ശ്രീനഗർ: ജമ്മു കശ്മീരിൽ വൻ ആയുധധാരികളായ ഭീകരസംഘം നുഴഞ്ഞുകയറാൻ ശ്രമം. നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള ഉറി സെക്ടറിൽ മൊബൈൽ ഫോൺ, ഇന്റർനെറ്റ് സേവനങ്ങൾ തത്കാലത്തേക്ക് നിർത്തിവെച്ചു. ഭീകരസംഘത്തെ കണ്ടെത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന് സൈന്യം വ്യക്തമാക്കി.

പ്രദേശത്ത് കൂടുതൽ സൈനികരെ നിയോഗിച്ചിട്ടുണ്ട്. ഉറിയിലെ വലിയൊരു പ്രദേശം സൈന്യം വളഞ്ഞിരിക്കുകയാണ്. നുഴഞ്ഞുകയറ്റക്കാരെ കണ്ടെത്താനുള്ള സൈന്യത്തിന്റെ ഓപ്പറേഷൻ കഴിഞ്ഞ 30 മണിക്കൂറായി പ്രദേശത്ത് പുരോഗമിക്കുകയാണ്. എന്നാൽ ഈ സംഘത്തെ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നാണ് വിവരം.നുഴഞ്ഞുകയറാൻ ശ്രമിച്ചവർ രാജ്യത്ത് പ്രവേശിച്ചോ അതോ മടങ്ങിപ്പോയോ എന്ന കാര്യത്തിൽ സ്ഥിരീകരണമായിട്ടില്ല.

ഈ വർഷം മാത്രം ഇത് രണ്ടാം തവണയാണ് ഭീകരവാദികൾ രാജ്യത്തേക്ക് നുഴഞ്ഞുകയറാൻ ശ്രമിക്കുന്നത്. എന്നാൽ ഈ വർഷം അതിർത്തിയിൽ വെടിനിർത്തൽ ലംഘനങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് സൈനിക ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു.