കോഴിക്കോട്: ഐ എൻ എൽ സംസ്ഥാന കമ്മിറ്റി ദേശീയ നേതൃത്വം പിരിച്ചുവിട്ടു. മന്ത്രി അഹമ്മദ് ദേവർകോവിൽ ചെയർമാനും ബി ഹംസ ഹാജി കൺവീനറുമായി ഏഴംഗ അഡ്‌ഹോക്ക് കമ്മിറ്റി രൂപീകരിച്ചു. ഇന്നലെ ഓൺലൈനായി ചേർന്ന ദേശീയ നിർവാഹക സമിതിയുടെ അടിയന്തര യോഗത്തിന്റേതാണ് തീരുമാനം. പാർട്ടിയുടെ ഭരണഘടനാപരമായ ഉത്തരവാദിത്വങ്ങൾ നിറവേറ്റുന്നതിൽ വീഴ്ച വന്നതായി കണ്ടതിന്റെ അടിസ്ഥാനത്തിലാണ് നിലവിലെ സംസ്ഥാന സെക്രട്ടറിയേറ്റ്, സംസ്ഥാന വർക്കിങ് കമ്മിറ്റി, സംസ്ഥാന കൗൺസിൽ എന്നിവ പിരിച്ചുവിടാൻ തീരുമാനിച്ചതെന്ന് ദേശീയ നേതൃത്വം അറിയിച്ചു.

ദേശീയ വൈസ് പ്രസിഡന്റ് കെ എസ് ഫക്രുദ്ദീൻ, ദേശീയ ട്രഷറർ ഡോ. എ എ അമീൻ, പിരിച്ചുവിടപ്പെട്ട സംസ്ഥാന കമ്മിറ്റി പ്രസിഡന്റ് പ്രൊഫ. എ പി അബ്ദുൽ വഹാബ്, ജന. സെക്രട്ടറി കാസിം ഇരിക്കൂർ, വൈസ് പ്രസിഡന്റ് എം എം മാഹീൻ എന്നിവരാണ് അഡ്‌ഹോക് കമ്മിറ്റിയിലെ മറ്റ് അംഗങ്ങൾ. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നടക്കുന്ന തെരഞ്ഞെടുപ്പായിരുന്നു യോഗത്തിന്റെ മുഖ്യ അജൻഡയെങ്കിലും കേരളത്തിലെ സംഘടനാ പ്രശ്‌നങ്ങളാണ് ചർച്ചയിൽ നിറഞ്ഞുനിന്നത്.

കാസിം വിഭാഗത്തിന് അനുകൂലമായി തീരുമാനമെടുത്ത യോഗത്തിൽ നിന്ന് അബ്ദുൽവഹാബും അദ്ദേഹത്തെ പിന്തുണക്കുന്നവരും വിട്ടുനിന്നു. യോഗങ്ങൾ നേരത്തെ നിശ്ചയിച്ച് അറിയിക്കലാണ് പതിവെങ്കിലും ഇന്നലത്തെ യോഗത്തിന്റെ അറിയിപ്പ് വാട്‌സ് ആപ്പിലൂടെ മാത്രമാണ് ലഭിച്ചതെന്നും അതിനാലാണ് പങ്കെടുക്കാതിരുന്നതെന്നും വഹാബ് പക്ഷം വ്യക്തമാക്കി. അഡ്‌ഹോക്ക് കമ്മിറ്റിയിൽ വഹാബ് പക്ഷത്തെ മറ്റാെരെയും ഉൾപ്പെടുത്തിയില്ല.

ബോർഡ്, കോർപ്പറേഷൻ പദവികളിലേക്ക് ആളുകളെ തീരുമാനിക്കുന്നതിലുള്ള തർക്കമാണ് ഭിന്നത രൂക്ഷമാക്കിയത്. ഉടൻ ആളെ നിയമിച്ചില്ലെങ്കിൽ പദവികൾ തിരിച്ചെടുക്കുമെന്ന് സി പി എം അന്ത്യശാസനം നൽകിയതോടെയാണ് പ്രശ്‌നപരിഹാരമെന്ന നിലയ്ക്ക് സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടത്. 2021മാർച്ച് 20ന് തന്നെ കമ്മിറ്റിയുടെ കാലാവധി കഴിഞ്ഞിരുന്നുവെന്നും അടുത്ത മാസം 31ന് മുമ്പായി പുതിയ സംസ്ഥാന വർക്കിങ് കമ്മിറ്റി ചുമതലയേൽക്കുന്ന വിധം അംഗത്വം കാംപയിനും സംഘടനാ തെരഞ്ഞെടുപ്പും പൂർത്തിയാക്കുന്നതിന് അഡ്‌ഹോക് കമ്മിറ്റിയെ അധികാരപ്പെടുത്തിയതായും ദേശീയ നേതൃത്വം അറിയിച്ചു. ഇതേ സമയം ഐഎൻഎൽ അഖിലേന്ത്യാ കമ്മിറ്റിയുടെ നടപടിയെ തള്ളിക്കളയുന്നുവെന്നും സംസ്ഥാന കമ്മിറ്റിയുമായി മുന്നോട്ട് പോകുമെന്നും പിരിച്ചുവിടപ്പെട്ട സംസ്ഥാന കമ്മിറ്റിയുടെ പ്രസിഡന്റ് പ്രൊഫ എ. പി അബ്ദുൽ വഹാബ് പറഞ്ഞു.

