ന്യൂഡൽഹി: രാഷ്ട്രപതി റാം നാഥ് കോവിന്ദിന്റെയും ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡുവിന്റെയും ഭരണ കാലാവധി അടുത്തവർഷം ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലായി പൂർത്തിയാകാനിരിക്കെ കഴിഞ്ഞ തവണത്തേതിന് സമാനമായി ഇത്തവണയും പ്രധാനമന്ത്രി നരേന്ദ്ര മോദി സസ്‌പെൻസ് നിലനിർത്താൻ സാധ്യത.

ബിജെപിക്കും സഖ്യകക്ഷികൾക്കും കൂടി വ്യക്തമായ ഭൂരിപക്ഷമുള്ളതിനാൽ മോദി ആഗ്രഹിക്കുന്ന വ്യക്തികളുടെ തിരഞ്ഞെടുപ്പു സുഗമമായിരിക്കും. എങ്കിലും, പതിവു കീഴ്‌വഴക്കം പിന്തുടർന്നു രാഷ്ട്രപതി, ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പുകളിൽ പ്രതിപക്ഷവും തങ്ങളുടെ സ്ഥാനാർത്ഥികളെ മത്സരിപ്പിക്കും.

മാർച്ചിൽ നടക്കുന്ന ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി പരാജയപ്പെടുകയും തൽഫലമായി ബിജെപിക്കുള്ളിൽ സ്ഥിതിഗതികൾ മാറുകയും ചെയ്താൽ മാത്രമേ രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ എന്തെങ്കിലും നാടകീയത പ്രതീക്ഷിക്കേണ്ടതുള്ളൂ.

രാജ്യത്തെ ഉയർന്ന രണ്ടു പദവികളിലും ഒരു ടേമിൽ കൂടുതൽ അനുവദിക്കേണ്ട എന്ന രീതി പിന്തുടരാനാണു നരേന്ദ്ര മോദി തീരുമാനിക്കുന്നതെങ്കിൽ അദ്ദേഹത്തിനു മുന്നിൽ സാധ്യതകൾ ഒരുപാടുണ്ട്. അടുത്ത രാഷ്ട്രപതിക്കും ഉപരാഷ്ട്രപതിക്കും 2027 വരെ തുടരാനാകും. ഉപരാഷ്ട്രപതി സ്ഥാനത്തേക്കു പുതിയമുഖത്തെ കൊണ്ടുവന്നിട്ടു വെങ്കയ്യ നായിഡുവിനെ രാഷ്ട്രപതി സ്ഥാനത്തേക്കു ശുപാർശ ചെയ്യുകയാണ് ഒരു പ്രധാന സാധ്യത.

നാലുവർഷം മുൻപു രാഷ്ട്രപതി, ഉപരാഷ്ട്രപതി പദവികളിലേക്കു താൻ ആരെയാണു ശുപാർശ ചെയ്യാൻ പോകുന്നതെന്ന കാര്യം അവസാനനിമിഷംവരെ മോദി മനസ്സിൽ സൂക്ഷിച്ചു. അദ്ദേഹത്തോട് അടുപ്പമുള്ള കേന്ദ്രമന്ത്രിമാർക്കും ബിജെപി നേതാക്കൾക്കും പോലും സൂചനയൊന്നും ലഭിച്ചില്ല. അന്നത്തെ ബിജെപി അധ്യക്ഷൻ അമിത് ഷാ മാത്രമാണ് ഒരു പരിധിവരെ മോദിയുടെ ആലോചനകളിൽ പങ്കാളിയായത്. അടുപ്പമുള്ളവരോടുപോലും മനസ്സ് തുറക്കാതെ അവസാനനിമിഷം വരെ സസ്‌പെൻസ് നിലനിർത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇത്തവണയും അതു തുടരാനാണു സാധ്യത

മന്ത്രിമാർ, ഗവർണർമാർ, നേതാക്കൾ തുടങ്ങിയവരിൽ ഒട്ടേറെപ്പേർ പ്രതീക്ഷയോടെ കാത്തുനിൽക്കെ, രാഷ്ട്രീയക്കാരല്ലാത്തവരെയും മോദി പരിഗണിക്കുന്നതായി അഭ്യൂഹം പരന്നു. 2002ൽ അടൽ ബിഹാരി വാജ്പേയി എ.പി.ജെ. അബ്ദുൽകലാമിനെ രാഷ്ട്രപതിയായി ശുപാർശ ചെയ്തതുപോലൊരു നീക്കം മോദി നടത്തിയേക്കുമെന്നായിരുന്നു ചർച്ചകൾ. പക്ഷേ, 2017ൽ മന്ത്രിമാരിൽ എം.വെങ്കയ്യ നായിഡുവിനായിരുന്നു ഏറ്റവും സാധ്യത കൽപിക്കപ്പെട്ടിരുന്നത്.

അദ്ദേഹത്തിന്റെ പരിചയസമ്പത്തു മാത്രമായിരുന്നില്ല അനുകൂലഘടകം, നായിഡു വരികയാണെങ്കിൽ ഭരണഘടനാപദവിയിൽ വടക്കുതെക്കു സന്തുലനം കൂടിയാകും. നായിഡു അന്നു പറഞ്ഞത് തനിക്കു രാഷ്ട്രപതിയാകേണ്ട, 'ഉഷാപതി'യായി തുടർന്നുകൊള്ളാം എന്നാണ്. അദ്ദേഹത്തിന്റെ ഭാര്യ ഉഷയെ പരാമർശിച്ചായിരുന്നു ഇത്. ഒടുവിൽ മോദി നിർദേശിച്ചത് അധികമാരും ശ്രദ്ധിക്കാതിരുന്ന ബിഹാർ ഗവർണർ റാം നാഥ് കോവിന്ദിന്റെ പേരാണ്.

