ലണ്ടൻ: ''കേരളത്തിലെ ക്രിസ്ത്യാനികൾ തീവ്രവാദ ചിന്തയ്ക്കൊപ്പം നിൽക്കുന്നവരല്ല , അവരുടെ വോട്ടൊന്നും ഒരു വഴിക്കും ചിതറില്ല . ആരാണ് ശരി ആരാണ് തെറ്റ് എന്നൊക്കെ നന്നായി തിരിച്ചറിയാൻ കഴിയുന്നവരാണ് കേരളത്തിലെ ക്രിസ്ത്യൻ സമൂഹം - '' കോട്ടയം എംപി തോമസ് ചാഴികാടൻ ഉറച്ച ആത്മ വിശ്വാസത്തോടെയാണ് യുകെ സന്ദർശനത്തിനിടയിൽ കിട്ടിയ ചെറു ഇടവേളയിൽ മാധ്യമ പ്രവർത്തകനായ കെ ആർ ഷൈജുമോനുമായുള്ള സംഭാഷണ മദ്ധ്യേ ഈ വാക്കുകൾ ഉറച്ച സ്വരത്തിൽ പങ്കുവച്ചത് .

ഇസ്രേയൽ ഫലസ്തീൻ തർക്ക വിഷയത്തിൽ കേരളത്തിൽ ക്രിസ്ത്യൻ സമൂഹം ഇടതു വലതു മുന്നണികളോട് നീരസത്തിലാണോ എന്ന ചോദ്യത്തോടുള്ള മറുപടിയിലാണ് അദ്ദേഹം തന്റെ നിരീക്ഷണം വെളിപ്പടുത്തിയത് . യുകെയിൽ നടന്ന കലാമേളയിൽ സമ്മാന ദാനവുമായി ബന്ധപ്പെട്ടും കേരള കോൺഗ്രസ് പ്രവാസി കൂട്ടായ്മയെ കാണുന്നതിനും ഒക്കെയായി രണ്ടു ദിവസത്തെ സന്ദർശനത്തിന് എത്തിയപ്പോൾ കവൻട്രിയിൽ വച്ചാണ് അദ്ദേഹം സമകാലിക കേരള രാഷ്ട്രീയം വിഷയമാക്കി സംസാരിക്കാൻ തയാറായത് . പ്രസക്ത ഭാഗങ്ങളിലൂടെ :

? ഇടതും വലതും ഒരു പോലെ ഫലസ്തീൻ വിഷയത്തിൽ നിലപാട് എടുക്കുമ്പോൾ ക്രിസ്ത്യൻ വോട്ട് ബാങ്ക് കൈവശമുള്ള അങ്ങയുടെ പാർട്ടി പ്രയാസത്തിലാവുകയാണോ , പ്രത്യേകിച്ചും ലോക് സഭ തിരഞ്ഞെടുപ്പിൽ കോട്ടയം സീറ്റിൽ ഒക്കെ ഇങ്ങനെ ഒരു നിലപാട് മാറ്റം വന്നാൽ വിജയം എളുപ്പമാകുമോ

= പൊതു വിഷയം വരുമ്പോൾ കേരളത്തിലെ പ്രധാന മുന്നണികൾ ഒന്നിച്ചു നിൽക്കുക എന്നത് പതിവുള്ള കാര്യമാണ് . പ്രത്യേകിച്ചും വർഗീയതയെയും തീവ്രവാദത്തെയും എതിർക്കേണ്ടി വരുമ്പോൾ . ആ പാശ്ചാഥാലത്തിൽ ആണ് ഇതിനെ കാണേണ്ടത് . കേരളത്തിലെ ക്രിസ്ത്യൻ സമൂഹത്തിനു ചാഞ്ചാട്ടം ഒന്നുമില്ല . ഈസ്റ്റർ നാളിൽ ഡൽഹിയിൽ മോദി പള്ളിയിൽ എത്തിയപ്പോഴും കേരളത്തിൽ വന്നു 35 ബിഷപ്പുമാർ അടക്കം ഉള്ളവരെയും ഒക്കെ കണ്ടപ്പോൾ ചെറിയ ഒരു സോഫ്റ്റ് കോർണർ ആ പാർട്ടിയോട് സമുദായത്തിൽ ഉണ്ടായിട്ടുണ്ടാകാം . എന്നാൽ മണിപ്പൂരിൽ എന്താണ് കണ്ടത് ? ആ വിഷയത്തിൽ ഞാൻ പാര്‌ലിമെന്റൽ സംസാരിച്ചതാണ് . ബിജെപി കൃത്യമായ രാഷ്ട്രീയം ആണ് ആ വിഷയത്തിൽ കാണിച്ചത് . അത് കണ്ടവരാണ് കേരളത്തിലെ ക്രിസ്ത്യാനികൾ . അവർക്ക് കാര്യങ്ങൾ കൃത്യമായി അറിയാം .

