കൊച്ചി: നടിയെ ആക്രമിച്ച കേസിന് പിന്നാലെ പിടികൂടിയ വിവാദങ്ങളുടെ പരമ്പര മലയാളി സിനിമയിൽ തുടരുകയാണ്. ഏറ്റവുമൊടുവിൽ ഒരു മർദ്ദനക്കേസാണ് വിവാദങ്ങളിൽ ഇടം പിടിക്കുന്നത്. ചില നല്ല കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസിൽ സ്ഥാനം പിടിച്ച പുതുമുഖ താരം സൗബിൻ സാഹിറിനെതിരെയാണ് കയ്യേറ്റത്തിനു കേസ് വന്നിരിക്കുന്നത്. കൊച്ചി തേവരയിലെ ചാക്കോളാസ് ഫ്ളാറ്റിന് മുന്നിൽ സൗബിൻ കാർ പാർക്ക് ചെയ്യാൻ ശ്രമിച്ചതിനെ തുടർന്നാണ് വാക്കേറ്റവും കയ്യാങ്കളിയും വന്നത്.

തെറ്റായ സ്ഥലത്ത് കാർ പാർക്കിംഗിന് ശ്രമിച്ച സൗബിനോട് കാർ മാറ്റിയിടാൻ സെക്യൂരിറ്റി ജീവനക്കാരൻ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ സൗബിൻ ഈ ആവശ്യത്തിന് വഴങ്ങിയില്ല. മാത്രമല്ല സെക്യൂരിറ്റിയെ കയ്യേറ്റം ചെയ്യുകയും ചെയ്തു. മർദനമേറ്റ സെക്യൂരിറ്റി ജീവനക്കാരൻ കൊച്ചി സൗത്ത് പൊലീസിൽ പരാതി നൽകുകയായിരുന്നു. പരാതി പരിശോധിച്ച പൊലീസ് സംഭവം ബോധ്യമായശേഷം സൗബിനെതിരെ കേസ് ചാർജ് ചെയ്യുകയായിരുന്നു. എഫ്‌ഐആർ ഇട്ടശേഷം സൗബിനെ അറസ്റ്റ് ചെയ്തു. അതിനു ശേഷം ജാമ്യത്തിൽ ഇറങ്ങുകയും ചെയ്തു.

കേസ് ഇനി കോടതിയുടെ മുമ്പിലാണെന്ന് കൊച്ചി സൗത്ത് എസ്‌ഐ വിനോജ് മറുനാടൻ മലയാളിയോട് പറഞ്ഞു. സെക്യൂരിറ്റിയെ മർദ്ദിച്ച കേസ് മാതമേയുള്ളൂ. സെക്യൂരിറ്റിക്കെതിരെ സൗബിൻ പരാതി നൽകിയിട്ടില്ലെന്നും എസ് ഐ പറഞ്ഞു. പറഞ്ഞു തീർക്കാവുന്ന ഒരു സംഭവമാണ് താരജാഡയുടെ പേരിൽ സൗബിന് വിനയായത്. താരമാണെന്നു മനസ്സിലാക്കിയിട്ടും പരാതി നൽകാൻ സെക്യൂരിറ്റി തയ്യാറായതിനാലാണ് ഈ കേസിൽ സൗബിൻ പെട്ടത്. മലയാള നടന്മാരുടെ മറ്റൊരു മുഖമാണ് ഈ അടിപിടി കേസിൽ തെളിയുന്നത്.

സൗബിന്റെ ഈ കേസ് മുഖ്യധാരയിൽ ഉള്ളപ്പോൾ തന്നെയാണ് കൊച്ചി നോർത്ത് സ്റ്റേഷനിൽ ഒരു പ്രമുഖ നടി നിർമ്മാതാവിനെതിരെ ലൈംഗിക പീഡനക്കേസിൽ പരാതി നൽകിയിരിക്കുന്നത്. നടി പീഡിപ്പിക്കപ്പെട്ട കേസിൽ ആരോപണ വിധേയനായ നടനുമായി അടുപ്പം പുലർത്തുന്ന പ്രമുഖ നിർമ്മാതാവിന് നേരെയാണ് ലൈംഗിക പീഡന പരാതി ഉയരുന്നത്. ഒട്ടുവളരെ സിനിമകൾ നിർമ്മിച്ച മലയാള സിനിമയിലെ കരുത്തനാണ് പ്രതി സ്ഥാനത്തുള്ള നിർമ്മാതാവ്. ഈ പരാതിയിൽ ഒത്തുതീർപ്പിനുള്ള ശ്രമങ്ങൾ സജീവമായി നടക്കുന്നുണ്ട് എന്നാണ് അറിയാൻ കഴിഞ്ഞത്. നടി പരാതി നൽകിയ ഈ കേസിന്റെ കാര്യം ഇപ്പോൾ, മലയാള സിനിമയിൽ പുകയുകയാണ്. പക്ഷെ ഈ കേസിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടില്ല. അതിനാൽ ഒത്തുതീർപ്പ് ശ്രമങ്ങൾ തകൃതിയായി നടക്കുകയാണ്.