മുംബൈ: ടെലിവിഷൻ റേറ്റിങ്ങിന് ഉപയോഗിക്കുന്ന മീറ്ററുകൾ സ്ഥാപിച്ചിരുന്ന വീടുകളിൽ റിപ്പബ്ലിക് ടിവി സ്ഥിരമായി കാണുന്നതിന് പ്രതിഫലം നൽകാൻ പ്രതിമാസം ചെലവിട്ടത് 15 ലക്ഷം രൂപ. കേസിൽ അറസ്റ്റിലായ കേബിൾ ഓപ്പറേറ്റർ ആശിഷ് ചൗധരി ഇക്കാര്യം സമ്മതിച്ചതായി പൊലീസ് വെളിപ്പെടുത്തി. ടിആർപി കുംഭകോണം അന്വേഷിക്കുന്ന മുംബൈ ക്രൈംബ്രാഞ്ച് തിങ്കളാഴ്ച മജിസ്‌ട്രേറ്റ് കോടതിയെ അറിയിച്ചതാണ് ഇക്കാര്യം.

വിതരണം ചെയ്യാനുള്ള പണം ഹവാല സംഘങ്ങൾ വഴിയാണു തങ്ങളുടെ പക്കലെത്തിയിരുന്നതെന്നും അന്വേഷണ സംഘത്തിനു വിവരം ലഭിച്ചു. ആശിഷ് ചൗധരി കേസിൽ സാക്ഷിയാകാൻ സന്നദ്ധത പ്രകടിപ്പിച്ചതായും പൊലീസ് കോടതിയെ അറിയിച്ചു. ക്രിസ്റ്റൽ ബ്രോഡ്കാസ്റ്റിന്റെ ഉടമയായ ആശിഷ് ചൗധരി, ഹവാല ഓപ്പറേറ്റർമാരിൽ നിന്ന് തനിക്ക് പണം ലഭിച്ചതായും അവകാശപ്പെട്ടു. മാക്സ് മീഡിയ എന്ന മാർക്കറ്റിങ് സ്ഥാപനം നടത്തുന്ന അഭിഷേക് കൊളവാഡെക്കൊപ്പം ചൗധരിയുടെ റിമാൻഡ് തേടി കോടതിയിൽ സമർപ്പിച്ച അപേക്ഷയിലാണ് പൊലീസ് ഇക്കാര്യം വെളിപ്പെടുത്തിയത്. കൊളവാഡെയുടെ ചോദ്യം ചെയ്യലിനിടെ ഒക്ടോബർ 28 നാണ് ചൗധരി അറസ്റ്റിലായത്.

ചൗധരിയിൽ നിന്ന് കൊളവാഡെക്ക് പ്രതിമാസം 15 ലക്ഷം രൂപ ലഭിക്കുന്നുണ്ടെന്ന് റിമാൻഡ് അപേക്ഷയിൽ പറയുന്നു. അന്വേഷണം പുരോഗമിക്കുകയാണെന്ന് പറഞ്ഞ് ഹവാല ഇടപാടുകൾ വിശദീകരിക്കാൻ പൊലീസ് വിസമ്മതിച്ചു. രാംജി വർമ്മ, ദിനേശ് വിശ്വകർമ, ഉമേഷ് മിശ്ര എന്നിവർക്ക് ലഭിച്ച പണം വിതരണം ചെയ്തതായി കൊളവാഡെ സമ്മതിച്ചിട്ടുണ്ട്. അവർ പണം നൽകിയ വീടുകളിൽ ബാർ-മീറ്റർ സ്ഥാപിക്കുകയും അവരുടെ ടിവി സെറ്റുകൾ റിപ്പബ്ലിക് ടിവി എല്ലാ സമയവും കാണുന്നതിനായി ട്യൂൺചെയ്ത് വെക്കുകയും ചെയ്തു.

