കൊച്ചി: സമുദ്ര പ്രതിരോധത്തിൽ ആഗോള ശക്തിയാകുകയാണ് ഇന്ത്യയുടെ ലക്ഷ്യം. 1971 ൽ ബംഗാൾ ഉൾക്കടലിൽ പാക്ക് മുന്നേറ്റം ചെറുത്ത് ഇന്ത്യൻ നാവികസേനയുടെ അഭിമാനമായി മാറിയ വിമാനവാഹിനി പടക്കപ്പൽ ഐഎൻഎസ് വിക്രാന്തിന്റെ പുനർജന്മമാണ് ഐഎസി 1 എന്ന ഐഎൻഎസ് വിക്രാന്തിലൂടെ രാജ്യം ലക്ഷ്യമിടുന്നതും ഇതു തന്നെയാണ്. ഈ കപ്പലിന്റെ രൂപകൽപ്പന മുതൽ നിർമ്മാണത്തിന് ഉപയോഗിക്കുന്ന ഉരുക്ക്, പ്രധാന ആയുധങ്ങൾ, സെൻസറുകൾവരെ ഇന്ത്യയിലാണ് നിർമ്മിച്ചത്.

കപ്പൽ നിർമ്മാണത്തിനുള്ള ഉരുക്ക് ഉൽപാദിപ്പിച്ചതും ഇന്ത്യയിലാണ്. ഇന്ത്യയിൽ ഇതുവരെ 7,500 ടൺ മുതൽ 8,000 ടൺ വരെ ഭാരമുള്ള യുദ്ധക്കപ്പലുകളാണ് നിർമ്മിച്ചിട്ടുള്ളത്. ഐഎൻഎസ് വിക്രാന്തിന്റെ ഭാരം 40,000 ടൺ വരും. മൂന്നു ഫുട്‌ബോൾ മൈതാനങ്ങളുടെ വലുപ്പമാണ് കപ്പലിനുണ്ടാകുകയെന്നാണു സൂചന. 263 മീറ്റർ നീളവും 63 മീറ്റർ വീതിയും. കീലിൽ നിന്നുള്ള ഉയരം 37.5 മീറ്റർ. അങ്ങനെ എല്ലാ അർത്ഥത്തിലും കടൽ വിസ്മയമാണ് ഇത്.

കോവിഡ് പ്രതിസന്ധിക്കിടെ നിർമ്മാണം പൂർത്തിയാക്കിയതിന്റെ മുഴുവൻ ക്രെഡിറ്റും കൊച്ചി കപ്പൽ നിർമ്മാണ ശാലയ്ക്കാണ്. വരും മാസങ്ങളിൽ കപ്പലിന്റെ കടൽ പരീക്ഷണങ്ങൾക്കു തുടക്കമാകും. കൊച്ചി തുറമുഖത്ത് കഴിഞ്ഞ 20 ന് കപ്പലിന്റെ ബേസിൻ പരീക്ഷണങ്ങൾ പൂർത്തിയാക്കിയതോടെയാണ് കടൽ പരീക്ഷണത്തിനു തയ്യാറെടുക്കുന്നത്. കമ്മിഷൻ പൂർത്തിയാകുന്നതോടെ നാവിക സേനയുടെ പ്രധാന നാവിക, വ്യോമ പോരാട്ടങ്ങളുടെ പോർമുനയാകും വിക്രാന്ത്.

ഒരേസമയം 30 വിമാനം വഹിക്കാൻ ശേഷിയുള്ളതാണ് ഐഎൻഎസ് വിക്രാന്ത്. നാവികസേനയ്ക്കായി കൊച്ചി കപ്പൽശാലയിൽ ഒരുങ്ങുന്ന വിക്രാന്തിന് ഇന്ത്യയിൽ ആദ്യമായി നിർമ്മിക്കുന്ന വിമാനവാഹിനിയെന്ന പ്രത്യേകതയുമുണ്ട്. ധീരൻ എന്ന് അർഥം വരുന്ന 'വിക്രാന്ത്' കപ്പലിന്റെ രൂപകൽപ്പന 1999-ലാണ് ആരംഭിച്ചത്. 2009 ഫെബ്രുവരിയിൽ കീലിട്ടു. ഈ വർഷം അവസാനം കടലിലെ പരീക്ഷണ ഓട്ടം പൂർത്തിയാക്കും. 2022ൽ കമ്മിഷൻ ചെയ്യും.

മെയ്ക് ഇൻ ഇന്ത്യ പദ്ധതിയിലൂടെ നിർമ്മിച്ച കപ്പലിന്റെ നിർമ്മാണ ചെലവ് 3500 കോടിയാണ്. അമ്പതിലധികം ഇന്ത്യൻ കമ്പനികൾ ചേർന്നാണ് നിർമ്മാണം. ഇന്ത്യയുടെ ആദ്യ വിമാനവാഹിനി കപ്പലിന്റെ പേരും ഐഎൻഎസ് വിക്രാന്ത് എന്നായിരുന്നു. 1961ൽ കമ്മിഷൻ ചെയ്ത ഈ കപ്പൽ 1997ൽ ഡീകമ്മിഷൻ ചെയ്തു. ഇന്ത്യയിൽ നിർമ്മിച്ച ആദ്യ വിമാനവാഹിനി കപ്പലായ ഐഎൻഎസ് വിക്രാന്ത് അടുത്തവർഷം കമ്മിഷൻ ചെയ്യുമെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. കപ്പലിന്റെ പരീക്ഷണഓട്ടത്തിന് മുന്നോടിയായി കൊച്ചിയിലെത്തി നിർമ്മാണ പുരോഗതി വിലയിരുത്തിയ മന്ത്രി പൂർണ്ണ തൃപ്തനാണ്.

