ന്യൂഡൽഹി: മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പന് സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. കർശന ഉപാധികളോടെയാണ് കാപ്പന് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. അസുഖബാധിതയായ അമ്മയെ കാണാനാണ് അഞ്ച് ദിവസത്തെ ജാമ്യം അനുവദിച്ചിരിക്കുന്നത്. അഞ്ച് ദിവസം കൊണ്ട് കേരളത്തിൽ പോയി അമ്മയെ സന്ദർശിച്ച് മടങ്ങാനാണ് കോടതിയുടെ നിർദ്ദേശം. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ്.എച്ച് ബോബ്ഡേ അധ്യക്ഷനായ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്.

കർശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. അമ്മയെ കാണുക മാത്രമായിരിക്കണം ഉദ്ദേശം. അമ്മയുടെ ആരോഗ്യസ്ഥിതിയറിയാനായി ഡോക്ടർമാരെയും മറ്റു ബന്ധുക്കളെയും കാണാം. ഇവരെയൊഴികെ മറ്റാരെയും കാണരുതെന്ന് സുപ്രീം കോടതി നിർദേശിച്ചു. പൊതുജനങ്ങളെ കാണരുതെന്നും പ്രത്യേകം അറിയിച്ചിട്ടുണ്ട്. സമൂഹമാധ്യമങ്ങളിലൂടെയോ വാർത്തമാധ്യമങ്ങളിലൂടെയോ പ്രതികരിക്കരിക്കുന്നതിനും കോടതിയുടെ കർശന വിലക്കുണ്ട്.

ഉത്തർപ്രദേശ് പൊലീസിന്റെ കനത്ത സംരക്ഷണത്തിലായിരിക്കും സിദ്ദിഖ് കാപ്പനെ കേരളത്തിലെത്തിക്കുക. പിന്നീട് യു.പി പൊലീസ് ഇവിടെ തുടരും. കേരള പൊലീസ് യു.പി പൊലീസിന് ആവശ്യമായ സൗകര്യങ്ങൾ ചെയ്തു നൽകണമെന്നും കോടതി നിർദേശിച്ചു.

സിദ്ദിഖ് കാപ്പന് ജാമ്യം അനുവദിച്ച നടപടിക്കെതിരെ യു.പി പൊലീസ് രംഗത്തെത്തിയിട്ടുണ്ട്. ഒരു കാരണവശാലും ജാമ്യം അനുവദിക്കരുതെന്നായിരുന്നു സോളിസിറ്റർ ജനറൽ തുഷാർ മേത്ത അറിയിച്ചത്. എന്നാൽ മാനുഷിക പരിഗണന വെച്ച് ജാമ്യം നൽകുകയാണെന്നാണ് കോടതി പ്രതികരിച്ചത്.