ആലപ്പുഴ: ഇന്ത്യയിലേക്ക് തട്ടിപ്പിന് ഇറങ്ങിയ ഇറാനിയൻ സംഘത്തിൽ നിഴലിക്കുന്ന നിഗൂഡതകൾ മാത്രം. തട്ടിപ്പിൽ പിടിയിലായ പ്രതികൾ പൊലീസിനൊട് പറയുന്നത് വൈരുദ്ധ്യമാർന്ന മൊഴികൾ മാത്രമാണ്. പഠിച്ച കള്ളം തന്നെയാണ് ഇവർ പറയുന്നത് എന്ന് പൊലീസിനും മനസിലായി കഴിഞ്ഞിട്ടുണ്ട്. വൻ സംഘമാണ് ഇന്ത്യയിൽ തട്ടിപ്പുകൾക്കായി എത്തിയതെന്നാണു വിവരം.

ഇവർ ഇന്ത്യയിലേക്ക് എത്തിയത് മുതലുള്ള നീക്കങ്ങൾ പൊലീസ് അന്വേഷിക്കും. തീവ്രവാദസ്വഭാവമുള്ള വ്യക്തികളുണ്ടെങ്കിൽ അന്വേഷണം കേന്ദ്ര ഏജൻസികളിലേക്ക് പോകാനും സാധ്യതയുണ്ട്. മുൻപ് തിരുവല്ലയിൽ രണ്ട് ഇറാൻ സ്വദേശികൾ പിടിയിലായിരുന്നു. അവരുടെ ചിത്രങ്ങൾ ചേർത്തലയിൽ പിടിയിലായവരെ കാണിച്ചപ്പോൾ അറിയില്ലെന്ന മട്ടിലായിരുന്നു മറുപടി. എന്നാൽ, ഇവർ ഒരേ സംഘത്തിലുള്ളവരാണെന്നു പൊലീസ് സംശയിക്കുന്നു.നാലുപേരും ഒരേ സ്ഥലം, ഒരേ തൊഴിൽ തുടങ്ങിയ മറുപടികൾ പറഞ്ഞ് പൊലീസിനെ കബളിപ്പിക്കാൻ ശ്രമിച്ചു.

നാട് ടെഹ്‌റാൻ എന്നാണു നാലുപേരും പറഞ്ഞത്. തൊഴിൽ കാർപെറ്റ് കച്ചവടം. ഇന്ത്യയിൽ വിനോദ സഞ്ചാരത്തിനു വന്നതാണെന്നും ഇവർ ഒരുപോലെ ആവർത്തിക്കുന്നു. കൂടുതൽ ചോദിച്ചപ്പോൾ ഒരാൾ പറഞ്ഞത് ജോലി കുങ്കുമ വ്യാപാരമെന്നാണ്. ഇന്ത്യയിലെത്തിയതു ഭാര്യയുടെ ശസ്ത്രക്രിയയ്‌ക്കെന്നു പറഞ്ഞും ഒരാൾ ഒഴിഞ്ഞു മാറാൻ ശ്രമിച്ചു.കണ്ണൂർ മയ്യിലിലെ സ്ഥാപനത്തിൽനിന്ന് 75,000 രൂപ തട്ടിയെടുത്തത് ഇവരിൽ രണ്ടുപേരാണെന്നു തിരിച്ചറിഞ്ഞിട്ടുണ്ട്. പെട്ടെന്നു തിരിച്ചറിയാതിരിക്കാൻ ഓരോ സ്ഥലത്തും തട്ടിപ്പിന് ആളുകൾ മാറി എത്തുന്നതാണ് ഇവരുടെ രീതിയെന്നു പൊലീസ് പറഞ്ഞു.

ഇറാൻ സ്വദേശികളെ മാവേലിക്കര സ്‌പെഷൽ സബ് ജയിലിൽ പാർപ്പിച്ചിരിക്കുന്നത് ഒരേ സെല്ലിൽ. ഇവർ ക്വാറന്റീനിലായതിനാലാണിത്. 14 ദിവസത്തിനു ശേഷം ഇവർക്കു കോവിഡ് പരിശോധന നടത്തും. ഫലം നെഗറ്റീവാണെങ്കിൽ നാലുപേരെയും തിരുവനന്തപുരം സെൻട്രൽ ജയിലിലേക്കു മാറ്റും.മറ്റു തടവുകാർക്കൊപ്പം പാർപ്പിച്ചാൽ ഭാഷ സംബന്ധിച്ചും മറ്റും പ്രശ്‌നങ്ങൾ ഉണ്ടാകാമെന്നതിനാലാണ് ഇവരെ മാത്രം ഒന്നിച്ചു താമസിപ്പിച്ചത്. ഇവരെ ജയിൽ ഉദ്യോഗസ്ഥർ പ്രത്യേകം നിരീക്ഷിക്കുന്നുണ്ട്

തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് ബുധനാഴ്‌ച്ചയാണ് വൻ മോഷണസംഘത്തെ അറസ്റ്റ് ചെയ്തത്. കേരളത്തിൽ വൻ മോഷണം ആസൂത്രണം ചെയ്താണ് സംഘം എത്തിയതെന്നാണ് പൊലീസ് പറയുന്നത്.
ഇറാനിയൻ സ്വദേശികളായ ദാവൂദ്, മൊഹ്സൻ, മജീദ്, എയ്നോല എന്നിവരെയാണ് സ്വകാര്യ ഹോട്ടലിൽ നിന്ന് അറസ്റ്റ് ചെയ്തത്. കന്റോൺമെന്റ് സിഐ ഷാഫിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കുറ്റവാളികളെ പിടികൂടിയത്. അറസ്റ്റിലായ ഇവർ കൺകെട്ട് വിദ്യയിലൂടെ പട്ടാപകൽ മോഷണം നടത്തുന്ന സംഘമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പ്രതികൾ അന്താരാഷ്ട്ര കുറ്റവാളികളാണെന്ന് പൊലീസ് വ്യക്തമാക്കി.

ഡൽഹിയിൽ ജനുവരി മുതൽ ക്യമ്പ് ചെയ്ത് രാജ്യവ്യാപകമായി മോഷണം നടത്തിക്കൊണ്ടിരിക്കുന്ന സംഘത്തിന്റെ തലവൻ ഉൾപ്പെടെ ഉള്ളവരാണ് അറസ്റ്റിലായിരിക്കുന്നത്. പ്രതികൾ ലക്ഷ്യമിട്ടത് കേരളത്തിലെ മണി എക്സ്ചേഞ്ച് സെന്ററുകളും പോസ്റ്റ് ഓഫീസുകളും കൊള്ളയടിക്കാനാണെന്നും പൊലീസ് പറഞ്ഞു. അടുത്തിടെ ചേർത്തലയിൽ നടന്ന ഒരു മോഷണത്തിന് പിന്നിൽ ഈ സംഘമാണെന്ന് ഷാഡോ പൊലീസ് കണ്ടെത്തിയിരുന്നു. ഇതേതുടർന്ന് സംഘത്തെ ചേർത്തല പൊലീസിന് കൈമാറി.


ചേർത്തല വാരനാട്ടെ വ്യാപാര സ്ഥാപനത്തിൽനിന്നു 34,000 രൂപ തട്ടിയെടുത്തതിനു പിടിയിലായ ഇറാൻ സ്വദേശികളെക്കുറിച്ച് അന്വേഷിച്ച കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ (ഐബി) ഉദ്യോഗസ്ഥർ ഉന്നത അധികൃതർക്കു റിപ്പോർട്ട് നൽകി. സംഘത്തിലെ കൂടുതൽ പേർ സംസ്ഥാനത്തുണ്ടെന്നാണ് ഐബി സൂചിപ്പിക്കുന്നത്. 4 പേർ പിടിയിലായതോടെ മറ്റുള്ളവർ മുങ്ങിയെന്നു സംശയം.

ഇന്ത്യക്കാരോടു രൂപസാമ്യമുള്ളതിനാൽ ഇവരെ പെട്ടെന്നു തിരിച്ചറിയാൻ കഴിയില്ലെന്നും കണ്ടെത്തുന്നത് പ്രയാസമാണെന്നും ഉദ്യോഗസ്ഥർ പറയുന്നു. 24 അംഗ സംഘമാണ് ഇന്ത്യയിൽ എത്തിയതെന്നാണു വിവരം.സംഘത്തിലുള്ളതെന്നു സംശയിക്കുന്ന അബ്ദുൽ സലാമി ഹാദി അടുത്തിടെ തിരുവല്ലയിലെ മണി എക്‌സ്‌ചേഞ്ച് സ്ഥാപനത്തിൽ തട്ടിപ്പു നടത്താൻ ശ്രമിച്ചതിനു പിടിയിലായിരുന്നു. ഇയാൾ പത്തനംതിട്ടയിലും തട്ടിപ്പു നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്.

ചേർത്തല ന്മ പ്രതികളായ 4 ഇറാൻ സ്വദേശികളെ കസ്റ്റഡിയിൽ വാങ്ങാനുള്ള അപേക്ഷ പൊലീസ് നാളെ ചേർത്തല കോടതിയിൽ നൽകും. ഇന്നലെ കോടതി അവധിയായതിനാൽ അപേക്ഷ നൽകാനായില്ല. ചൊവ്വാഴ്ചയോടെ കസ്റ്റഡിയിൽ ലഭിക്കുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ. പ്രതികളെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്നു പൊലീസ് പറഞ്ഞു. അറസ്റ്റ് ചെയ്ത ദിവസം തന്നെ തെളിവെടുപ്പ് നടത്തിയിരുന്നു. പ്രതികൾ കോവിഡ് നെഗറ്റീവാണെന്ന ഫലവും ലഭിച്ചു. പ്രതികളുടെ യാത്രാ വിവരങ്ങൾ, ഫോൺ വിളികൾ തുടങ്ങിയവ പരിശോധിക്കുന്നുണ്ട്.