മുംബൈ: ക്രിക്കറ്റ് എന്നാൽ എന്തെന്ന് പഠിപ്പിച്ചു തന്ന പ്രിയ ഗുരുനാഥന്റെ ചിതയെരിഞ്ഞപ്പോൾ ക്രിക്കറ്റ് ദൈവം വിങ്ങിപ്പൊട്ടി. സച്ചിനും കാംബ്ലിയും ചങ്ക് പൊട്ടി കരഞ്ഞപ്പോൾ ആരാധക ഹൃദയം പൊട്ടുകയായിരുന്നുവെന്നതാണ് സത്യം. രമാകാന്ത് അച് രേക്കറുടെ ശവസംസ്‌കാരചടങ്ങിൽ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരാണ് സന്നിഹിതരായിരുന്നത്. മുംബൈയിലെ ശിവാജി പാർക്കിനടുത്തുള്ള ശ്മശാനത്തിലാണ് അച്രേക്കറിന്റെ ഭൗതികദേഹം ദഹിപ്പിച്ചത്.

അച്‌രേക്കറുടെ ഭൗതികദേഹം ചുമക്കാൻ സച്ചിനുമുണ്ടായിരുന്നു. പൊതുദർശനത്തിനു വെച്ച മൈതാനത്ത് നിന്ന് ശ്മശാനത്തിലേക്കുള്ള അച്രേക്കറുടെ അന്ത്യയാത്രയിൽ അദ്ദേഹത്തിന്റെ ശിഷ്യന്മാർ ആദരമർപ്പിച്ചു. 'അമർ രഹേ' എന്നുറക്കെ പറഞ്ഞ് ബാറ്റുയർത്തിയായിരുന്നു കുട്ടികളുടെ ആദരം. സച്ചിനോടൊപ്പം വിനോദ് കാംബ്ലി, ബൽവീന്ദർ സിങ്ങ് സന്ധു, ചന്ദ്രകാന്ത് പണ്ഡിറ്റ് തുടങ്ങിയ ശിഷ്യന്മാരും അന്ത്യോപചാരം അർപ്പിക്കാനെത്തിയിരുന്നു.

മഹാരാഷ്ട്ര നവനിർമ്മാൺ സേന തലവൻ രാജ് താക്കറെ, എംഎ‍ൽഎയും ബിജെപി നേതാവുമായ ആഷിശ് ഷെഹ്ലാർ, മേയർ വിശ്വനാഥ് മാഹാദേശ്വർ എന്നിവരും അച്രേക്കർക്ക് ആദരമർപ്പിച്ചു.മുംബൈ ശിവാജി പാർക്കിലെ വീട്ടിൽ ബുധനാഴ്‌ച്ചയായിരുന്നു എൺപത്തിയാറുകാരനായ അച്രേക്കറുടെ അന്ത്യം. 1990-ൽ കായികപരിശീലകർക്ക് നൽകുന്ന ദ്രോണാചര്യ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. 2010ൽ പത്മശ്രീ നൽകി രാജ്യം രമാകാന്ത് അച്രേക്കറെ ആദരിച്ചു.