ലണ്ടൻ: കമ്യുണിസ്റ്റുകാരൻ ആയിട്ടും രക്ഷയില്ല, ലോട്ടറിയടിച്ച പണവുമായിട്ടാകും നാട്ടിൽ നിക്ഷേപിക്കാൻ പോയത്, ബുദ്ധിയുള്ളവർ ആരെങ്കിലും അധ്വാനിച്ച പണവുമായി നാട്ടിൽ പോയി സംരംഭം തുടങ്ങുമോ എന്നൊക്കെയുള്ള പരദൂഷണങ്ങളാണ് കഴിഞ്ഞ രണ്ടു ദിവസമായി യുകെയിലെ ബാസിൽഡൺ മലയാളി ആയ ഷാജിമോൻ ജോർജ് വലിയവെളിച്ചത്തെ കുറിച്ച് യുകെ മലയാളികൾക്കിടയിൽ പ്രചരിക്കുന്നത്.

സംരംഭകൻ എന്ന പേര് വീഴും മുൻപേ ഷാജിമോൻ യുകെ മലയാളികൾക്കു പരിചിതനാണ്. യുകെ മലയാളികൾക്കിടയിലെ പ്രബല സാമുദായിക സംഘടനാ ആയ യുകെകെസിഎയുടെ അമരത്തേക്ക് ഒരിക്കൽ മത്സരിച്ചതോടെയാണ് ഷാജിമോൻ ജോർജ് കൂടുതൽ പേരിലേക്ക് അറിയപ്പെട്ടത്. ഇപ്പോൾ അടുത്തിടെ കേരളത്തിൽ ഷാജിമോൻ ഒറ്റയ്ക്ക് നടത്തിയ സമരത്തിലൂടെ വിജയിച്ചു നിൽക്കുമ്പോൾ യുകെ മലയാളികൾക്ക് മുന്നിൽ മാത്രമല്ല ലോക പ്രവാസി സമൂഹത്തിൽ തന്നെ പ്രതീക്ഷയുടെയും കരുത്തിന്റെയും നിശ്ചയ ദാർഢ്യത്തിന്റെയും പേരായി മാറുകയാണ് ഷാജിമോൻ ജോർജ്. ആന്തൂരിലെ പാർട്ടിക്കാരൻ കൂടിയായ സാജൻ തോറ്റു മടങ്ങിയിടത്താണ് മഞ്ഞൂരിലെ ഷാജിമോൻ വിജയിയാകുന്നത്.

ഒരു പക്ഷെ സാജന്റെ അനുഭവം ഓർമ്മിപ്പിച്ച് ഏഷ്യാനെറ്റ് വിശദമായ വാർത്ത റിപ്പോർട്ടിങ്ങുമായി രംഗത്തെത്തിയതും ന്യൂസ് അവർ ചർച്ച നടത്തിയതും ഷാജിമോൻ ഇപ്പോൾ നേടിയ വിജയത്തിൽ നിർണായകമാകാം. കാരണം മാസങ്ങളായി ഉദ്യോഗസ്ഥരുടെ മുന്നിൽ അലഞ്ഞിട്ടും തീരാത്ത പ്രശ്നങ്ങളാണ് കഴിഞ്ഞ രണ്ടു ദിവസത്തെ മാധ്യമ ഇടപെടലിൽ ഉടനടി പരിഹാരമായത്. പ്രശ്ന പരിഹാരം ലോക മലയാളി സമൂഹത്തെ നേരിട്ടറിയിക്കാൻ തദ്ദേശ ഭരണ മന്ത്രി എംബി രാജേഷ് തയ്യാറായതും സർക്കാർ ഷാജിമോനും പ്രവാസി സമൂഹത്തിനും ഒപ്പം എന്ന സന്ദേശം കൂടി നൽകാനാണ്. നിരവധി വിവാദങ്ങൾ ഉയരുന്ന സാഹചര്യത്തിൽ ഒരു പ്രവാസിയെക്കൂടി വഴിയാധാരമാക്കി എന്ന ചീത്തപ്പേര് ഒഴിവാക്കാൻ സർക്കാർ നൽകിയ പരിഗണനയും ഷാജിമോന് തുണയായി.

