ന്യൂഡൽഹി: റഫാലിൽ താൻ ചോദിച്ച ചോദ്യങ്ങൾക്ക് മറുപടി നൽകാതെ പ്രതിരോധമന്ത്രി നിർമലാ സീതാരാമൻ ഓടിയൊളിച്ചെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. പ്രതിരോധമന്ത്രി രാജ്യത്തെ ജനങ്ങളെ കബളിപ്പിക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.റഫാൽ യുദ്ധവിമാന ഇടപാടിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മാത്രമാണ് ആരോപണമെന്നു രാഹുൽ ഗാന്ധി. ഇപ്പോഴത്തെയോ മുമ്പത്തെയോ പ്രതിരോധ മന്ത്രിമാരെ താൻ കുറ്റപ്പെടുത്തില്ല. പ്രതിരോധമന്ത്രി കള്ളം ഒളിപ്പിക്കുക മാത്രമാണു ചെയ്യുന്നത്. വിമാനത്തിന്റെ വിലയല്ല ഉന്നയിക്കുന്ന പ്രശ്‌നം. അനിൽ അംബാനി എങ്ങനെയാണു കരാറിന്റെ ഭാഗമായതെന്നാണു ചോദ്യമെന്നും പാർലമെന്റിൽ രാഹുൽ പറഞ്ഞു.

'അനിൽ അംബാനിയുടെ പേര് ഉച്ഛരിക്കാൻ പോലും മന്ത്രി തയ്യാറായില്ല. റഫാലിനെക്കുറിച്ച് താൻ ചോദിച്ച ഒരു ചോദ്യത്തിനും അവർ മറുപടി പറഞ്ഞില്ല. പക്ഷെ അവർ കുറെ സമയം സംസാരിച്ചു.'ലോക്സഭയ്ക്ക് പുറത്ത് മാധ്യമങ്ങളോട് സംസാരിക്കവേയാണ് അദ്ദേഹത്തിന്റ പ്രതികരണം. കോൺഗ്രസ് അധികാരത്തിലെത്തിയാൽ റഫാൽ ഇടപാടിനെക്കുറിച്ച് ക്രിമിനൽ അന്വേഷണം നടത്തുമെന്നും കുറ്റക്കാരെന്ന് കണ്ടെത്തുന്നവരെ ശിക്ഷിക്കുമെന്നും രാഹുൽ ഗാന്ധി ലോക്സഭയിൽ പറഞ്ഞിരുന്നു.

റഫാൽ അഴിമതിയിൽ പ്രധാനമന്ത്രിക്കെതിരെ അന്വേഷണം നടത്തണം. റഫാൽ ഇടപാട് രാജ്യാന്തര കടക്കാരനായ 'സുഹൃത്തിനു' നൽകുക വഴി മോദി ദേശസുരക്ഷയെ ദുർബലപ്പെടുത്തിയെന്നും രാഹുൽ ആരോപിച്ചു. റിലയൻസ് കമ്യൂണിക്കേഷൻസ് മേധാവി അനിൽ അംബാനിക്കെതിരെ സ്വീഡിഷ് ടെലികോം കമ്പനിയായ എറിക്‌സൺ സുപ്രീംകോടതിയിൽ കോടതിയലക്ഷ്യ ഹർജി ഫയൽ ചെയ്തത് ഉദ്ധരിച്ചാണ് രാഹുലിന്റെ ആവശ്യം.

തന്നെ അധിക്ഷേപിക്കുന്നതിന് പകരം അരുൺ ജെയ്റ്റ്‌ലി റഫാലിനെക്കുറിച്ച് താൻ ഉയർത്തിയ ചോദ്യങ്ങൾക്ക് മറുപടി തരണമെന്നും രാഹുൽ ഗാന്ധി പറഞ്ഞിരുന്നു.നേരത്തെ റഫാൽ വിഷയത്തിൽ അരുൺ ജെയ്റ്റ്‌ലിയും രാഹുൽ ഗാന്ധിയും രൂക്ഷമായ വാഗ്വാദത്തിൽ ഏർപ്പെട്ടിരുന്നു. തുടർന്ന് കരാറിനെ കുറിച്ച് മുഖാമുഖം ചർച്ചയ്ക്ക് രാഹുൽ ഗാന്ധി നരേന്ദ്ര മോദിയെ വെല്ലുവിളിക്കുകയും ചെയ്തിരുന്നു.

പ്രതിരോധ മന്ത്രി നിർമലാ സീതാരാമൻ റഫാൽ കരാറിനെക്കുറിച്ചുള്ള കോൺഗ്രസിന്റേയും മറ്റു പ്രതിപക്ഷ പാർട്ടികളുടേയും ചോദ്യങ്ങൾക്ക് മറുപടി തരണമെന്നും അദ്ദേഹം പറഞ്ഞു.ഇതിന് പിന്നാലെയാണ് നിർമലാ സീതാരാമൻ സംസാരിച്ചത്. റഫാൽ മോദിയെ വീണ്ടും അധികാരത്തിലെത്തിക്കുമെന്നും പ്രതിരോധമന്ത്രി പറഞ്ഞു.

അനിൽ അംബാനിക്കെതിരെ രണ്ടാമത്തെ കോടതിയലക്ഷ്യ ഹർജിയാണ് സുപ്രീംകോടതയിൽ എറിക്‌സൺ ഫയൽ ചെയ്യുന്നത്. അംബാനിയെ ജയിലിൽ അടയ്ക്കണമെന്നും വിദേശയാത്രയ്ക്കു വിലക്ക് ഏർപ്പെടുത്തണമെന്നുമാണു ഹർജിയിലെ ആവശ്യം. 550 കോടി രൂപ എറിക്‌സണിനു നൽകാനുണ്ടെന്നാണു കേസ്.