അബുദാബി: ഇൻഡിഗോ വിമാനങ്ങൾക്ക് ഏർപ്പെടുത്തിയ പ്രവേശന വിലക്ക് പിൻവലിച്ച് യുഎഇ. വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30 മുതൽ യുഎഇയിലേക്കുള്ള വിമാനസർവീസ് പുനരാരംഭിക്കുമെന്ന് ഇൻഡിഗോ അധികൃതർ അറിയിച്ചു.

റാപിഡ് പി സി ആർ ടെസ്റ്റ് നടത്താതെ യാത്രക്കാരനെ ദുബായിയിൽ എത്തിച്ചതിനു ഒരാഴചത്തേക്ക് യുഎഇ ഇൻഡിഗോയ്ക്ക് വിലക്കേർപ്പെടുത്തുകയായിരുന്നു. ദുബായ് അധികൃതരുമായി നടത്തിയ ചർച്ചയെത്തുടർന്നാണ് വിലക്ക് പിൻവലിച്ചത്.

യാത്രക്കാരെ ബാധിക്കും എന്നതിനാലാണ് യു എ ഇ അധികൃതർ ഇപ്പോൾ വിലക്ക് പിൻവലിച്ചത്. യാത്ര പുറപ്പെടുന്നതിന് 6 മണിക്കൂർ മുൻപ് യാത്രക്കാർ വിമാനത്താവളങ്ങളിൽ എത്തണമെന്നാണ് നിർദ്ദേശം.

ദുബായിലേയ്ക്ക് വരുന്നതിന് ജിഡിആർഎഫ്എ അനുമതി നേടുന്നതിനൊപ്പം 48 മണിക്കൂറിനുള്ളിലും ആറ് മണിക്കൂറിനുള്ളിലും രണ്ട് പിസിആർ പരിശോധന നടത്തേണ്ടതുണ്ട്. കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുള്ളവർക്ക് മാത്രമാണ് യാത്രയ്ക്ക് അനുമതി.