ഭോപ്പാൽ: നാലാമത്തെ പ്രസവത്തിലും ആൺകുട്ടിയെ ഉണ്ടാകാത്തതിന്റെ പേരിൽ യുവതിയെ ഭർത്താവും ബന്ധുക്കളും ചേർന്ന് കഴുത്തുഞെരിച്ച് കൊന്നു. മധ്യപ്രദേശിലെ ശിവപുരി ജില്ലയിലാണ് സംഭവം.

മൂന്ന് മാസം മുൻപാണ് നാലാമത്തെ പെൺകുട്ടിക്ക് യുവതി ജന്മം നൽകിയത്. നാലാമത്തെ കുഞ്ഞും ആൺകുട്ടിയാവാത്തതോടെ ഭർത്താവും അച്ഛനും അമ്മയും ചേർന്ന് കൊലപ്പെടുത്തുകയായിരുന്നു. സ്ത്രീധനത്തെ ചൊല്ലിയും തർക്കം നിലനിന്നിരുന്നു. സാവിത്രി ഭാഗേലാണ് കൊല്ലപ്പെട്ടത്.

ഭർത്താവ് രത്തൻ സിങ്, പിതാവ് കിലോൽഡ് സിങ്, അമ്മ ബെനൂ ബായ് എന്നിവരാണ് സാവിത്രി ബാഗേലിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. ശിവപുരി ജില്ലാ ആസ്ഥാനത്ത് നിന്ന് 80 കിലോമീറ്റർ അകലെയുള്ള ദിൻഡോലി ഗ്രാമത്തിലാണ് സംഭവമെന്ന് പൊലീസ് ഇൻസ്പെക്ടർ രാംരാജ തിവാരി പറഞ്ഞു.

പെൺകുട്ടികളെ പ്രസവിച്ചതിന്റെ പേരിൽ വീട്ടുകാർ സാവിത്രിയെ ക്രൂരമായി മർദ്ദിച്ചിരുന്നതായി സഹോദരൻ കൃഷ്ണ പറഞ്ഞു. മൂന്ന് മാസം മുൻപാണ് നാലാമത്തെ പെൺകുട്ടി ജനിച്ചത്. സ്ത്രീധനത്തിന്റെ പേരിലും വല്ലാതെ ഉപദ്രവിച്ചതായും സഹോദരൻ പറഞ്ഞു.

പ്രതികൾക്കെതിരെ ഐപിസി 302, 304 ബി വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്. എന്നാൽ കേസിൽ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.