ന്യൂഡൽഹി/തിരുവനന്തപുരം: കേന്ദ്ര സംസ്ഥാന ബജറ്റുകൾ കേരളത്തിലെ സാധാരണക്കാരന് നൽകിയ ഇരുട്ടടിയുടെ ദുരിതഫലം മുതൽ മലയാളികൾ അനുഭവിച്ചു തുടങ്ങി. ഉപ്പു മുതൽ കർപ്പൂരം വരെയുള്ള സാധനങ്ങൾക്ക് വില കൂടി തുടങ്ങി. ഇതിനിടെ അന്താരാഷ്ട്ര വിപണിയിലെ എണ്ണവിലയിൽ ഉണ്ടായ ഇടിവിന് അനുസൃതമായി രാജ്യത്തെ എണ്ണക്കമ്പനികൾ വിലകുറച്ചെങ്കിലും അതിന്റെ പ്രയോജനവും മലയാൡകൾക്ക് ലഭിക്കില്ല. പെട്രോൾ ലീറ്ററിന് 49 പൈസയും ഡീസലിന് 1.21 രൂപയും കുറച്ചെങ്കിലും കെ എം മാണി അവതരിപ്പിച്ച സംസ്ഥാന ബജറ്റിൽ അധിക സെസ് ഈടാക്കാൻ തീരുമാനിച്ചതോടെ ഒറു രൂപയോളം ഡീസലിനും പെട്രോളിനും വില ഉയർന്നു. ഇത് മലയാളികൾക്ക് കനത്ത തിരിച്ചടിയാണ് സമ്മാനിച്ചത്.

പെട്രോളിന് ഒരു രൂപ രണ്ട് പൈസയും ഡീസലിന് ഒരു രൂപ ഒരു പൈസയുമാണ് വർധിച്ചത്. കൊച്ചി, തിരുവനന്തപുരം നഗരങ്ങളിൽ പെട്രോളിനു ഒരു രൂപ അൻപത്തിയേഴ് പൈസയും ഡീസലിനു ഒരു രൂപ ആറുപൈസയും കൂടി. സംസ്ഥാന സർക്കാർ വില ഉയർത്തിയതിനാൽ എണ്ണ കമ്പനികൾ വിലകുറച്ചത് കേരളത്തിലെ ഉപഭോക്താക്കൾക്ക് ഫലത്തിൽ പ്രയോജനം ചെയ്യില്ല. ഇത് കൂടാതെ കേന്ദ്ര-സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച പല കാര്യങ്ങളും പ്രാബല്യത്തിൽ വരുന്നത് ഇന്ന് മുതലാണ്. എണ്ണവില ഉയർന്നതിന് പിന്നാലെ കെഎസ്ആർടി ടിക്കറ്റുകൾക്ക് അധിക സെസ് ഏർപ്പെടുത്തിയതും സംസ്ഥാനത്തെ സാധാരണക്കാർക്ക് കനത്ത തിരിച്ചടിയാണ് സമ്മാനിച്ചത്. കെഎസ്ആർടിസിയിൽ 15 രൂപയ്ക്ക് മുകളിലുള്ള ടിക്കറ്റുകൾക്കു സെസ് ഏർപ്പെടുത്തിയതോടെയാണ് ഒരു രൂപ മുതൽ പത്തു രൂപ വരെ അധികമായി നൽകേണ്ടി വരും.

പുതിയ കണക്ക് പ്രകാരം 15 മുതൽ 24 വരെ ഒരു രൂപയും 25 മുതൽ 49 വരെ രണ്ടുരൂപയും 50 മുതൽ 74 വരെ മൂന്നുരൂപയും 75 മുതൽ 99 വരെ നാലുരൂപയും 100ന് മുകളിലെ ടിക്കറ്റുകൾക്ക് 10 രൂപയുമാണ് സെസ് അധികമായി ഈടാക്കുന്നത്. കേന്ദ്ര റെയിൽവേ ബജറ്റിലെ നിർദേശങ്ങശങ്ങളും ഇനിയുള്ള ദിവസങ്ങളിൽ സാധാരണക്കാരുടെ ജീവിതത്തെ താളം തെറ്റിക്കും. റെയിൽവേ ചരക്കുകൂലി വർധിക്കുന്നതോടെ നിത്യോപയോഗ സാധനങ്ങൾക്കടക്കം വില കൂടും. ഉപഭോക്തൃസംസ്ഥാനമായ കേരളത്തിന് ഏറ്റവും വലിയ തിരിച്ചടിയാകുക ഇതാകും. സാധാരണക്കാരുടെ വാഹനമായ ഇരുചക്രവാഹനങ്ങൾക്കും വിലകൂടും.

നിർമ്മാണ മേഖലയെ കാത്തിരിക്കുന്നതും നല്ല നാളുകളല്ല. സിമന്റ്ിന്റെയും സ്റ്റീലിന്റെയും വിലവർദ്ധനവ് സർക്കാർ പദ്ധതികളെ അടക്കം ബാധിക്കും. സിനിമാ ടിക്കറ്റിന് അടക്കം വില ഉയരുന്നത് ഇന്ന് മുതലാകും. സംസ്ഥാന ബജറ്റിൽ ഇതിനുള്ള നിർദേശമുണ്ടായിരുന്നു. പുതിയ സാമ്പത്തിക വർഷമായ ഇന്ന് മുതൽ ഉണ്ടാകുന്ന പ്രധാന അധിക ചെലവ് ചുവടേ കൊടുക്കുന്നു:

  • പെട്രോൾ വില കുറച്ചെങ്കിലും ഒരു രൂപ കൂടും.
    കെഎസ്ആർടിസി അധിക സെസ്, പത്ത് രൂപയ്ക്ക് മുകളിൽ നിരക്കുയരും.
    ഇരുചക്രവാഹനങ്ങളുടെ നികുതിയിൽ വർധന.
    വസ്തു ഇടപാടിൽ അഡ്വാൻസ് തുക നൽകുന്നതുൾപ്പെടെ എല്ലാവിധ കരാറുകൾക്കും ഇനി 500 രൂപയുടെ മുദ്രപ്പത്രം.
    ഹോട്ടൽ ഭക്ഷണത്തിന് വില ഉയരും.
    റെയിൽവേ ചരക്കുകൂലി നിരക്ക് വർധിക്കുന്നത് കേരളത്തിൽവിലക്കയറ്റത്തിന് ഇടയാക്കും.
    വീട് നിർമ്മാണ സാമഗ്രികൾക്ക് ചെലവേറും
    സേവനങ്ങൾക്ക് രണ്ടുശതമാനം അധികനികുതി
    കോള പാനീയങ്ങൾക്ക് വില ഉയരും.