ന്യൂഡൽഹി: എയർ ഇന്ത്യ ടാറ്റയിലേക്ക് തിരിച്ചെത്തിയപ്പോൾ അത് വൈകാരികമായ നേട്ടം കൂടിയാണ്. 1932 ൽ ജെ.ആർഡി ടാറ്റ രൂപീകരിച്ച ടാറ്റാ എയർലൈൻസാണ് പിന്നീട് എയർ ഇന്ത്യയായി മാറിയത്. അതിന്റെ ആദ്യെൈ ലസൻസുള്ള പൈലറ്റുമായിരുന്നു ടാറ്റ. സ്വാതന്ത്ര്യത്തിന് ശേഷം ടാറ്റ എയർലൈൻസിനെ ദേശസാൽകരിക്കുകയായിരുന്നു. 1953ൽ അന്നത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു ദേശസാത്ക്കരണ നടപടികളുടെ ഭാഗമായി എയർ ഇന്ത്യയെ പൊതുമേഖലയിലേക്ക് ഏറ്റെടുക്കുകയായിരുന്നു. ഇപ്പോൾ എയർ ഇന്ത്യ ടാറ്റ തിരിച്ചുപിടിക്കുമ്പോൾ പഴയ ഒരു കത്ത് വൈറലാവുകകയാണ്. 1978ലെ ഒരു കത്ത്. ജെ.ആർ.ഡി.ടാറ്റയെ എയർ ഇന്ത്യ ചെയർമാൻ പദവിയിൽ നിന്ന് മാറ്റിയപ്പോൾ മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി എഴുതിയതാണ് കത്ത്. കോൺഗ്രസ് നേതാവ് ജയറാം രമേശാണ് ഇന്ദിരയുടെ കത്തും ജെ.ആർ.ഡി ടാറ്റയുടെ മറുപടിക്കത്തും പുറത്തുവിട്ടത്. പിന്നാലെ സോഷ്യൽ മീഡിയ അതേറ്റെടുത്തു.

ഡിയർ ജെ,

താങ്കൾ എയർ ഇന്ത്യയോടൊപ്പം ഇനിയില്ല എന്നതിൽ ഞാൻ ഏറെ ദുഃഖിതയാണ്. വേർപിരിയുന്നതിൽ താങ്കൾക്കുള്ള അതേ വിഷമം എയർ ഇന്ത്യക്കുമുണ്ടാകും. അവർക്ക് താങ്കൾ വെറുമൊരു ചെയർമാൻ ആയിരുന്നില്ല. അങ്ങനെ ഒരു പ്രസ്ഥാനം ആരംഭിച്ച്, സ്വന്തമെന്ന തികഞ്ഞ ബോധ്യത്തോടെ അതിനെ ഇതുവരെ വളർത്തിക്കൊണ്ടുവന്ന ഒരു രക്ഷിതാവുതന്നെ ആയിരുന്നു. ചെറിയ കാര്യങ്ങളിൽ പോലും താങ്കൾ കാണിച്ച അതീവ സൂക്ഷ്മതയും ശ്രദ്ധയും, വിമാനത്തിന്റെ അലങ്കാരം മുതൽ എയർഹോസ്റ്റസുമാരുടെ സാരിയിൽ വരെ, എയർ ഇന്ത്യയെ അന്താരാഷ്ട്ര നിലവാരത്തിലേക്കും ഏറ്റവും മികച്ചതിലേക്കും ഉയർത്തി. നിങ്ങളെ കുറിച്ചും എയർ ഇന്ത്യയെ കുറിച്ചും ഞങ്ങൾ അഭിമാനം കൊള്ളുകയാണ്. ആ സംതൃപ്തിയും സർക്കാരിന് അതിന്റെ പേരിൽ അങ്ങയോടുള്ള കടപ്പാടും ആർക്കും തന്നെ കുറച്ചു കാണാനാവില്ല.

നമുക്കിടയിൽ ചില തെറ്റിദ്ധാരണകൾ ഉണ്ടായി. എന്നാൽ, നിത്യേന എനിക്ക് ഇക്കാര്യത്തിൽ നേരിടേണ്ടി വരുന്ന രാഷ്ട്രീയ സമ്മർദ്ദത്തെക്കുറിച്ചോ, ഇതിന്റെ പേരിൽ വ്യോമയാന വകുപ്പിനുള്ളിൽ ഞാൻ നേരിടുന്ന ശത്രുതയെക്കുറിച്ചോ ഒന്നും അങ്ങയോട് വെളിപ്പെടുത്താൻ എനിക്ക് സാധിക്കില്ല. ഇതിൽ കൂടുതലൊന്നും പറയാനുമാവില്ല.

എല്ലാ ആശംസകളും

വിശ്വസ്തതയോട,

ഇന്ദിര'

1932ൽ ജെ.ആർ.ഡി ടാറ്റ തുടങ്ങിയ ടാറ്റ എയർ സർവിസാണ് പിന്നീട് എയർ ഇന്ത്യയായി മാറിയത്. 1953ൽ ടാറ്റ എയർലൈൻസിനെ സർക്കാർ ഏറ്റെടുക്കുകയായിരുന്നു. 1978 വരെ ജെ.ആർ.ഡി ടാറ്റ എയർ ഇന്ത്യ ചെയർമാൻ പദവിയിൽ തുടർന്നു.