മൂന്ന് ഏക്കർ സ്ഥലത്താണ് 25 കോടി രൂപ ചെലവിട്ട് ആഡംബര ഹോട്ടൽ, ടാർഫുകൾ എന്നിവയൊക്കെ അടക്കം സ്പോർട്സ് വില്ലേജ് ഷാജിമോൻ യാഥാർത്ഥ്യമാക്കുന്നത്. കെട്ടിട നമ്പറിന്റെ പേരിൽ ഉദ്യോഗസ്ഥർ ഉടക്കിയപ്പോളാണ് കിടപ്പു സമരവുമായി ഷാജിമോൻ ഒറ്റയാൾ സമരം പഞ്ചായത്തിന് മുൻപിൽ നടത്തിയത്. ഇടതു പക്ഷ പഞ്ചായത്തിൽ നടന്ന സമരം പാർട്ടിക്കും വിമർശനം കേൾക്കാൻ ഇടയാക്കി. ഈ സാഹചര്യത്തിൽ മന്ത്രിമാരായ എംബി രാജേഷ്, വി എൻ വാസവൻ, പി രാജീവ് എന്നിവരും മോൻസ് ജോസഫ് എംഎൽഎ യും ചേർന്നാണ് അടിയന്തിര ഇടപെടൽ നടത്തി സമരം അവസാനിപ്പിച്ചത്. എന്നാൽ തുടർ ചർച്ചകളിൽ ഇന്നലെ വീണ്ടും സന്ധി സംഭാഷണങ്ങൾ ആവശ്യമായി വരുക ആയിരുന്നു.

ഈ സാഹചര്യത്തിലാണ് ഇന്നലെ കളക്റ്റ്രേറ്റിൽ നടന്ന ചർച്ചയും അലസിപ്പിരിഞ്ഞു എന്ന കരക്കമ്പി സമൂഹ മാധ്യമങ്ങളിൽ പരന്നതോടെ രാത്രി തന്നെ ഷാജിമോനെ നേരിൽ വിളിച്ചു വസ്തുതകൾ വിശദമാക്കാൻ മറുനാടൻ മലയാളി ശ്രമം നടത്തിയത്. ഈ സംഭാഷണത്തിൽ ഇപ്പോൾ പ്രചരിക്കുന്ന പല കാര്യങ്ങളും കളവ് നിറഞ്ഞതാണ് എന്നും ഷാജിമോൻ തുറന്നു പറയുന്നു. ഷാജിമോൻ നടത്തുന്ന ഓപ്പൺ ടോക്കിൽ നിന്നും.

താങ്കൾ കമ്യുണിസ്റ്റ്കാരൻ ആയിട്ടും നീതി കിട്ടിയില്ല എന്ന് പറയുന്നല്ലോ?

ഞാൻ കമ്യുണിസ്റ്റ് അനുഭാവി തന്നെയാണ്. അതിൽ തർക്കം ഒന്നുമില്ല. ഞാൻ 1996 ൽ ഉഴവൂർ സെന്റ് സ്റ്റീഫൻസ് കോളേജിൽ എസ്എഫ്ഐയുടെ യൂണിയൻ ചെയർമാൻ സ്ഥാനാർത്ഥി ആയിരുന്നു. തോറ്റുപോയെങ്കിലും സജീവ വിദ്യാർത്ഥി രാഷ്ട്രീയം തന്നെ ആയിരുന്നു. എസ്എഫ്ഐ ഏരിയ സെക്രട്ടറിയും ആയിരുന്നു. അതിനാൽ കമ്യുണിസ്റ്റുകാരൻ എന്ന ചിന്ത ഇന്നും മനസ്സിൽ ഉണ്ട്. എന്നാൽ ഇപ്പോഴത്തെ പ്രശ്നങ്ങളിൽ വഴിവിട്ട സഹായമൊന്നും എവിടെ നിന്നും വന്നിട്ടില്ല. ഒരു സംരംഭകന് കിട്ടാവുന്ന എല്ലാ പിന്തുണയും നാട്ടിൽ ലഭിക്കുന്നുണ്ട്. ഞങ്ങളുടെ നാട്ടിൽ വിരളമായി എത്തിയിരുന്ന ദേശാഭിമാനി പത്രം എന്റെ കൂടി വീട്ടിലാണ് വന്നിരുന്നത്.

അൽപം മുൻപ് കളക്റ്റ്രേറ്റിൽ നടന്ന ചർച്ചയും അലസി പിരിഞ്ഞെന്നും കേട്ടല്ലോ?

ചില ചെറിയ തർക്കങ്ങൾ ഇന്നും ഉണ്ടായി എന്നത് സത്യമാണ്. എന്റെ ഭാഗത്തും മുൻശുണ്ഠി ഉണ്ടായിട്ടുണ്ട്. അത് മനപ്പൂർവ്വമല്ല. കടുത്ത സമ്മർദ്ദത്തിന്റെ നടുവിൽ നിൽക്കുമ്പോൾ സാധാരണക്കാരനായ ആർക്കും സംഭവിക്കാം. മന്ത്രിമാർ വരെ സഹായവുമായി കൂടെ നിന്നിട്ടും കാര്യങ്ങൾ നടക്കുന്നില്ല എന്നാകുമ്പോൾ പിന്നെന്തു ചെയ്യും? പക്ഷെ ഒടുവിൽ എല്ലാം ഭംഗിയായി അവസാനിക്കുകയാണ്. പ്രശ്നങ്ങൾ ഒന്നുമില്ല ഇപ്പോൾ. ചെറിയ തർക്കം ഉണ്ടായതാണ് ഇന്നത്തെ ചർച്ചയും അലസി എന്ന് പ്രചരിക്കാൻ കാരണമായത്.

ഇപ്പോൾ സമരം തീരുമ്പോൾ എന്താണ് ഒടുവിൽ ലഭിക്കുന്ന നീതി?

ഈ സമരം കൊണ്ട് ഇനിയാർക്കും ഞാൻ നേരിട്ട പ്രശ്നങ്ങളിൽ സമരം ചെയ്യേണ്ടി വരില്ല എന്നതാണ് നേട്ടമായി മാറുന്നത്. കെ സ്വിഫ്റ്റ് എന്ന നമ്പർ കെട്ടിട നമ്പറിന് ബദലായി സ്വീകരിക്കാം എന്ന് വ്യവസായ വകുപ്പ് ഉത്തരവ് നൽകി കഴിഞ്ഞു. ഇതിന്റെ പേരിൽ പഞ്ചായത്ത് കയറി ഇറങ്ങണ്ട. എസ് ബി ഐ അടക്കമുള്ള ബാങ്കുകളുടെ വായ്പയ്ക്ക് ഈ നമ്പർ മതിയാകും. പഞ്ചായത്തിന്റെ കെട്ടിട നമ്പർ വേണ്ട. ഇതിനൊക്കെ വേണ്ടി സമരം ചെയ്യേണ്ടി വന്നു എന്നതാണ് യാഥാർഥ്യം.

സമരം പാളിപോയിരുന്നെങ്കിലോ?

ഒരു പ്രതീക്ഷയും ഇല്ലാതെയാണ് സമരത്തിന് പോയത്. അത്രയും പ്രയാസത്തിൽ ആയിക്കഴിഞ്ഞിരുന്നു. മന്ത്രിമാർ വരെ വിളിച്ചു പറയുന്ന കാര്യങ്ങൾ നടക്കില്ലെങ്കിൽ പിന്നെ ആരോട് പറയാൻ. കെട്ടിട നമ്പർ ഇല്ലാതെ പ്രവർത്തിക്കാനാകില്ല അവർ വന്നു താഴിട്ടു പൂട്ടും. എന്നാൽ അതിനു മുൻപ് ജീവിതത്തിലെ ആഗ്രഹം എന്ന നിലയിൽ ചെയ്ത കാര്യത്തിന് നമ്മൾ തന്നെ താഴിട്ടേക്കാം എന്നതായിരുന്നു വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ ഉണ്ടായിരുന്ന ചിന്ത.

പ്രശ്നം സൃഷ്ടിക്കുന്നത് നാട്ടുകാരായ ചിലർ ആണെന്നാണല്ലോ പ്രധാന ആരോപണം?

അതൊക്കെ ചുമ്മാ പറയുന്നതാണ്. ഒരു രാഷ്ട്രീയക്കാരും എനിക്ക് എതിരല്ല. കോൺഗ്രസും ബിജെപിയും ആപും ഒക്കെ പിന്തുണയായി കൂടെ വന്നത് എല്ലാവരും കണ്ടതല്ലേ. സിഐടിയു ആയിട്ടും ഒരു പ്രശ്നവുമില്ല. നാട്ടുകാരും എന്നോടൊപ്പമാണ്. സമരം ചെയ്യാൻ പോയപ്പോൾ ഞാൻ ഒറ്റയ്ക്ക് ആയിട്ടും അവിടെ എത്തിയ ആളുകളെ എല്ലാവരും കണ്ടതല്ലേ. നാട്ടുകാർ അല്ലാത്തവരാണ് നാട്ടുകാർ എനിക്ക് എതിരാണെന്ന് പറഞ്ഞു പ്രചരിപ്പിക്കുന്നത്.

