ന്യൂഡൽഹി: ലോകമെമ്പാടും യുക്തിവാദ പ്രസ്ഥാനങ്ങൾക്ക് വളർച്ചയുണ്ട്. യൂറോപ്പിൽ അടക്കം പള്ളികളിൽ പോലും ആളുകൾ ഇല്ലാത്ത അവസ്ഥയിലേക്ക് കാര്യങ്ങൾ നീങ്ങുന്നു. മതത്തിൽ വിശ്വസിച്ചു ജീവിക്കുന്ന സമൂഹങ്ങളുടെ എണ്ണം ആഗോള തലത്തിൽ തന്നെ കുറഞ്ഞു വരികയാണ്. ഇതെല്ലാം സമകാലിക ലോകത്ത് മിക്ക സർവേകളിലും തെളിഞ്ഞിരിക്കുന്ന കാര്യമാണ്. സയൻസിനും ശാസ്ത്രീയതക്കും പ്രാധാന്യം നല്കുന്ന യുവ സമൂഹമാണ് എങ്ങും വളർന്നു വരുന്നത്. ആഗോള തലത്തിൽ നടക്കുന്ന ഇത്തരം മാറ്റങ്ങൾ ഇന്ത്യയിലും പ്രതിഫലിക്കുന്നുണ്ടെന്നാണ് പുറത്തുവരുന്ന സർവേ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഇന്ത്യയിൽ കഴിഞ്ഞ അഞ്ച് വർഷമായി മുസ്ലിം യുവാക്കൾക്കിടയിൽ മതപരമായ പ്രവർത്തനങ്ങളിൽ ഗണ്യമായ ഇടിവ് രേഖപ്പെടുത്തിയതായി സർവേ റിപ്പോർട്ടാണ് ഒടുവിൽ പുറത്തു വരുന്നത്. മുസ്ലിം യുവാക്കൾ ഹിന്ദു, സിഖ്, ക്രിസ്ത്യൻ യുവാക്കളിൽ നിന്ന് വ്യത്യസ്തമായി ചിന്തിക്കുന്നുവെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. സെന്റർ ഫോർ ദി സ്റ്റഡി ഓഫ് ഡെവലപ്പിങ് സൊസൈറ്റീസ്(സി.എസ്.ഡി.എസ്) ആണ് പഠനം നടത്തിയത്.

18 സംസ്ഥാനങ്ങളിലായി 18 മുതൽ 34 വയസ് വരെ പ്രായമുള്ള 6,277 പേരിൽ ഈ വർഷം ജൂലൈ-ഓഗസ്റ്റ് മാസങ്ങളിൽ നടത്തിയ സർവേയുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയ്യാറാക്കിയത്. 'ഇന്ത്യൻ യൂത്ത്: ആപ്പിറേഷൻസ് ആൻഡ് വിഷൻ ഫോർ ദ ഫ്യൂച്ചർ' എന്ന തലക്കെട്ടിലാണ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. പഴയകാലത്തേതു പോലെ മുസ്ലിം യുവാക്കൾ മതത്തിൽ മാത്രം ചുറ്റിപ്പറ്റി നിൽക്കാൻ തൽപ്പര്യപ്പെടുന്നില്ലെന്നാണ് സർവേയിൽ കണ്ടെത്തുന്നത്.

ആരാധനാലയങ്ങളിൽ പ്രവേശിക്കുന്നവരുടെ എണ്ണത്തിലും മുസ്ലിങ്ങൾക്കിടയിൽ വലിയ ഇടിവുണ്ടായതായി റിപ്പോർട്ടിൽ പറയുന്നു. 2016ൽ 85 ശതമാനം മുസ്ലിം യുവാക്കളും ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഭാഗമായിരുന്നു. എന്നാൽ 2021ൽ ഇത് 79 ശതമാനമായി കുറഞ്ഞു എന്നാണ് റിപ്പോർട്ടിലുള്ളത്.

മുസ്ലിങ്ങൾക്കിടയിൽ പ്രാർത്ഥന, ഉപവാസം, മതപരമായ കാര്യങ്ങൾ വായിക്കുകയോ കാണുകയോ ചെയ്യുക എന്നിവയുടെ അനുപാതം 2016ലെ സർവേയിൽ ഉണ്ടായിരുന്നതിനേക്കാൾ കുറഞ്ഞു. ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട കണക്കിൽ മറ്റ് മതങ്ങൾക്കിടയിലും ഇടിവുണ്ടായെങ്കിലും മുസ്ലിങ്ങൾക്കിടയിലാണ് ഏറ്റവും ഉയർന്ന നിരക്ക് കാണിക്കുന്നത്. ഹിന്ദുക്കൾ നാല് ശതമാനവും ക്രിസ്ത്യൻ രണ്ട് ശതമാനവും സിഖുകാരിൽ ഒരു ശതമാനവും ഇടിവുണ്ടായപ്പോൾ മുസ്ലിംങ്ങളിൽ ആറ് ശതമാനമാണ് ഇടിവുണ്ടായത്.

അതേസമയം മതത്തിന്റെ പേരിൽ മറ്റുള്ളവരിൽ നിന്ന് കടുത്ത വിവേചനം നേരിടുന്നത് മുസ്ലിം സമുദായമാണെന്നും സർവേ കണ്ടെത്തി. മതന്യൂനപക്ഷങ്ങളായ ക്രിസ്ത്യാനികളും സിഖുകാരും ഇന്ത്യയിലെ സാമുദായിക സംഘർഷങ്ങളിൽ കടുത്ത നിരാശയാണ് രേഖപ്പെടുത്തുന്നത്. എന്നാൽ മുസ്ലിങ്ങളെ പോലെ ക്രിസ്ത്യാനികളും സിഖുകാരും മതവിവേചനം അനുഭവിക്കുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

അതേസമയം ഇത്തരം സർവേയെ തള്ളിപ്പറയുന്ന മതപുരോഹിതരമുണ്ട്. നഗരകേന്ദ്രീകൃതമായി മാത്രം സർവേ നടത്തുന്നതു കൊണ്ടാണ് യുവാക്കൾ മുസ്ലിം മതകാര്യങ്ങൾ ചെയ്യുന്നതിൽ പിന്നോട്ടു പോകുന്നത് എന്ന സർവേയിൽ പ്രതിഫലിക്കുന്നത് എന്നാണ് ലക്‌നൗവിലെ ഇസ്ലാമിക് സെന്റർ വ്യക്തമാക്കുന്നത്. സമൂഹത്തിന്റെ ഭാഗായി മുസ്ലിം രീതി പിന്തുടരുന്ന വ്യക്തിക്കും സ്വകാര്യമായി മറിച്ച് അഭിപ്രായം ഉണ്ടാകാമെന്നാണ് ഇക്കൂട്ടർ ചൂണ്ടിക്കാട്ടുന്നത്.

ആഗോള തലത്തിൽ സൗദി അറേബ്യ അടക്കം മാറ്റങ്ങൾ ഉൾക്കൊള്ളുന്ന കാലമാണ്. അതുകൊണ്ടു കൂടിയാണ് മുസ്ലിം യുവാക്കൾ മതത്തിൽ നിന്നും കൂടുതൽ അകലുന്നതെന്ന വാദം ഉയർത്തുന്നവരും കുറവല്ല.