2017 നും 2020 ജൂലൈയ്ക്കും ഇടയിൽ വോ മ്യൂസിക് ചാനലിലെയും റിപ്പബ്ലിക് ഭാരത് ഹിന്ദി ന്യൂസ് ചാനലിലെയും ഉദ്യോഗസ്ഥരിൽ നിന്ന് കൊളവാഡെ പണം സ്വീകരിച്ചതായി അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ടെന്നും അപേക്ഷയിൽ പറയുന്നു. കോടതി ചൗധരിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. കൊളവാഡെയുടെ പൊലീസ് കസ്റ്റഡി നവംബർ 5 വരെ നീട്ടി.

ടിആർപി റേറ്റിങ്ങുമായി ബന്ധപ്പെട്ട് റിപ്പബ്ലിക് ടി.വി. ഫാക്ട് മറാത്തി, ബോക്‌സ് സിനിമ എന്നീ മൂന്നു ചാനലുകൾക്കെതിരെയാണ് അന്വേഷണം. മറ്റ് രണ്ട് ചാനലുകളുടെ ഉടമകളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. റേറ്റിങ് കൂട്ടാനായി കൃത്രിമം നടത്തിയെന്നും ഇവയ്ക്ക് അനധികൃത പരസ്യഫണ്ട് ലഭിച്ചതായും മുംബൈ പൊലീസ് മേധാവി പരംബീർ സിങ് വ്യക്തമാക്കിയിരുന്നു.ഒരു പ്രത്യേക ചാനൽ എത്രയാളുകൾ കാണുന്നു എന്ന് കണക്കാക്കുകയാണ് ടി.ആർ.പിയിലൂടെ ചെയ്യുന്നത്. ബ്രോഡ്കാസ്റ്റ് ഓഡിയൻസ് റിസർച്ച് കൗൺസിൽ ആണ് ഇന്ത്യയിൽ ചാനലുകളുടെ ടി.ആർ.പി. കണക്കാക്കുന്നത്. ഇതിനായി ബാർക് മീറ്റർ എന്ന ഉപകരണമാണ് ഉപയോഗിക്കാറ്.

ടി.ആർ.പി. കണക്കാക്കാൻ മുപ്പതിനായിരത്തിൽ അധികം ബാർക് മീറ്ററുകൾ ആണ് രാജ്യത്താകെ സ്ഥാപിച്ചിട്ടുള്ളത്. ഇതിൽ രണ്ടായിരത്തോളം ബാർക് മീറ്ററുകൾ മുംബൈയിലാണ് സ്ഥാപിച്ചിരിക്കുന്നത്. സാധാരണയായി ബാർക് മീറ്ററുകൾ സ്ഥാപിക്കുന്ന പ്രദേശം രഹസ്യമായി സൂക്ഷിക്കുകയാണ് ചെയ്യുന്നത്. ബാർക് മീറ്ററുകൾ സ്ഥാപിക്കുകയും അറ്റകുറ്റപ്പണികൾ ചെയ്യുന്നതും ഹൻസ എന്ന ഏജൻസിയാണ്. എവിടെയൊക്കെയാണ് ബാർക് മീറ്ററുകൾ സ്ഥാപിച്ചിരിക്കുന്നതെന്ന് ഹൻസയുടെ ചില മുൻജീവനക്കാർ ചാനലുകളോട് വെളിപ്പെടുത്തിയതായി അന്വേഷണത്തിൽ വ്യക്തമായിരുന്നു. ബാർക് മീറ്ററുകൾ സ്ഥാപിച്ചിരിക്കുന്നിടത്തെ വീട്ടുകാർക്ക് തങ്ങളുടെ ചാനലുകൾ കാണാൻ ആരോപണ വിധേയരായ സ്ഥാപനങ്ങൾ പണം നൽകിയിരുന്നെന്നുമായിരുന്നു മുബൈ പൊലീസിന്റെ കണ്ടെത്തൽ.