കോഴിക്കോട്: ഒരുമിച്ചു പോകാത്ത പക്ഷം ഐഎൻഎല്ലിന്റെ മന്ത്രിസ്ഥാനം സിപിഎം ഏറ്റെടുക്കും പോലുള്ള സാഹചര്യത്തിൽ ഇടപെടൽ നടത്തി കാന്തപുരം വിഭാഗം. സിപിഎം നിലപാട് കടുപ്പിച്ചതോടെ കാന്തപുരം വിഭാഗം പ്രശ്‌നം തീർക്കാൻ ഇടപെടൽ നടത്തുകയായിരുന്നു. ഇതോടെ വീട്ടുവീഴ്‌ച്ചകൾക്ക് കാസിം ഇരിക്കൂർ വിഭാഗം തയ്യാറായി. വിട്ടുവീഴ്ചകൾക്ക് തയ്യാറാകുമെന്നും ചർച്ചകൾ തുടരുമെന്നും ഐ.എൻ.എൽ കാസിം ഇരിക്കൂർ വിഭാഗം അറിയിച്ചു. കാന്തപുരവുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു കാസിം ഇരിക്കൂറിന്റെ പ്രതികരണം. ഐക്യത്തോടെ പ്രവർത്തിക്കണമെന്ന എൽ.ഡി.എഫ് നിർദ്ദേശത്തെ ഗൗരവത്തോടെ കാണുന്നുവെന്നും കാസിം ഇരിക്കൂർ പറഞ്ഞു.

അനുരഞ്ജനത്തിന്റെ എല്ലാ വാതിലുകളും തുറന്നിട്ടിരിക്കുന്നതായി കാസിം ഇരിക്കൂർ മാധ്യമങ്ങളോട് പറഞ്ഞു. എല്ലാ തരത്തിലുള്ള ആശയവിനിമയങ്ങളും നടത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാർട്ടി പിളർന്നാൽ രണ്ട് പേരും മുന്നണിക്ക് പുറത്തുപോകും എന്ന് ഇരുവിഭാഗത്തിനും നേരത്തെ സിപിഎം നൽകിയ മുന്നറിയിപ്പും കാന്തപുരം എ.പി വിഭാഗത്തിന്റെ മധ്യസ്ഥ ചർച്ചകളുമാണ് ഇപ്പാൾ ഈ മഞ്ഞുരുക്കത്തിന് കാരണമെന്നാണ് സൂചന. മന്ത്രി അഹമ്മദ് ദേവർകോവിലും മധ്യസ്ഥ ചർച്ചകൾക്ക് മുൻകൈ എടുത്തിരുന്നു.

കാസിം ഇരിക്കൂർ നേരത്തെ എ.പി അബ്ദുൾ വഹാബ് വിഭാഗവുമായി ആശയവിനിമയം നടത്തുകയും കാന്തപുരത്തെ കാണുകയും ചെയ്തിരുന്നു. ഇതോടെ വിട്ടുവീഴ്ചയ്ക്ക് തയാറാണെന്ന് തന്നെയാണ് കാസിം ഇരിക്കൂർ അറിയിച്ചിരിക്കുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ ചർച്ചകൾക്കും സമവായങ്ങൾക്കും ഇത് വഴിവെക്കുമെന്ന് ഉറപ്പാണ്. എസ്.വൈ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി ഹക്കിം അസ്ഹരിയും കാസിം ഇരിക്കൂറും തമ്മിലായിരുന്നു കോഴിക്കോട്ട് കൂടിക്കാഴ്‌ച്ച നടത്തിയത്.

രണ്ട് വിഭാഗമായി മുന്നോട്ട് പോകുകയാണെങ്കിൽ മുന്നണിയിൽ തുടരുന്നതടക്കം തടസ്സങ്ങൾ നേരിടേണ്ടി വരും. ഒരു മുന്നണിയോഗത്തിലാണെങ്കിൽ കൂടിയും ഒരുമിച്ച് വിളിക്കാൻ ബുദ്ധിമുട്ടുകളുണ്ടാകും. പാർട്ടിക്കകത്തെ പ്രശ്‌നങ്ങൾ എത്രയും പെട്ടെന്ന് പരിഹരിച്ചുകൊണ്ട് മുന്നോട്ട് പോകണമെന്നാണ് സിപിഐ.എം പറഞ്ഞിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് ഐ.എൻ.എലുമായി അടുത്ത ബന്ധമുള്ള കാന്തപുരം വിഭാഗം പ്രശ്നത്തിൽ ഇടപെടുന്നത്.

ജൂലൈ 25 ഞായറാഴ്ച രാവിലെ കൊച്ചിയിൽ ചേർന്ന നേതൃയോഗത്തിനിടെയുണ്ടായ തല്ലിന് പിന്നാലെയാണ് ഐ.എൻ.എൽ പിളർന്നതായും ജനറൽ സെക്രട്ടറിയായ കാസിം ഇരിക്കൂറിനെ പുറത്താക്കിയതായും അബ്ദുൾ വഹാബ് വിഭാഗം അറിയിച്ചത്. കാസിം ഇരിക്കൂറിന് പകരം നാസർകോയ തങ്ങളെ പുതിയ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുത്തതായി അബ്ദുൾ വഹാബ് അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ നിലവിലെ സംസ്ഥാന പ്രസിഡന്റ് അബ്ദുൾ വഹാബിനെ പാർട്ടിയിൽ നിന്നും പുറത്താക്കിയെന്നും പാർട്ടിയുടെ അഖിലേന്ത്യ അധ്യക്ഷന്റേതാണ് ഈ തീരുമാനമെന്നും ജനറൽ സെക്രട്ടറി കാസീം ഇരിക്കൂറും പറഞ്ഞിരുന്നു.