? പക്ഷെ സുരേഷ് ഗോപിക്ക് വിമർശനവുമായി തൃശൂർ രൂപതയുടെ മുഖപത്രം വന്ന പിറ്റേന്നു തന്നെ സുരേഷ് ഗോപിക്ക് പിന്തുണയുമായി ബിഷപ്പ് തന്നെ രംഗത്ത് വന്നതൊക്കെ ഒരു സൂചനയല്ലേ

= രൂപത മുഖ പ്രസംഗം ഞാൻ വായിച്ചില്ല , പക്ഷെ സംഭവം അറിയാം . ബിഷപ്പ് സുരേഷ് ഗോപിക്കാണ് പിന്തുണ എന്നൊന്നും പറഞ്ഞിട്ടില്ല . തീവ്ര നിലപാട് ഒരിക്കലും ക്രിസ്ത്യാനികളുടെ ഭാഗത്തു നിന്നും ഉണ്ടാകില്ല എന്ന് ഞാൻ പറഞ്ഞ വാക്കുകൾ തന്നെയാണ് ബിഷപ്പിന്റെ നടപടിയിലും തെളിഞ്ഞു കാണുന്നത് . അതിനപ്പുറം ഒന്നുമില്ല . എല്ലാക്കാലത്തും ഫാസിസ്റ്റ് ശക്തികൾക്ക് എതിരെ ശക്തമായ നിലപാട് എടുത്ത ഒരേയൊരു രാഷ്ട്രീയ പ്രസ്ഥാനം കേരളത്തിൽ ഇടതു പക്ഷമാണ് . കോൺഗ്രസ് മതേതര പാർട്ടി ആണെങ്കിൽ പോലും വർഗീയതക്ക് എതിരെ പലപ്പോഴും അവരുടെ ശബ്ദം ദുർബലം ആകുന്നതും നമ്മൾ കണ്ടിട്ടുള്ളതാണ് . അതിനാൽ ന്യൂനപക്ഷങ്ങൾ ഇടതു പക്ഷത്തിനൊപ്പം ഉറച്ചു നിൽക്കും . ക്രിസ്ത്യാനികളെ കൂട്ടുപിടിച്ചു ശക്തി കാട്ടം എന്നത് ബിജെപിയുടെ വ്യാമോഹമാണ് . വോട്ടു ചിതറിക്കലൊന്നും നടക്കില്ല .

? പക്ഷെ അടുത്തകാലത്തായി ഇടതു പക്ഷത്തിൽ തന്നെ മുസ്ലിം വിഭാഗത്തോട് അല്പം അടുപ്പം കൂടുന്നു എന്നാണല്ലോ ക്രിസ്ത്യൻ മത മേധാവികൾ തന്നെ പറഞ്ഞു കൊണ്ടിരിക്കുന്നത്

= ആരെങ്കിലും മത തീവ്രത കാട്ടുന്നു എന്ന് കരുതി ഒരു സമൂഹത്തെ ഒന്നാകെ തള്ളിമാറ്റി നിർത്താനാകുമോ ? മുസ്ലിം സമൂഹം ഒന്നാകെ മാറ്റി നിർത്തണം എന്നതൊക്കെ തീവ്രവാദികളുടെ നിലപാടാണ് . അത്തരം അഭിപ്രായം ഞങ്ങൾക്ക് ആർക്കുമില്ല .

? ഫലസ്തീൻ വിഷയം ചർച്ച ചെയ്യുമ്പോൾ തന്നെ ഒക്ടോബർ ഏഴ് അക്രമം അപലപിക്കപ്പെടെണ്ടാതല്ലേ . ഹമാസിനെ കുറിച്ചു ആരും ഒന്നും പറയുന്നില്ലല്ലോ , കേരളത്തിൽ വോട്ടിനു വേണ്ടിയാണോ രാഷ്ട്രീയ പാർട്ടികളുടെ നിലപാടുകൾ

