കണ്ണൂർ: മുഖ്യമന്ത്രിയുടെ ജില്ലയായ കണ്ണൂരിൽ വ്യവസായ മന്ത്രിയുടെ നേതൃത്വത്തിൽ നടക്കുന്ന അദാലത്തിലേക്ക് പരാതി പ്രളയം.വിവിധ സംരഭങ്ങൾ തുടങ്ങി പെരുവഴിയിലായവരും തുടങ്ങാനായി ക്ലിയറൻസ് ലഭിക്കാതെ കാത്തുകെട്ടി നിൽക്കുന്നവരുമാണ് അദാലത്തിലൂടെ പരാതി പരിഹരിക്കുന്നതിനായി അപേക്ഷ നൽകിയിട്ടുള്ളത്.

ജില്ലയിലെ വ്യവസായ, ഖനന മേഖലകളിലെ സംരംഭകർ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് 13ന് വ്യവസായമന്ത്രി പി രാജീവിന്റെ നേതൃത്വത്തിൽ നടത്തുന്ന മീറ്റ് ദ മിനിസ്റ്റർ പരിപാടിയിലേക്ക് ലഭിച്ചത് ഇതുവരെ 80 പരാതികളാണ്. ഇതിൽ 79 എണ്ണം സ്വീകരിച്ചു. പരാതിക്കാരന്റെ മതിയായ വിവരങ്ങൾ ഇല്ലാത്തതിനാൽ ഒരു പരാതി മാറ്റിവച്ചു.

ഖനന മേഖലയുമായി ബന്ധപ്പെട്ട് 13 പരാതിയാണ് ലഭിച്ചത്. കളിമണ്ണ് ഖനനത്തിന് ജില്ലയിൽ അനുമതി നൽകണമെന്നാവശ്യപ്പെട്ട് മൂന്ന് പരാതി വകുപ്പിന് ലഭിച്ചിട്ടുണ്ട്. നിലവിൽ കളിമണ്ണ് ഖനനത്തിന് ജില്ലയിൽ അനുമതിയില്ല. ചെങ്കൽഖനനം, ക്വാറി തുടങ്ങിയവക്ക് പഞ്ചായത്ത് ലൈസൻസ് അനുവദിക്കാത്തതുമായി ബന്ധപ്പെട്ടും പരാതികൾ ലഭിച്ചു. കയർമേഖലയുടെ നവീകരണം, തൊഴിലാളികളുടെ പ്രശ്നങ്ങൾ എന്നിവ സംബന്ധിച്ച് ഒൻപതു പരാതിയാണ് വ്യവസായവകുപ്പിൽ ലഭിച്ചത്. വായ്പവിതരണം, ലൈസൻസ്, വിവിധ വകുപ്പുകളിൽനിന്നുള്ള അനുമതി തുടങ്ങിയവ സംബന്ധിച്ചും പരാതി ലഭിച്ചു.

ഒരോ പരാതിയിലും അതത് സ്ഥാപനവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയാണ് അദാലത്തിന് പരിഗണിച്ചത്. മുൻഗണനാക്രമത്തിൽ ടോക്കൺ നൽകി ഒരുസമയം 10 പേരെയാണ് അദാലത്ത് ഹാളിലേക്ക് കടത്തിവിടുക. പൂർണമായും കോവിഡ് മാനദണ്ഡം പാലിക്കും. തളിപ്പറമ്പ്, തലശേരി എന്നിവിടങ്ങളിലെ താലൂക്ക് വ്യവസായകേന്ദ്രത്തിലും ജില്ലാ വ്യവസായകേന്ദ്രത്തിലും നേരിട്ടും ഓൺലൈനിലുമാണ് പരാതി സ്വീകരിച്ചത്.

ചേംബർ ഓഫ് കോമേഴ്സ് ഹാളിൽ നടക്കുന്ന മീറ്റ് ദി മിനിസ്റ്റർ പരിപാടിയിൽ വ്യവസായ, വാണിജ്യ വകുപ്പ് സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ്, ഡയറക്ടർ എസ് ഹരികിഷോർ, കെഎസ്ഐഡിസി ഡയറക്ടർ എം ജി രാജമാണിക്യം, കിൻഫ്ര, കെഎസ്ഐഡിസി, മറ്റ് വ്യവസായ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും. രാവിലെ 10 മുതൽ പകൽ ഒന്നുവരെയാണ് അദാലത്ത്. നേരത്തെ ബക്കളത്ത് പാർത്ഥാസ് കൺവെൻഷൻ സെന്റർ തുടങ്ങാൻ അനുമതി ലഭിക്കാത്തതിനെ തുടർന്ന് പ്രവാസി വ്യവസായ സംരഭകൻ പാറയിൽ സാജൻ ജീവനൊടുക്കിയത് വൻവിവാദമായിരുന്നു.

സി.പി. എം ഭരണം നടത്തുന്ന ആന്തൂർ നഗരസഭയുമായുള്ള തർക്കം കാരണമാണ് ക്ലിയറൻസ് നീണ്ടുപോയത്. ഇതേ സാഹചര്യത്തിൽ തന്നെ മുടങ്ങിപ്പോയ ഒട്ടേറെസംരഭങ്ങൾ കണ്ണൂരിലുണ്ട്. സി.പി. എം നേതൃത്വത്തിന്റെയോ, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെയോ കണ്ണിലെ കരടായതിനെ തുടർന്നാണ് ഇവരുടെ സംരഭങ്ങൾ മുടങ്ങിപ്പോയത്. ഇത്തരം സംരഭകരും മന്ത്രി നടത്തുന്ന അദാലത്തിൽ പങ്കെടുക്കുന്നുണ്ട്.