പാർട്ടിക്കകത്തെ അഭിപ്രായ ഭിന്നതയുടെ കാര്യത്തിൽ മധ്യസ്ഥരുണ്ടാക്കിയ ഒത്തുതീർപ്പ് വ്യവസ്ഥകളെ മാനിക്കുകയോ ഇരു വിഭാഗത്തെയും കേൾക്കുകയോ ചെയ്യാതെ ഏകപക്ഷീയമായാണ് സംസ്ഥാന കമ്മിറ്റിയെ പിരിച്ചുവിട്ടത്. പാർട്ടിയിലെ പ്രശ്‌നങ്ങൾ ചർച്ച ചെയ്യാനും പരിഹാരം കാണാനും ഇരു വിഭാഗത്തിൽ നിന്നും അഞ്ചു പേർ വീതമുള്ള ഒരു അനുരജ്ഞന സമിതിയെ മധ്യസ്ഥരുടെ സാന്നിദ്ധ്യത്തിൽ തെരഞ്ഞെടുത്തിരുന്നു. ഈ സമിതിയെ വിളിച്ചു ചേർക്കാനും ഉള്ളുതുറന്ന ചർച്ച നടത്താനുമുള്ള നിർദേശത്തെ ഒരു വിഭാഗം തള്ളിക്കളയുകയാണുണ്ടായത്. അഖിലേന്ത്യാ നേതൃത്വം അവരുടെ നിലപാടിനെ അംഗീകരിക്കുകയും ചെയ്തു.

സംസ്ഥാന കമ്മിറ്റിയുടെ ആവശ്യപ്രകാരമല്ലാതെ സംസ്ഥാന വിഷയങ്ങളിൽ അഖിലേന്ത്യാ കമ്മിറ്റി ഇടപെടരുതെന്ന് പോലും മധ്യസ്ഥ വ്യവസ്ഥയിലുണ്ടെന്നിരിക്കെ അഖിലേന്ത്യാ കമ്മറ്റിയുടെ നടപടി ഏകപക്ഷീയവും ദുരുദ്ദേശപരവുമാണ്. സംസ്ഥാനത്തെ ഭൂരിപക്ഷം പ്രവർത്തകരും ഈ തീരുമാനത്തിനെതിരാണ്. ദേശീയ കമ്മിറ്റിയെക്കൊണ്ട് സംസ്ഥാന കമ്മിറ്റിയെ പിരിച്ചുവിടാൻ മാസങ്ങളായി ഒരു വിഭാഗം നടത്തി വരുന്ന നീക്കങ്ങളാണ് ഇപ്പോഴത്തെ നടപടിക്ക് പിന്നിലുള്ളത്. ഇതംഗീകരിക്കുന്ന പ്രശ്‌നമേയില്ല. ഇടതുപക്ഷത്തോടൊപ്പം ഉറച്ച് നിന്നു കൊണ്ട് പാർട്ടി ശക്തമായി മുന്നോട്ട് പോകും. സംസ്ഥാന സമിതി വിളിച്ചു ചേർത്ത് ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്നും വഹാബ് പറഞ്ഞു.

നേരത്തെ ഐ എൻ എല്ലിൽ പിളർപ്പുണ്ടായിരുന്നെങ്കിലും ഇടതുമുന്നണി അന്ത്യശാസനം നൽകിയതോടെ ഇരുവിഭാഗങ്ങളും യോജിച്ചുപോകുകയായിരുന്നു. എന്നാൽ പ്രധാന പ്രശ്‌നങ്ങളിൽ സംഘടനയ്ക്കകത്ത് തർക്കം തുടരുകയായിരുന്നു. അഡ്‌ഹോക്ക് കമ്മിറ്റിക്ക് സമാന്തരമായി സംസ്ഥാന കമ്മിറ്റി രൂപീകരിക്കാനാണ് വഹാബ് പക്ഷത്തിന്റെ നീക്കം. ഇന്നലെ തിരുവനന്തപുരത്ത് വച്ച് പ്രൊഫ എ. പി അബ്ദുൽ വഹാബ് സി പി എം നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കാസിം ഇരിക്കൂറും മന്ത്രി അഹമ്മദ് ദേവർകോവിലും പാർട്ടിയെ പിളർത്താനാണ് ശ്രമിക്കുന്നതെന്ന് വഹാബ് സി പി എം നേതാക്കളെ ധരിപ്പിച്ചു. രാത്രിയോടെ കോഴിക്കോട്ടെത്തിയ വഹാബിന് ഐ. എൻ. എൽ പ്രവർത്തകർ റെയിൽവേ സ്റ്റേഷനിൽ സ്വീകരണം നൽകി.

ദേശീയ നിർവാഹക സമിതി യോഗത്തിൽ അഖിലേന്ത്യാ പ്രസിഡന്റ് പ്രൊഫ. മുഹമ്മദ് സുലൈമാൻ അധ്യക്ഷനായി. വർക്കിങ് പ്രസിഡന്റ് പി സി കുര്യാൽ, ജന. സെക്രട്ടറിമാരായ അഹമ്മദ് ദേവർകോവിൽ, മുസമ്മിൽ ഹുസൈൻ തുടങ്ങി വിവിധ സംസ്ഥാനങ്ങളിൽനിന്നായി 41 അംഗങ്ങൾ പങ്കെടുത്തു. കേരളത്തിൽനിന്ന് കെ. എസ് ഫക്രൂദ്ദീൻ, ഡോ. എ എ അമീൻ, കാസിം ഇരിക്കൂർ, ബി ഹംസ ഹാജി, എം എം മാഹീൻ, എം എ ലത്തീഫ്, സി പി അൻവർ സാദാത്ത്, എസ് എം ബഷീർ, കുഞ്ഞാവൂട്ടി ഖാദർ തുടങ്ങിയവരാണ് പങ്കെടുത്തത്.