= തെറ്റ് എവിടെ ആയാലും അപലപിക്കപ്പെടണം , തീവ്രവാദത്തെ ആരും പ്രോത്സാഹിപ്പിക്കുന്നില്ല . കേരളത്തിൽ നല്ല മൂല്യബോധമുള്ള ജനങ്ങളാണ് . അവർക്കറിയാം ആരാണ് ശരി ആരാണ് തെറ്റെന്നൊക്കെ . മണിപ്പൂർ വിഷയത്തിൽ ഞാൻ ശക്തമായ പ്രതിരോധം സൃഷ്ട്ടിച്ചു നടത്തിയ പ്രസംഗം കേട്ട് ബിജെപി നേതാവും ഗോവ ഗവർണറും ആയ ശ്രീധരന്പിള്ളയും വിളിച്ചിരുന്നു . പ്രസംഗം നന്നായി എന്നാണ് അദ്ദേഹത്തിന്റെ സംസാരത്തിൽ എനിക്ക് തോന്നിയത് .

?നിങ്ങൾ ഇടതു പക്ഷത്തു ചെന്നപ്പോൾ സിപിഐ എതിർത്തു , മുസ്ലിം ലീഗ് ഒന്നിച്ചോ പിരിഞ്ഞോ വന്നാൽ എതിർക്കുമോ

= ഒരിക്കലുമില്ല , മറിച്ചു സ്വാഗതം ചെയ്യും . ഇടതു പക്ഷത്തെ ബലപ്പെടുത്തുന്ന ഏതു നീക്കത്തിനും കേരള കോൺഗ്രസ് ഒപ്പം നില്കും . ഞങ്ങൾ വന്നപ്പോൾ ഇടതു പക്ഷം കൂടുതൽ കരുത്തരായല്ലോ . തുടർ ഭരണത്തിൽ പോലും ഞങ്ങളുടെ സാന്നിധ്യം നിർണായകമായി . വലതു പക്ഷത്തിൽ ഞങ്ങൾ ഉണ്ടായിരുന്ന അതേ ബലം തന്നെ ഇടതു പക്ഷത്തും കാട്ടാനായി . കോട്ടയം ജില്ലയിൽ 11 ബ്ലോക്കുകളും ഭൂരിഭാഗം ഗ്രാമ പഞ്ചായത്തും ഭരിക്കുന്നതും ഈ കൂട്ടുകെട്ടിന്റെ ശക്തിയാണ് . നിയമ സഭയിലും അത് തെളിഞ്ഞല്ലോ . സിപിഎം അംഗീകരിച്ചതുമാണ് . നാല് വര്ഷാമായ മുന്നണി ബന്ധമാണിപ്പോൾ . അതിന്റെ ദൃഢതയും നേതാക്കളിലും പ്രവർത്തകരിലും ഉണ്ട് .

?കോട്ടയത്ത് കേരള കോൺഗ്രെസുകൾ നേർക്ക് നേർ ഏറ്റുമുട്ടാൻ സാധ്യത കാണുന്നുണ്ടോ

സാധ്യതയുണ്ട് . അതവരുടെ സീറ്റാണല്ലോ . പരമ്പരാഗതമായി കേരള കോൺഗ്രസ് മത്സരിക്കുന്ന സീറ്റിൽ വലതു മുന്നണിയിൽ അവർക്ക് അർഹതയുണ്ട് . എന്നാൽ അവർ വരുന്നത് ഒരിക്കലും കേരള കോൺഗ്രസിന് ഭീക്ഷണിയല്ല . കോട്ടയം സീറ്റിനെ കുറിച്ച് കേരള കോൺഗ്രെസോ ഇടതു പക്ഷമോ ഭയക്കുന്നില്ല . ഞങ്ങൾ അധ്വാന വർഗ സിദ്ധാന്തം പറയുന്നവരാണ് . അതിനാൽ ആ വിഭാഗക്കാർ ഏറെയുള്ള കോട്ടയത്ത് അവരൊക്കെ ഞങ്ങളുടെ കൂടെ നിൽക്കും . ( ഇപ്പോൾ അധ്വാന വർഗമൊക്കെ കേരളത്തിൽ ഉണ്ടോ എന്ന് ഇടയ്ക്ക് കയറി ചോദിച്ചപ്പോൾ ഒട്ടും പ്രകോപിതനാകാതെ എന്താ സംശയം എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി )

? കേരളത്തിൽ നിന്നും ചെറുപ്പക്കാർ നാട് വിടുന്ന കാര്യമൊക്കെ സർക്കാരോ പാർട്ടികളോ ശ്രദ്ധിക്കുന്നുണ്ടോ

