ദോഹ: ഖത്തറിലേക്ക് യാത്ര ചെയ്യുന്നവർ മരുന്നുകൾ കൈവശം വെക്കുന്നതിൽ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി ഇന്ത്യൻ എംബസി. നിരോധിത മരുന്നുകൾ കൈവശമില്ലെന്ന് ഉറപ്പാക്കി കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചുവേണം മരുന്നുകൾ ഖത്തറിലേക്ക് കൊണ്ടുവരാനെന്ന് ഇന്ത്യൻ എംബസി വ്യക്തമാക്കി.

ഖത്തറിൽ അനുവദനീയമായ മരുന്നുകൾ വ്യക്തിഗത ആവശ്യത്തിന് ഉപയോഗിക്കുന്നതിനായി നിശ്ചിത അളവിൽ മാത്രം കരുതുക. ഇവയ്ക്കൊപ്പം മരുന്ന് കഴിക്കേണ്ടതിന്റെ ആവശ്യകത ഉൾപ്പെടെ സർക്കാർ അംഗീകൃത ആശുപത്രികളിലെ അംഗീകൃത ഡോക്ടറുടെ കുറിപ്പ് യാത്രക്കാരുടെ കൈവശം ഉണ്ടായിരിക്കണം. 30 ദിവസത്തേക്ക് കഴിക്കാനുള്ള മരുന്നുകൾ മാത്രമെ കൊണ്ടുവരാൻ അനുമതിയുള്ളൂ.

ലിറിക, ട്രമഡോൾ, അൽപ്രാസോളം(സനാക്സ്), ഡയസ്പാം(വാലിയം), സോലം, ക്ലോനസെപാം, സോൾപിഡിം, കൊഡിൻ, മെത്തഡോൺ, പ്രെഗാബലിൻ എന്നിവയെല്ലാം ഖത്തറിൽ നിരോധിച്ചവയാണ്. സൈക്കോട്രോപിക്, നാർക്കോട്ടിക് പദാർത്ഥങ്ങൾ അടങ്ങിയ മരുന്നുകൾ ഖത്തറിൽ നിരോധിച്ചിട്ടുണ്ട്. ഖത്തറിൽ നിരോധിച്ച മരുന്നുകളുടെ വിശദമായ പട്ടിക സന്ദർശിച്ച് പരിശോധിക്കുക.

ഖത്തറിൽ നിരോധിച്ച മരുന്നുകൾ കൊണ്ടുവരുന്നവർക്ക് അറസ്റ്റും ജയിൽശിക്ഷയും ഉൾപ്പെടെ നിയമനടപടികൾ നേരിടേണ്ടി വരുമെന്നതിനാൽ യാത്രക്കാർ ജാഗ്രത പുലർത്തുക. സുഹൃത്തുക്കൾ, കുടുംബാംഗങ്ങൾ എന്നിവർക്കുള്ള മരുന്നുകൾ യാത്രക്കാർ കൊണ്ടുവരരുതെന്നും ഇന്ത്യൻ എംബസിയുടെ നിർദ്ദേശത്തിൽ വ്യക്തമാക്കുന്നു.