ന്യൂഡൽഹി: പണ്ട് വയലാർ രാമവർമ്മ ഒരു പ്രസംഗത്തിൽ പറഞ്ഞത് പോലെ നമ്മൾ പാടിനടന്നിരുന്ന മധുരമനോജ്ഞ മധുര ചൈനയില്ലേ... ആ ചൈന നശിച്ചിരിക്കുന്നു. അവിടെ ചതിയന്മാരാണിപ്പോൾ. അവർ നമ്മളെ ഇനിയും ഉപദ്രവിക്കും. ഇനി ആ കവിതയെ ഹോ... കുടില കുതന്ത്ര ഭയങ്കര ചൈനേ എന്നു ഞാൻ തിരുത്തുന്നു' എന്ന് പറഞ്ഞതായി ചേലങ്ങാട് ഗോപാലകൃഷ്ണൻ എഴുതിയ 'വയലാർ' എന്ന പുസ്തകത്തിൽ കുറിച്ചിട്ടുണ്ട്. അതിർത്തിയിൽ ചൈന വീണ്ടും പണി തുടങ്ങിയിരിക്കുകയാണ്. ചൈന കൂടുതൽ സൈനികരെ വിന്യസിച്ചതായി ഇന്ത്യൻ സൈനിക മേധാവി മനോജ് മുകുന്ദ് നരവാനെ. ഇത് ആശങ്ക ഉളവാക്കുന്ന കാര്യമെങ്കിലും കഴിഞ്ഞ ആറുമാസമായി സ്ഥിതിഗതികൾ സാധാരണ നിലയിലെന്നും അദ്ദേഹം പറഞ്ഞു.

കിഴക്കൻ ലഡാക്കിലെ സുരക്ഷ വിലയിരുത്തിയതിന് ശേഷമാണ് സൈനിക മേധാവിയുടെ പ്രസ്താവന. ചൈന അതിർത്തിയിൽ അടിസ്ഥാന സൗകര്യം വികസിപ്പിക്കുകയും കൂടുതൽ സൈനികരെ വിന്യസിക്കുകയും ചെയ്യുന്നുണ്ട്. ഇത് ഇന്ത്യ നിരീക്ഷിച്ചു വരികയാണ്: നരവാനെ പറഞ്ഞു.നിലവിൽ അതിർത്തി ശാന്തമാണ്. ചൈനയ്ക്ക് മറുപടി നൽകാൻ ഇന്ത്യ തയ്യാറാണ്. ഏത് സാഹചര്യം നേരിടാനും കരുത്തുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് സൈനിക മേധാവി ലഡാക്കിലെത്തിലെത്തിയത്. ഓഗസ്റ്റ് ആദ്യവാരത്തിൽ ഇരു രാജ്യങ്ങളും സൈന്യത്തെ പിൻവലിച്ചതിന് ശേഷം ആദ്യമായാണ് സൈനിക മേധാവി ലഡാക്കിൽ സന്ദർശനം നടത്തുന്നത്.

അടുത്ത ആഴ്ച ലഡാക് പ്രശ്‌നവും, സൈനികരെ പിൻവലിക്കലും അടക്കം ആലോചിക്കാൻ 13 ാമത് റൗണ്ട് ചർച്ചകൾ നടക്കും. സംഘർഷ സാധ്യതയുള്ള മേഖലകളിലെ പ്രശ്‌നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കാൻ കഴിയുമെന്നാണ് തന്റെ ശുഭപ്രതീക്ഷയെന്ന് സൈനിക മേധാവി പറഞ്ഞു.

കുന്തമുനയായി കെ-9 വജ്ര ഹോവിറ്റ്‌സർ

ലഡാക്ക് മേഖലയിൽ സൈന്യത്തിന്റെ ആദ്യത്തെ കെ-9 വജ്ര ഹോവിറ്റ്‌സർ റെജിമെന്റിനെ നിയന്ത്രണ രേഖയിൽ വിന്യസിച്ചിട്ടുണ്ട്. ഹോവിറ്റ്‌സർ പീരങ്കികൾക്ക് 50 കിലോമീറ്റർ ദൂരത്തിൽ ശത്രുപാളയത്തെ ലക്ഷ്യമിടാനാകും. മാത്രമല്ല, ഉയർന്ന മേഖലകളിലും വളരെ ഫലപ്രദമാണ് ഈ പീരങ്കികൾ. ഒരു മുഴുവൻ റെജിമെന്റിനെയും അവിടെ വിന്യസിച്ചത് ഗുണം ചെയ്യുമെന്നും സൈനിക മേധാവി വ്യക്തമാക്കി. ദക്ഷിണ കൊറിയയും ഇന്ത്യയും സംയുക്തമായി വികസിപ്പിച്ചതാണ് വജ്ര കെ 9 ടി പീരങ്കികൾ. 2018 ലാണ് ഇവ രാജ്യത്തിനായി സമർപ്പിച്ചത്.

