അജ്മാൻ: യുഎഇയിലെ അജ്മാനിൽ എടിഎമ്മിൽ കണ്ടെത്തിയ പണം അധികൃതരെ ഏൽപ്പിച്ച ഇന്ത്യക്കാരന് അജ്മാൻ പൊലീസിന്റെ ആദരം. പ്രവാസി ഇന്ത്യക്കാരനായ പാണ്ഡ്യനെയാണ് പൊലീസ് പ്രശംസാപത്രവും പാരിതോഷികവും നൽകി ആദരിച്ചത്.

എടിഎമ്മിൽ നിന്ന് പണം പിൻവലിച്ച ആരോ ഒരാൾ ബാങ്ക് രസീത് കൈപ്പറ്റിയ ശേഷം പണം എടുക്കാൻ മറന്നു. പിന്നാലെ എടിഎമ്മിൽ കയറിയ പാണ്ഡ്യൻ ഈ പണം കാണുകയായിരുന്നു. 'അദ്ദേഹത്തെ ഓർത്ത് എനിക്ക് വിഷമം തോന്നി. ചിലപ്പോൾ ആ പണം അദ്ദേഹം മരുന്ന് വാങ്ങാനോ കുടുംബത്തിന് ഭക്ഷണം വാങ്ങാനോ വേണ്ടിയാവാം പിൻവലിച്ചത്'- പാണ്ഡ്യൻ പറഞ്ഞു.

പണം പിൻവലിച്ചയാളുടെ സ്ഥാനത്ത് തന്നെ സങ്കൽപ്പിച്ചപ്പോൾ എത്രയും വേഗം അത് അധികൃതരെ ഏൽപ്പിക്കാനാണ് തോന്നിയതെന്നും സമൂഹത്തോടുള്ള തന്റെ ഉത്തരവാദിത്തമായാണ് കണക്കാക്കുന്നതെന്നും പാണ്ഡ്യൻ പ്രതികരിച്ചു.

പണം തിരികെ നൽകി പാണ്ഡ്യൻ സമൂഹത്തിന് നല്ലൊരു മാതൃകയായിരിക്കുകയാണെന്നും പൊലീസിനോട് സഹകരിക്കുന്ന ഇത്തരം വ്യക്തികളെ ആദരിക്കുന്നതിൽ പൊലീസ് വകുപ്പ് കാണിക്കുന്ന താൽപ്പര്യവും ഇതിലൂടെ വ്യക്തമാകുന്നതായി പൊലീസിലെ ഡെപ്യൂട്ടി കമാൻഡർ ഇൻ ചീഫ് ഓഫീസ് മേധാവിയായ ലെഫ്. കേണൽ അബ്ദുല്ല ഖൽഫാൻ അബ്ദുല്ല അൽ നുഐമി പറഞ്ഞു.