ഭരണഘടനാ വിഷയത്തിൽ പ്രാഗൽഭ്യമുള്ള അഭിഭാഷകൻ കൂടിയായ കോവിന്ദ്, മുൻപ്രധാനമന്ത്രി മൊറാർജി ദേശായിയുടെ കൂടെ പ്രവർത്തിച്ചിരുന്നു. ഉത്തർപ്രദേശിൽനിന്നുള്ള രാജ്യസഭാ അംഗവും പട്ടികവിഭാഗത്തിൽ നിന്നുള്ള നേതാവുമാണ്. രാഷ്ട്രീയം ഉപേക്ഷിക്കാൻ താൽപര്യമില്ലാതിരുന്ന നായിഡുവിനു സമ്മർദങ്ങൾക്കൊടുവിൽ ഉപരാഷ്ട്രപതിയാകാൻ സമ്മതിക്കേണ്ടിവന്നു. ബിജെപിക്കു ഭൂരിപക്ഷമില്ലാതിരുന്ന രാജ്യസഭയിൽ സഭാനടപടികൾ നായിഡു വിജയകരമായി നടത്തി. ജമ്മു കശ്മീർ കേന്ദ്ര ഭരണപ്രദേശമാക്കി വിഭജിച്ചതടക്കം കലുഷിതമായ നിയമനിർമ്മാണങ്ങൾ അദ്ദേഹം രാജ്യസഭയിൽ പാസാക്കിയെടുത്തു. രാഷ്ട്രീയ അസ്ഥിരത അഭിമുഖീകരിക്കാതെ, രാഷ്ട്രപതി എന്ന നിലയിൽ കോവിന്ദും മികച്ച രീതിയിലാണു പ്രവർത്തിച്ചത്.

രണ്ടുപേരെയും ഒരു ടേം കൂടി തുടരാൻ അനുവദിക്കുക എന്ന പ്രലോഭനവും മോദിയുടെ മുന്നിലുണ്ട്. 2024ൽ ലോക്‌സഭാ തിരഞ്ഞെടുപ്പു നടക്കുമ്പോൾ ത്രിശങ്കുസഭ വരികയാണെങ്കിൽ ആ സാഹചര്യത്തെ ക്ഷമയോടെ കൈകാര്യം ചെയ്യാൻ കോവിന്ദിനു കഴിയും. രാജ്യസഭയിൽ എൻഡിഎ ഭൂരിപക്ഷത്തിനു തൊട്ടടുത്താണെങ്കിലും നായിഡുവിന്റെ ആകർഷകവ്യക്തിത്വവും കാർക്കശ്യവും ചേരുമ്പോൾ നിയമനിർമ്മാണ നടപടികൾ സുഗമമാകുമെന്നു ബിജെപി വിശ്വസിക്കുന്നു.

ഇരുപദവികളിലും മാറ്റം വരുത്താതെ രണ്ടാം ടേം അനുവദിച്ച ഏക പ്രധാനമന്ത്രി ജവാഹർലാൽ നെഹ്‌റുവാണ്. 1957ൽ അദ്ദേഹം രാഷ്ട്രപതി രാജേന്ദ്രപ്രസാദിനെയും ഉപരാഷ്ട്രപതി എസ്.രാധാകൃഷ്ണനെയും തുടരാൻ അനുവദിച്ചു. വർഷങ്ങൾക്കുശേഷം 2012ൽ ഹാമിദ് അൻസാരിക്ക് ഉപരാഷ്ട്രപതി സ്ഥാനത്ത് ഒരു ടേം കൂടി നൽകാൻ മന്മോഹൻസിങ്ങും തീരുമാനിച്ചു. എ.പി.ജെ. അബ്ദുൽ കലാം അടക്കം രാഷ്ട്രപതിയും ഉപരാഷ്ട്രപതിയുമായിരുന്ന പലരും ഒരു ടേം കൂടി ആഗ്രഹിച്ചിരുന്നെങ്കിലും അവർക്കാർക്കും അവസരം ലഭിച്ചില്ല.

രാജ്യത്തെ ആദ്യ മൂന്ന് ഉപരാഷ്ട്രപതിമാരും എസ്. രാധാകൃഷ്ണൻ, സക്കീർ ഹുസൈൻ, വി.വി. ഗിരി പിന്നീടു രാഷ്ട്രപതിമാരായി. തുടർന്നുള്ള മൂന്നുപേർജി.എസ്.പാഠക്, ബി.ഡി.ജെട്ടി, എം. ഹിദായത്തുല്ല രാഷ്ട്രപതി ഭവനിൽ എത്തിയില്ല. അടുത്ത മൂന്നു പേർആർ. വെങ്കിട്ടരാമൻ, ശങ്കർ ദയാൽ ശർമ, കെ.ആർ. നാരായണൻരാഷ്ട്രപതിമാരായി. എന്നാൽ തുടർന്നുവന്ന മൂന്നു പേരും കൃഷ്ണകാന്ത്, ഭൈരോൺ സിങ് ഷെഖാവത്ത്, ഹാമിദ് അൻസാരി ഉപരാഷ്ട്രപതിമാരായിത്തന്നെ വിരമിച്ചു. നായിഡുവിന് അനുകൂലമായ തീരുമാനം പ്രതീക്ഷിച്ച് ആരാധകർ കാത്തിരിക്കുന്നു. എന്നാൽ അന്തിമ തീരുമാനം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മനസ്സിലാണ് ഉള്ളത്.