മേക്ക് ഇൻ ഇന്ത്യ പദ്ധതി പ്രകാരം ലാഴ്‌സൻ ആൻഡ് ട്യൂബ്ലോ ഗുജറാത്തിലാണ് 155എംഎം -52കാലിബർ പീരങ്കികൾ നിർമ്മിക്കുന്നത്. 4500 കോടിയുടെ കരാറിൽ സൂററ്റിൽ നിന്ന് 30 കിലോമീററർ അകലെയാണ് നിർമ്മാണ ശാല. 42 മാസത്തിനുള്ളിൽ ഇത്തരം 100 സംവിധാനങ്ങൾ നൽകണമെന്നാണ് കരാർ. ദക്ഷിണ കൊറിയയിൽ നിന്ന് 10 പീരങ്കികളാണ് ഭാഗങ്ങളായി ഇവിടെ എത്തിച്ചത്. പിന്നീട് എൽ ആൻഡ് ടി ഇവിടെ അസംബിൾ ചെയ്യുകയായിരുന്നു. പീരങ്കിക്ക് 50 ടൺ ഭാരമുണ്ട്. 47 കിലോ ബോംബ് വർഷിക്കാൻ ശേഷിയുണ്ട്. സീറോ റേഡിയസിൽ നിൽക്കുന്ന സ്ഥലത്ത് തന്നെ ചുറ്റി തിരിയാൻ ശേഷിയുണ്ട്. രാജ്യത്തിന്റെ പടിഞ്ഞാറൻ അതിർത്തിയിൽ സൈന്യത്തിന്റെ പ്രതിരോധ ശേഷിയിൽ മുഖ്യപങ്കാണ് ഹോവിറ്റ്‌സറുകൾ വഹിക്കുന്നത്.

നിയന്ത്രണ രേഖ മറികടന്നത് ഓഗസ്റ്റിൽ

കിഴക്കൻ ലഡാക്കിലും വടക്കുമാണ് ചൈന കൂടുതൽ സൈന്യത്തെ വിന്യസിച്ചിരിക്കുന്നത്. നൂറോളം ചൈനീസ് സൈനികർ ഉത്തരാഖണ്ഡിലെ അതിർത്തി കടന്ന് ഇന്ത്യയിൽ പ്രവേശിച്ചതായി വാർത്ത വന്നിരുന്നു. ഓഗസ്റ്റ് മുപ്പതിനാണ് ഇവർ അതിർത്തി കടന്നെത്തിയതെന്ന് വാർത്താ ഏജൻസിയായ എഎൻഐയാണ് റിപ്പോർട്ട് ചെയ്തത്. ബാരാഹോതി സെക്ടറിലെ യാർഥ നിയന്ത്രണ രേഖ കടന്ന് ഉള്ളിലേക്ക് കടക്കുകയും കുറച്ചുമണിക്കൂറുകൾ ചിലവഴിച്ച ശേഷം മടങ്ങിപ്പോവുകയും ചെയ്യുകയായിരുന്നെന്നാണ് റിപ്പോർട്ട്. കുതിരപ്പുറത്തെത്തിയ സംഘം, പ്രദേശത്ത് നാശനഷ്ടങ്ങൾ വരുത്തിയെന്നും തുടർന്ന് ഇന്ത്യൻ സേന മേഖലയിൽ പട്രോളിങ് നടത്തിയെന്നും സൂചനയുണ്ട്. ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമി (പി.എൽ.എ.) സൈനികർ ഉത്തരാഖണ്ഡിൽ യഥാർഥ നിയന്ത്രണ രേഖ മറികടന്നാണ് ഇന്ത്യൻ അതിർത്തിയിലേക്ക് കടന്നത്.

ചൈനീസ് നീക്കത്തിന് പിന്നാലെ ഇന്ത്യ മറുപടിയെന്നോണം പ്രദേശത്ത് പട്രോളിങ് നടത്തി. അതേസമയം, ചൈനീസ് സൈന്യത്തിന്റെ കടന്നുകയറ്റത്തെ കുറിച്ച് ഔദ്യോഗിക പ്രസ്താവനകൾ ഉണ്ടായിട്ടില്ല. അതിർത്തിയിലെ രണ്ട് നിർണായക പ്രദേശങ്ങളിൽനിന്ന് സമ്പൂർണ സൈനിക പിന്മാറ്റത്തിന് ഇന്ത്യയും ചൈനയും സമ്മതിച്ചിട്ടുണ്ടെങ്കിലും കിഴക്കൻ ലഡാക്കിലെ പല മേഖലകളിലും ഇരു രാജ്യങ്ങളും തമ്മിൽ സംഘർഷം നിലനിൽക്കുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് ചൈനീസ് സൈനികരുടെ കടന്നുകയറ്റം എന്നതും ശ്രദ്ധേയമാണ്.

അതിർത്തിയിൽ തുടർച്ചയായ സേനിവിന്യാസം വഴി ചൈന നൽകുന്നത് ഇന്ത്യയ്ക്കുള്ള കൃത്യമായ സന്ദേശമാണെന്ന് വിദേശകാര്യ നിരീക്ഷകർ പറയുന്നു. കൊറോണയ്ക്ക് ശേഷം ലോകമേധാവിത്തം ചൈനയ്ക്ക് തന്നെ എന്ന് തെളിയിക്കാൻ വേണ്ടിയാണ് അതിർത്തിയിൽ ചൈന പട നിരത്തിയത്. ഇന്ത്യ ഈ കാര്യത്തിൽ ശ്രദ്ധാലുവായിരിക്കണം എന്ന സന്ദേശം ഇന്ത്യയ്ക്ക് നൽകുകയാണ് ചൈന ചെയ്തത്.