അപ്പോൾ ആരായിരുന്നു എവിടെ ആയിരുന്നു പ്രശ്നം?

അന്ന് മുതൽ ഇന്ന് വരെ ഉദ്യോഗസ്ഥ ലോബി തന്നെയാണ് പ്രശ്നം. അഴിമതിയേക്കാൾ അവരുടെ ചില പിടിവാശികൾ. നമ്മൾ നേരിടുന്ന പ്രയാസങ്ങൾ ഒന്നും അവർക്കു കാണണ്ട. നമ്മൾ കൂടിയുണ്ടെങ്കിലേ ശമ്പളമുള്ളൂ എന്ന കാര്യമൊക്കെ അവർ മറന്നു പോകുകയാണ്. നാട്ടിൽ ഒരു സംരംഭം ഉണ്ടാകുമ്പോൾ ഏറ്റവും നേട്ടം സർക്കാരിനല്ലേ. നമ്മുടെ മുന്നിൽ സർക്കാരിന്റെ ആദ്യ പ്രതിനിധികൾ ഉദ്യോഗസ്ഥരല്ലേ. അക്കാര്യമാണ് അവർ മറന്നു പോകുന്നത്.

കിറ്റെക്സ് സാബുവും അന്തൂരിലെ സാജനും ഒക്കെ നമുക്ക് മുന്നിൽ ഉണ്ടായിട്ടും എന്താണ് നാട് തന്നെ തിരഞ്ഞെടുക്കാൻ കാരണം?

അത് നാട് നമുക്കെല്ലാം ഓരോ പ്രതീക്ഷയല്ലേ. ജനിച്ച നാടിനെ എങ്ങനെ മറക്കും. നമ്മൾ കാരണം നമ്മുടെ നാടിനു ഒരു നേട്ടം ഉണ്ടാകുന്നത് വലിയ കാര്യമല്ലേ. എത്രയോ പേർക്ക് തൊഴിൽ നൽകാനാകും. വെറുതെ നമുക്ക് ആരെയും സഹായിച്ചു കൊണ്ടിരിക്കാനാകില്ലല്ലോ. ഈ ഒരൊറ്റ കാരണം കൊണ്ടാണ് നാട്ടിൽ ഒരു സംരംഭം എന്ന ചിന്തയിലേക്ക് ഞാൻ എത്തിയത്.

താങ്കൾ മുൻപ് വിജിലൻസിൽ പരാതി നൽകിയ ഉദ്യോഗസ്ഥന്റെ കുടുംബം ആത്മഹത്യയുടെ വക്കിൽ ആണെന്ന് കേട്ടല്ലോ?

പച്ചക്കള്ളം. അയാളുടെ ഭാര്യ സർക്കാർ സർവീസിൽ ഉദ്യോഗസ്ഥയാണ്. ശമ്പളം കിട്ടുന്ന കുടുംബമാണോ ആത്മഹത്യ ചെയ്യുക. ഞാൻ തെറ്റൊന്നും ചെയ്തില്ലല്ലോ. ഇങ്ങനെയൊക്കെ പറഞ്ഞാൽ നാട്ടിൽ വിജിലൻസ് സംവിധാനം വേണ്ടല്ലോ. അഴിമതിക്കാർക്ക് പിന്നെ ആരെ പേടിക്കണം.

ഇനിയെന്നാണ് യുകെയിലേക്ക്?

ഈ ആഴ്ച ഒടുവിൽ തന്നെ ഞാൻ യുകെയിലേക്ക് എത്തുകയാണ്. സ്നേഹസന്ദേശങ്ങൾ നൽകിയും സോഷ്യൽ മീഡിയയിൽ പിന്തുണ നൽകിയും കൂടെ നിന്ന എല്ലാ പ്രവാസി സഹോദരങ്ങളോടും ഈ വേളയിൽ നന്ദി അറിയിക്കുന്നു.