ആദ്യ വിക്രാന്തിനെ കമ്മിഷൻ ചെയ്യുമ്പോൾ തന്നെ തദ്ദേശീയമായി നിർമ്മിച്ചൊരു വിമാനവാഹിനിക്കപ്പൽ എന്ന സ്വപ്നം രാജ്യം മുൻകൂട്ടി കണ്ടിരുന്നു. നാവികസേനയുടെ ആദ്യ വിമാനവാഹിനി കപ്പലായിരുന്നു പഴയ വിക്രാന്ത് എങ്കിൽ ഇന്ത്യൻ മണ്ണിൽതന്നെ നിർമ്മിക്കുന്ന ആദ്യ വിമാനവാഹിനി കപ്പൽ എന്ന പ്രത്യേകതയാണ് പുതിയ വിക്രാന്തിനുള്ളത്.

സ്വന്തമായി വിമാനവാഹിനി കപ്പൽ നിർമ്മിക്കാൻ ഇന്ത്യ ആലോചന തുടങ്ങുന്നത് 1960 ൽ. 2002 ലാണു പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭാ സമിതി അംഗീകാരം നൽകുന്നത്. പഴയ വിക്രാന്തിനെ ഡീകമ്മിഷൻ ചെയ്യുമ്പോൾ പുതിയ കപ്പൽ ഇന്ത്യയിൽ തന്നെ നിർമ്മിക്കാം എന്നു തീരുമാനിക്കുകയായിരുന്നു. 1990 കളിൽ രാജ്യം നേരിട്ട സാമ്പത്തിക പ്രതിസന്ധി നിർമ്മാണം മുന്നോട്ടു കൊണ്ടുപോകുന്നത് പിന്നോട്ടു വലിച്ചു.

1999 ൽ പ്രതിരോധ മന്ത്രിയായിരുന്ന ജോർജ് ഫെർണാണ്ടസ് പദ്ധതി വീണ്ടും പൊടിതട്ടിയെടുത്തു. എന്നിട്ടും വർഷങ്ങൾക്കു ശേഷം 2007 ലാണ് കപ്പൽ നിർമ്മാണക്കരാറിന്റെ ആദ്യഘട്ടത്തിന് ഒപ്പിടുന്നത്. ഡയറക്ടറേറ്റ് ഓഫ് നേവൽ ഡിസൈൻ ആണു കപ്പലിന്റെ രൂപകൽപന നിർവഹിച്ചത്. 2009 ഫെബ്രുവരിയിൽ കപ്പലിനു കീലിട്ടു. ഡ്രൈ ഡോക്കിൽനിന്നു കപ്പൽ നീറ്റിലിറക്കിയത് 2013ൽ. 2020 നവംബറിൽ ബേസിൻ ട്രയലുകളും പൂർത്തിയാക്കി. ഇനി കുറച്ചു ദിവസം കഴിഞ്ഞാൽ എല്ലാം പൂർണ്ണ പ്രവർത്തന സജ്ജമാകും.

മിഗ് 29 വിഭാഗത്തിൽപെട്ട 20 യുദ്ധ വിമാനങ്ങൾ, 10 ഹെലികോപ്ടറുകൾ ഇവ വഹിക്കും. റഷ്യൻ സാങ്കേതിക വിദ്യയാണ് കപ്പലിന്റെ കരുത്ത്. യുദ്ധവിമാനങ്ങൾ പറന്നുയരാൻ 203 മീറ്ററിന്റെയും 141 മീറ്ററിന്റെയും രണ്ടു റൺവേകളാണുള്ളത്. വിമാനത്തിലെ വെടിക്കോപ്പുകളുടെ ഭാരം വർധിക്കുന്നതിനനുസരിച്ച്, ഇതിൽ നീളം കൂടിയ റൺവേ ആയിരിക്കും ഉപയോഗിക്കുക.

പറന്നിറങ്ങാൻ 190 മീറ്ററിന്റെ മൂന്നാമത്തെ റൺവേ ഉപയോഗിക്കും. ഇതിൽ മൂന്ന് അറസ്റ്റിങ് ഉപകരണങ്ങളുണ്ട്. ചെറിയ റൺവേയിൽ ഇറങ്ങുന്ന വിമാനത്തിന്റെ വേഗം കുറച്ച്, വിമാനത്തെ റൺവേയിൽ തന്നെ പിടിച്ചു നിർത്താനാണിത്. പറന്നുയരാനുള്ള റൺവേകളിൽ ഓരോ റിസ്‌ട്രെയിനിങ് ഉപകരണങ്ങളുണ്ട്. െചറിയ ദൂരത്തിൽ പറന്നുയരേണ്ടതിനാൽ പരമാവധി ആവേഗം ലഭിക്കുന്നതിനാണു റിസ്‌ട്രെയ്‌നിങ് ഉപകരണം.