ലക്‌നൗ: ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ വ്യക്തി ഇനി സമാജ് വാദി പാർട്ടിയിൽ. രാജ്യത്തെ ഏറ്റവും ഉയരം കൂടിയ മനുഷ്യനായ ധർമേന്ദ്ര പ്രതാഭ് സിംഗാണ് കഴിഞ്ഞ ദിവസം സമാജ് വാദി പാർട്ടിയിൽ ചേർന്നത്. സമാജ്‌വാദി പാർട്ടി സംസ്ഥാന പ്രസിഡന്റ് നരേഷ് പട്ടേലാണ് ഇദ്ദേഹത്തിന്റെ പാർട്ടി പ്രവേശം പ്രഖ്യാപിച്ചത്. സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിന്റെയും സംസ്ഥാന നേതാക്കളുടേയും സാന്നിധ്യത്തിലാണ് ധർമേന്ദ്ര പ്രതാഭ് സിങ് പാർട്ടിയിൽ അംഗത്വമെടുത്തത്. ഉത്തർ പ്രദേശിലെ പ്രതാഭ് ഘട്ട് സ്വദേശിയാണ് ധർമേന്ദ്ര പ്രതാഭ് സിങ്.

സമാജ്‌വാദി പാർട്ടിയുടെ നയങ്ങളിൽ ആകൃഷ്ടനായാണ് ധർമേന്ദ്ര പ്രതാഭ് സിങ് പാർട്ടിയിൽ അംഗത്വമെടുത്തതെന്നും അദ്ദേഹത്തിന്റെ വരവ് പാർട്ടിയെ കൂടുതൽ ശക്തിപ്പെടുത്തുമെന്നും സമാജ്‌വാദി പാർട്ടി വക്താവ് രാജേന്ദ്ര ചൗധരി പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിലടക്കം ധർമേന്ദ്രയെ പ്രയോജനപ്പെടുത്താനാണ് പാർട്ടിയുടെ നീക്കം.

ധർമേന്ദ്രയുടെ ഉയരം എട്ടടി ഒരിഞ്ചാണ്. ലോകത്തെ ഏറ്റവും ഉയരം കൂടിയ മനുഷ്യന് ധർമേന്ദ്രയേക്കാൾ 11 സെൻിമീറ്റർ കൂടുതൽ ഉയരമാണുള്ളത്. ഫെബ്രുവരി പത്തിനും മാർച്ച് ഏഴിനുമിടയിൽ ഏഴു ഘട്ടങ്ങളായാണ് ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. മാർച്ച് പത്തിനാണ് വോട്ടെണ്ണൽ.

ഭരണകക്ഷിയായ ബിജെപിയോട് ഏറ്റുമുട്ടാൻ സർവ സന്നാഹങ്ങളും പുറത്തെടുക്കുകയാണ് സമാജ്‌വാദി പാർട്ടി. അഖിലേഷ് യാദവിന്റെ നേതൃത്വത്തിൽ ബിജെപിയിൽ നിന്നുള്ള മന്ത്രിമാരെ വരെ പാർട്ടിയിലെത്തിച്ചാണ് സമാജ്‌വാദി പാർട്ടി തെരഞ്ഞെടുപ്പ് പോരാട്ടം കനപ്പിക്കുന്നത്. അഖിലേഷിന്റെ ബന്ധുക്കളെ തന്നെ അടർത്തിയെടുത്തും പാർട്ടിയിൽ ചേർത്തും ബിജെപി തിരിച്ചടിക്കുന്നുമുണ്ട്. യു.പിയിൽ ജനകീയാടിത്തറയുള്ള മായാവതിയുടെ ബി.എസ്‌പിയും നഷ്ടപ്പെട്ട ജനസ്വാധീനം തിരിച്ചുപിടിക്കാൻ പതിനെട്ടടവും പയറ്റി പ്രിയങ്കയുടെ നേതൃത്വത്തിൽ കോൺഗ്രസും അണിചേരുന്നു.