- തീർച്ചയായും . ഇതേക്കുറിച്ചു ഞങ്ങൾ പാർട്ടി തലത്തിൽ ഗൗരവമായി പലവട്ടം ചർച്ച ചെയ്തു . ഇപ്പോൾ ഇവിടെ എത്തിയപ്പോൾ കുറേക്കൂടി ആഴത്തിൽ മനസിലാക്കാനായി വിഷയത്തിന്റെ ഗൗരവം . വേണ്ട കോഴ്സുകളും കാലത്തിനു അനുസരിച്ച മാറ്റങ്ങളും ഉണ്ടായാൽ പഠിക്കാനെന്ന പേരിൽ കുട്ടികൾ നാടുവിടില്ല .കേന്ദ്ര സംസ്ഥാന സർക്കാരുകൾ യോജിച്ചു ഇക്കാര്യത്തിൽ പരിഷ്‌കാരങ്ങൾ നടപ്പാക്കണം . നമ്മുടെ യുവതലമുറ നമ്മളെ വിട്ടു പോകുന്നത് ഗുരുതര ഭവിഷ്യത് സൃഷ്ടിക്കും . ജോലിക്കും ആവശ്യമായ അന്തരീക്ഷം ഒരുക്കിയാൽ വമ്പൻ ശമ്പളം എന്ന് കേട്ട് ആരും നാടുവിടില്ല . ഇപ്പോൾ തന്നെ മുമ്പത്തേക്കാൾ എത്രയോ ആയിരം ആളുകളാണ് ഐടി രംഗത്ത് മികച്ച ജോലിയുമായി കേരളത്തിൽ ചുവട് ഉറപ്പിച്ചിരിക്കുന്നത് .

? കേരളത്തിൽ നിന്നും അനവധി ആളുകൾ വിദേശ തൊഴിൽ ചൂഷണത്തിന് ഇരയായി ആല്മഹത്യയുടെ വക്കിലാണ് . എന്തുകൊണ്ടാണ് സർക്കാർ ഇത് കണ്ടില്ലെന്നു നടിക്കുന്നത്

= ഇക്കാര്യത്തിൽ ശക്തമായ നിയന്ത്രണ നടപടിക്ക് ഞാൻ മുൻകൈ എടുക്കും , ഉറപ്പു തരുന്നു . ഇവിടെ എത്തിയപ്പോൾ അനേകരുടെ സങ്കടം കേൾക്കേണ്ടി വന്നു . അനധികൃത റിക്രൂട്‌മെന്റ് സ്ഥാപനങ്ങളും ലൈസൻസുകൾ ഇല്ലാതെ പ്രവർത്തിക്കുന്നവരും നിയമം മൂലം നിയന്ത്രിക്കപ്പെടണം . ഇപ്പോൾ അത്തരക്കാരാണ് കൂടുതൽ എന്നതും സത്യമാണ് . ഇതിനു മാറ്റമുണ്ടാക്കാൻ സാധ്യമായതൊക്കെ ചെയ്യാം

? എംപി സ്ഥാനം അവസാനിക്കാൻ ഇരിക്കെ മനസ്സിൽ ഏറ്റവും സന്തോഷം തോന്നിയ കാര്യം എന്താണ്

= ഞാൻ ഇത്തവണ പാർലിമെന്റിൽ സാമൂഹ്യ ക്ഷേമ സമിതി അംഗമാണ് . അതിലൂടെ അംഗപരിമിതി ഉള്ള 1400 കുട്ടികൾക്കായി വീൽ ചെയർ ഉൾപ്പെടെയുള്ള അവരുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്തുന്ന സഹായം ഉറപ്പാക്കാനായി . വിവിധ ക്യാമ്പുകൾ നടത്തിയാണ് അര്ഹരെ കണ്ടെത്തിയത് . കേരളത്തിൽ ഈ പദ്ധതി ആദ്യമായി നടപ്പാക്കിയത് കോട്ടയം ലോക് സഭ മണ്ഡലത്തിലാണ് . പിന്നീട് പൂർണമായി അല്ലെങ്കിലും പലയിടത്തും നടന്നു . ഏകദേശം രണ്ടര കോടി രൂപയുടെ സഹായമാണ് ചെയ്തത് . അവരുടെ മുഖങ്ങളിൽ ഉണ്ടായ പുഞ്ചിരി കാണാൻ ആയതാണ് ഈ കാലയളവിൽ ലഭിച്ച ഏറ്റവും വലിയ സന്തോഷം .