ലണ്ടൻ: ഹരിതവാതക പ്രസരണം അത്യന്തം ആശങ്കാജനകമായ ലോകത്ത് അത് പരമാവധി കുറയ്ക്കുവാനായി നിരവധി നടപടികൾ ലോകരാജ്യങ്ങൾ സ്വീകരിക്കുന്നുണ്ട്. അണ്ണാറക്കണ്ണനും തന്നാലായത് എന്ന രീതിയിൽ ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ ഒരുപറ്റം വിദ്യാർത്ഥികളും ക്യാമ്പസിനുള്ളിലെ ഹരിതവാതക് പ്രസരണം കുറയ്ക്കുവാനുള്ള ശ്രമങ്ങൾ ആരംഭിച്ചു കഴിഞ്ഞിരിക്കുന്നു. ഇതിനായി കാമ്പസ് മാംസാഹാര വിമുക്തമാക്കുകയാണ് ഈ വിദ്യാർത്ഥികളുടെ ലക്ഷ്യം. വിഹാൻ ജയിൻ എന്ന ഇന്ത്യൻ വിദ്യാർത്ഥിയാണ് ഈ നീക്കത്തിനു പിന്നിൽ.

യൂണിവേഴ്സിറ്റിയിലെ വോർസെസ്റ്റർ കോളേജിലെ വിദ്യാർത്ഥിയായ വിഹാൻ ജെയിനും രണ്ട് സഹപാഠികളും ചേർന്നാണ് സ്റ്റുഡന്റ് യൂണീയനു മുന്നിൽ യൂണീവേഴ്സിറ്റി കാറ്ററിങ് സർവ്വീസുകളിൽ ആട്ടിറച്ചിയും മാട്ടിറച്ചിയും ഒഴിവാക്കണമെന്ന നിർദ്ദേശം സമർപ്പിച്ചത്. 9 ന് എതിരെ 31 വോട്ടുകൾക്ക് ഈ നിർദ്ദേശം കമ്മിറ്റിയിൽ സ്വീകരിക്കപ്പെട്ടു. 13 പേർ വോട്ടെടുപ്പിൽ നിന്നും വിട്ടുനിന്നു.

രാജ്യത്തെ പ്രധാനപ്പെട്ട ഒരു സർവ്വകലാശാല എന്ന നിലയിൽ, രാജ്യം മുഴുവൻ ഓക്സ്ഫോർഡ് സർവ്വകലാശാലയെ ഉറ്റുനോക്കുകയാണ്. എന്നാൽ കാലാവസ്ഥ വ്യതിയാനത്തിന് പരിഹാരമായി ഒന്നും നിർദ്ദേശിക്കാൻ യൂണിവേഴ്സിറ്റിക്കാവുന്നില്ല എന്നുപറഞ്ഞുകൊണ്ടാണ് നിവേദനം ആരംഭിക്കുന്നത്. 2030 ഓടെ ഹരിതവാതക പ്രസരണം ഇല്ലാതെയാക്കുക എന്ന യൂണിവേഴ്സിറ്റിയുടെ ലക്ഷ്യം കൈവരിക്കാൻ, കാമ്പസുകളിൽ ആട്ടിറച്ചിയും മാട്ടിറച്ചിയും നിരോധിക്കുന്നത് സഹായിക്കുമെന്ന് അതിൽ ചൂണ്ടിക്കാണിക്കുന്നു.

ഈ നിർദ്ദേശം വിദ്യാർത്ഥി യൂണിയൻ പാസാക്കിയ നിലയ്ക്ക് ഇനിമുതൽ യൂണിയൻ വിവിധ കോളേജുകളിലും യൂണിവേഴ്സിറ്റിയിലും മാംസാഹാരം കുറച്ചുകൊണ്ടുവരുന്നതിനും ക്രമേണ അത് നിർത്തലാക്കുന്നതിനുമായുള്ള പ്രചാരണം ആരംഭിക്കും. അതേസമയം, ഇത്തരത്തിൽ മാംസാഹാരം നിരോധിക്കുന്നത് പ്രാദേശിക സമ്പദ്വ്യവസ്ഥയെ തകർക്കും എന്നൊരു വാദവും ഉയരുന്നുണ്ട്. എന്നാൽ, മാംസാഹാരത്തിനു പകരമായുള്ള ആഹാരപദാർത്ഥങ്ങൾ പ്രാദേശിക വിപണിയിൽ നിന്നും വാങ്ങാമെന്നും അങ്ങനെ അക്കാര്യം പരിഹരിക്കാം എന്നുമാണ് ജയിൻ പറയുന്നത്.

ഇത്തരത്തിലുള്ള പ്രസരണങ്ങൾ ഒഴിവാക്കുവാൻ നിരവധി മാർഗ്ഗങ്ങളുണ്ട്. കൃഷി വർദ്ധിപ്പിക്കുക, ഭക്ഷ്യ വസ്തുക്കൾ പാഴാക്കുന്നത് തടയുക എന്നിങ്ങനെ ഒരുപാട് വഴികൾ ഉണ്ടെങ്കിലും, ഏറ്റവും കാര്യക്ഷമമായ മാർഗ്ഗം സസ്യാഹാരത്തിലേക്ക് തിരിയുക എന്നതാണെന്ന് ഡോ. മൈക്കൽ ക്ലാർക്ക് പറയുന്നു. സർവ്വകലാശാലയുടെ പരിസ്ഥിതി സുസ്ഥിരതാ നയത്തിലെ ഒമ്പത് മുൻഗണനകളിൽ ഒന്നാണ് സർവ്വകലാശാലയിലെ ഭക്ഷണ രീതി കൊണ്ടുണ്ടാകുന്ന കാർബൺ പ്രസരണവും ജൈവവൈവിധ്യമേഖലയിലുണ്ടാകുന്ന വിപരീതഫലങ്ങളും ചെറുക്കുക എന്നത്. 2035 ഓടെ കാർബൺ പ്രസരണം ഇല്ലാതെയാക്കുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് ഈ നയം രൂപീകരിച്ചിട്ടുള്ളത്.

നേരത്തേ കേംബ്രിഡ്ജ് സർവ്വകലാശാല ആട്ടിറച്ചിയും മാട്ടിറച്ചിയും നിരോധിച്ചിരുന്നു. ഇതിലൂടെ ഓരോ കിലോഗ്രാം ഭക്ഷണത്തിലും കാർബൺ പ്രസരണത്തിൽ 33 ശതമാനം കുറവ് കാണപ്പെടുകയുണ്ടായി. ലണ്ടൻ സ്‌കൂൾ ഓഫ് എക്കണോമിക്സ്, ഗോൾഡ് സ്മിത്ത്സ്, യൂണിവേഴ്സിറ്റി ഓഫ് ലണ്ടൻ എന്നിവിടങ്ങളിലും ആട്ടിറച്ചിയും മാട്ടിറച്ചിയും നിരോധിക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.