കൊട്ടിയൂർ: കണ്ണൂർ - വയനാട് റോഡിലെ പാൽ ചുരത്ത് അപകടം പതിവാകുന്നു കഴിഞ്ഞ പ്രളയത്തിൽ തകർന്ന റോഡ് ഈയിടെയാണ് പുനർ നിർമ്മിച്ചത്.കഴിഞ്ഞ ദിവസം കൊട്ടിയൂർ ബോയിസ്ടൗൺ റോഡിലേക്കുള്ള വഴി കർ ചെകുത്താൻ തോടിന് സമീപം പാൽ ചുരത്തിൽ ഇന്നോവ കാർ നിയന്ത്രണം വിട്ട് റോഡരികിലെ ഓവുചാലിലേക്ക് വീണു.

കഴിഞ്ഞ ദിവസം വൈകുന്നേരം അഞ്ച് മണിയോടെയാണ് അപകടം നടന്നത്. ഇതു കാരണം ഈ റൂട്ടിൽ ഒരു മണിക്കൂറോളം നേരം ഗതാഗതം തടസ്സപ്പെട്ടു. കാറിന്റെ മുൻഭാഗത്തെ ഒരു ടയറാണ് കുഴിയിലേക്ക് പതിച്ചത്. തുടർന്ന് പൊലീസും വഴിയാത്രക്കാരും ചേർന്ന് നടത്തിയ ദീർഘനേരത്തെ പരിശ്രമത്തിനൊടുവിലാണ് വാഹനം പുറത്തെടുത്തത്. ഈ ഭാഗത്തെ റോഡ് തകർന്നതും റോഡിന് വീതികുറവും കാരണം പാൽചുരം റോഡിൽ അപകടങ്ങൾ പെരുകുന്നതിന് കാരണമാകുന്നുവെന്ന് പ്രദേശവാസികൾ പറഞ്ഞു.

നേരത്തെയുണ്ടായ രണ്ട് പ്രളയത്തിൽ തകർന്ന റോഡ് ഭാഗികമായി പുനർനിർമ്മിച്ചുവെങ്കിലും 'കൈവരികൾ സ്ഥാപിച്ചിരുന്നില്ല. അപകടം പതിവായ പാൽ ചുരത്തിൽ കൈവരികൾ നിർമ്മിക്കാത്തതിൽ പ്രദേശവാസികളും വിവിധ സംഘടനകളും പ്രതിഷേധ സമരങ്ങൾ നടത്തിയിരുന്നു.പ്രതീകാത്മക മനുഷ്യമതിൽ നിർമ്മിക്കുകയും മുളകൾ കൊണ്ട് കൈവേലി നിർമ്മിക്കുകയും ചെയ്തിരുന്നു. കണ്ണൂർ ജില്ലയിൽ നിന്നും ഏറ്റവും എളുപ്പത്തിൽ വയനാട്ടിലേക്ക് പോകാൻ കഴിയുന്ന പാതയാണ് പാൽ ചുരം.