1978ൽ മൊറാർജി ദേശായി സർക്കാറിന്റെ കാലത്താണ് ജെ.ആർ.ഡി ടാറ്റയെ എയർ ഇന്ത്യ ചെയർമാൻ പദവിയിൽ നിന്ന് നീക്കിയത്. പിന്നീട്, 1980ൽ ഇന്ദിര ഗാന്ധി അധികാരത്തിൽ തിരിച്ചെത്തിയപ്പോൾ ജെ.ആർ.ഡി ടാറ്റയെ എയർ ഇന്ത്യ ഡയറക്ടർ ബോർഡിൽ അംഗമാക്കാൻ ശ്രമം നടത്തിയെങ്കിലും അദ്ദേഹം തയാറായിരുന്നില്ല.

ഇന്ദിര ഗാന്ധിയുടെ അന്നത്തെ കത്തിന് ജെ.ആർ.ഡി ടാറ്റ നൽകിയ മറുപടിയും ജയറാം രമേശ് പങ്കുവെച്ചിട്ടുണ്ട്.

പ്രിയ ഇന്ദിര,

എയർ ഇന്ത്യയുമായുള്ള എന്റെ ബന്ധം അവസാനിപ്പിച്ചുകൊണ്ട് സർക്കാർ സ്വീകരിച്ച നടപടിയുടെ പേരിൽ ഇങ്ങനെയൊരു കത്ത് താങ്കൾ എഴുതിയതിന് നന്ദി. ഈ സ്ഥാപനത്തെ കെട്ടിപ്പടുക്കുന്നതിൽ ഞാനെടുത്ത അധ്വാനത്തെപ്പറ്റി പരാമർശിച്ചത് ഏറെ സ്പർശിച്ചു. എന്റെ വിശ്വസ്തരായ ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായ ആവേശഭരിതമായ പ്രവർത്തനവും സർക്കാറിന്റെ ഭാഗത്തുനിന്നുള്ള അകമഴിഞ്ഞ പിന്തുണയും കൂടാതെ ആ നേട്ടം കൈവരിക്കാൻ എനിക്ക് സാധിക്കില്ലായിരുന്നു.

സുഖമെന്ന് കരുതുന്നു, എല്ലാ വിധ ആശംസകളും

വിശ്വസ്തതയോടെ, ജെ'.'

അറുപത്തിയേഴു വർഷങ്ങൾക്കു ശേഷമാണ് എയർ ഇന്ത്യ ടാറ്റ ഗ്രൂപ്പിലേക്കു തിരിച്ചെത്തുന്നത്. 1932ൽ ടാറ്റ എയർലൈൻസ് എന്ന പേരിലാണ് വിമാന കമ്പനി സ്ഥാപിതമായത്. 1953ൽ ഇത് സർക്കാർ ദേശസാത്കരിച്ചു.60,000 കോടിയുടെ നഷ്ടമാണ് നിലവിൽ എയർ ഇന്ത്യയ്ക്കുള്ളത്. കമ്പനി നടത്തിക്കൊണ്ടു പോകുന്നതുവഴി പ്രതിദിനം 20 കോടി രൂപ നഷ്ടം സർക്കാർ സഹിക്കുന്നുണ്ട്.

എയർഇന്ത്യയെ ദേശസാൽക്കരിക്കുമ്പോള് എന്നാൽ തങ്ങളെ ഉചിതമായി കേൾക്കാതെയായിരുന്നു സർക്കാരിന്റെ നടപടിയെന്ന് ചൂണ്ടിക്കാട്ടി ജെ.ആർ.ഡി ടാറ്റ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന് കത്തയച്ചു. എയർ ഇന്ത്യ തിരികെ ടാറ്റാ ഗ്രൂപ്പിലേക്ക് എത്തുന്ന നാൾ താൻ കാണുന്നുവെന്നായിരുന്നു ജെ.ആർ.ഡി ടാറ്റയുടെ അന്നത്തെ വാക്കുകൾ. എയർഇന്ത്യയുടെ പൂർവരൂപമായ ടാറ്റ എയർലൈൻസ് മാത്രമാണ് തന്റെ സൃഷ്ടിയെന്നും മറ്റു കമ്പനികളെല്ലാം തന്നിലേക്ക് വന്നുചേരുകയായിരുന്നെന്നും ജെആർഡി ടാറ്റ ഒരിക്കൽ വികാരഭരിതനായി ഓർമിച്ചെടുത്തിരുന്നു.

2018 ൽ എയർ ഇന്ത്യ ആദ്യമായി വിൽക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചപ്പോഴും ടാറ്റാ ഗ്രൂപ്പ് താൽപര്യം പ്രകടിപ്പിച്ചിരുന്നു. എന്നാൽ 76 ശതമാനം ഓഹരികൾ വിൽക്കാനാണ് അന്ന് കേന്ദ്രം തീരുമാനിച്ചത്. 100 ശതമാനം ഓഹരികൾ വാങ്ങാതെ വിസ്താര എയർ ഇന്ത്യ ലയനം സാധ്യമാക്കാത്തതിനാൽ അന്ന് ടാറ്റ പിന്മാറുകയായിരുന്നു.