപിമാർ കഴിഞ്ഞ ദിവസം ഉന്നയിച്ചത്.18 വയസു പൂർത്തിയായി 6 മാസത്തിനകം നിലവിലുള്ള ആധാർ റദ്ദാക്കി പുതിയതു വാങ്ങണമെന്നും ഭേദഗതി വ്യവസ്ഥ നിർദ്ദേശിക്കുന്നു. കുട്ടികളുടെ ബയോമെട്രിക് രേഖകളിൽ മാറ്റം വരാനിടയുള്ളതു കണക്കിലെടുത്താണിത്. ആധാർ അഥോറിറ്റിക്കാണ് ഇതിനായി അപേക്ഷ നൽകേണ്ടത്. ആധാർ ഹാജരാക്കാത്തതിന്റെ പേരിൽ കുട്ടികൾക്കു സർക്കാർ ആനുകൂല്യങ്ങൾ നിഷേധിക്കാനാവില്ല. എന്നാൽ, എന്റോൾമെന്റ് നമ്പർ ഉണ്ടായിരിക്കണം.