പനജി: ഇന്ത്യൻ ക്രിക്കറ്റ് താരം ജസ്പ്രീത് ബുമ്ര വിവാഹിതനായി. ക്രിക്കറ്റ് ഷോകളിലെ അവതാരകയെന്ന നിലയിൽ ശ്രദ്ധേയയായ മോഡൽ സഞ്ജന ഗണേശാണ് വധു. ലളിതമായ വിവാഹ ചടങ്ങിൽ ബുമ്രയുടേയും സഞ്ജനയുടേയും കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.

ബുമ്ര തിങ്കളാഴ്ച വിവാഹിതനാകുമെന്ന് നേരത്തെതന്നെ റിപ്പോർട്ടുണ്ടായിരുന്നു. താരം തന്നെയാണ് സമൂഹമാധ്യമത്തിൽ വിവാഹച്ചടങ്ങുകളുടെ ചിത്രം പങ്കുവച്ചത്.

'പ്രണയം, നിങ്ങൾ യോഗ്യനാണെന്ന് കണ്ടെത്തിയാൽ, അതു നിങ്ങളുടെ വിധി നിർണയിക്കും. ഞങ്ങൾ ഒരുമിച്ച് ഒരു പുതിയ യാത്ര ആരംഭിച്ചു. ഇന്നു ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിവസങ്ങളിലൊന്നാണ്. ഞങ്ങളുടെ വിവാഹ വാർത്തയുടെ സന്തോഷം നിങ്ങളുമായി പങ്കുവയ്ക്കാൻ കഴിഞ്ഞത് അനുഹ്രഹമാണ്.' ബുമ്ര ട്വീറ്റ് ചെയ്തു

വിവാഹത്തിന് മുൻപുള്ള ചടങ്ങുകൾ ഞായറാഴ്ച ഗോവയിൽ പൂർത്തിയായിരുന്നു. തിങ്കളാഴ്ച നടക്കുന്ന വിവാഹച്ചടങ്ങിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിന് ഉൾപ്പെടെ വിലക്കുന്നുണ്ടെന്നും അറിയിപ്പുണ്ടായിരുന്നു.

വിവാഹവാർത്ത പരസ്യപ്പെടുത്തിയതിനു പിന്നലെ നവവധൂവരന്മാർക്ക് ആശംസയുമായി നിരവധി പേർ രംഗത്തെത്തി. 'അഭിനന്ദനങ്ങൾ, ഇരുവരെയും ദൈവം അനുഗ്രഹിക്കട്ടെ. ഒരുപാട് സ്‌നേഹം.' ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോലിയുടെ ആശംസ ഇങ്ങനെയായിരുന്നു. പുതിയയാത്രയ്ക്ക് എല്ലാ ഭാവുകങ്ങളും നേർന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഔദ്യോഗിക പേജിൽനിന്നും ആശംസയെത്തി. ശിഖർ ധവാൻ, ക്രുണാൻ പാണ്ഡ്യ, സുരേഷ് റെയ്‌ന, കുൽദീപ് യാദവ്, കെ.എൽ.രാഹുൽ തുടങ്ങിയ മറ്റു താരങ്ങളും ആശംസകൾ നേർന്നു.

ഇന്ത്യൻ ദേശീയ ടീമിൽ അംഗമായ ബുമ്ര ഇംഗ്ലണ്ടിനെതിരായ ട്വന്റി20, ഏകദിന പരമ്പരകളിൽനിന്ന് പിന്മാറിയതോടെയാണ് വിവാഹ വാർത്ത സജീവമായത്. ഇതിനു പിന്നാലെ ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിൽനിന്നു കൂടി ബുമ്ര അവധിയെടുത്തതോടെ വിവാഹ വാർത്ത കൂടുതൽ വ്യാപകമായി.

ടെലിവിഷൻ പ്രേക്ഷകരായ ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്ക് സുപരിചിതയാണ് സഞ്ജന. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മത്സരങ്ങൾക്കും മുൻപും ശേഷവുമുള്ള ഷോകളുടെ അവതാരകയായി സഞ്ജന സജീവമാണ്. ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐപിഎലിൽ) കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനായും ഇത്തരം ഷോകളുടെ അവതാരകയായിട്ടുണ്ട്.

സ്റ്റാർ സ്‌പോർട്‌സിനായി 'മാച്ച് പോയിന്റ്', ചീക്കി സിംഗിൾസ്' തുടങ്ങിയ ക്രിക്കറ്റ് ഷോകളുടെയും പ്രീമിയർ ബാഡ്മിന്റൻ ലീഗുമായി ബന്ധപ്പെട്ട് 'ദിൽ സേ ഇന്ത്യ' എന്ന ഷോയുടെയും അവതാരകയെന്ന നിലയിൽ ശ്രദ്ധേയയാണ്.